photo

നെടുമങ്ങാട്: അലഞ്ഞു തിരിയുന്ന തെരുവ് നായ്ക്കളെ പേടിച്ച് വീടിന് പുറത്തിറങ്ങാനാവാതെ പുലിപ്പാറ നിവാസികൾ. പൊതുനിരത്തിൽ തളംകെട്ടിയ കക്കൂസ് മാലിന്യം മറികടന്ന് നിത്യവും സഞ്ചരിക്കേണ്ട ദുർഗതിയിൽ അയണിക്കാട് നിവാസികളും. നഗരസഭാ പരിധിയിലെ പുലിപ്പാറ ഇൻഡോർ സ്റ്റേഡിയത്തിനും തമ്പുരാൻ പാറയ്ക്കും ഇടയ്ക്കുള്ള പ്രദേശത്താണ് തെരുവ് നായ്ക്കളുടെ വിഹാരം. വഴിനടക്കാനോ വീടുകളുടെ വാതിൽ തുറന്നിടാനോ കഴിയാത്ത നിലയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതായി നാട്ടുകാർ പരാതിപ്പെടുന്നു. കഴിഞ്ഞ ദിവസം ഒരു വീട്ടിൽ കയറിയ തെരുവ് നായ ഗൃഹനാഥനേയും ഭാര്യയേയും കടിച്ചു പരിക്കേല്പിച്ചു. ചന്തവിള കുന്നുംപുറത്തു വീട്ടിൽ ഓട്ടോഡ്രൈവർ സുദർശനനും ഭാര്യ വത്സലയ്ക്കുമാണ് കടിയേറ്റത്. വത്സലയുടെ നേരെ ചാടി വീണ തെരുവ് നായ നെഞ്ചിലും കാലിലും കടിച്ചു. സുദർശനന് കാലിലാണ് കടിയേറ്റത്. പേയിളകിയ നയയാണെന്ന് സംശയമുണ്ട്. സമീപ വാസികൾ പുറത്തിറങ്ങാതെ കതകടച്ച് വീട്ടിൽ തന്നെ കഴിച്ചു കൂട്ടുകയായിരുന്നു. സുദർശനനും ഭാര്യയും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി പേവിഷ ബാധയ്ക്കെതിരെ കുത്തിവയ്പ് എടുത്തു. മൂന്ന് ആഴ്ച്ചയായി പ്രദേശത്ത് വഴിയാത്രക്കാർ അടക്കം നിരവധി പേർക്ക് പട്ടികളുടെ ആക്രമണത്തിൽ പരിക്കേറ്റു. രാത്രിയിൽ വാഹനങ്ങളിൽ നായ്ക്കളെ ഇവിടെ കൊണ്ടു വിട്ടതാണെന്ന് സംശയമുണ്ട്.

കരകുളം പാലത്തിൽ നിന്നും ഗ്രാമീണപഠന കേന്ദ്രത്തിലേയ്ക്കു പോകുന്ന റോഡിലാണ് കക്കൂസ് മാലിന്യം കെട്ടിക്കിടക്കുന്നത്. അയണിക്കാട്ടേയ്ക്ക് ഇറങ്ങാവുന്ന റോഡാണിത്. മാസങ്ങളായി സെപ്ടിക് മാലിന്യം പൊട്ടി റോഡിലേയ്ക്ക് ഒഴുകി വരുന്നതിനാൽ പരിസരവാസികൾ കരകുളം ഗ്രാമപഞ്ചായത്തിൽ പരാതി നല്കി. തുടർന്ന് ആരോഗ്യ വകുപ്പ് ജീവനക്കാർ സ്ഥലം സന്ദർശിച്ച് പരിശോധനകൾ പൂർത്തിയാക്കി മടങ്ങിയെങ്കിലും നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആക്ഷേപം.

കരകുളം ഗ്രാമീണ പഠന കേന്ദ്രവും സ്ഥതിചെയ്യുന്നിടത്താണ് മാലിന്യം കെട്ടിക്കിടക്കുന്നത്. കെട്ടികിടക്കുന്ന മാലിന്യത്തിൽ ചവിട്ടിക്കൊണ്ടേ ഇതുവഴി പോകാനാവു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വഴിയാത്രക്കാർക്കും സമീപവാസികൾക്കും ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിൽ നിന്നും പരിശീലനാർത്ഥം പഠന കേന്ദ്രത്തിൽ വരുന്നവരും സാംക്രമിക രോഗങ്ങ ഭീതിയിലാണ്. പകർച്ച വ്യാധികൾ മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിയ്ക്കാനുള്ള സാദ്ധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. ആരോഗ്യ വകുപ്പ് ഇടപെട്ട് സത്വരനടപടി സ്വീകരിക്കണമെന്നാണ് തദ്ദേശവാസികൾ ആവശ്യപ്പെടുന്നത്.