നെടുമങ്ങാട് : വനിതാ ബ്ലോക്ക് മെമ്പറെ നടുറോഡിൽ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിത കുമാരിയുടെ പരാതിയിൽ ആനാട് സ്വദേശിയും കൺസ്ട്രക്ഷൻ ഏജൻസി നടത്തിപ്പുകാരനുമായ ജലീലിനെതിരെയാണ് കേസെടുത്തത്.മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറിയുമായ സുനിതകുമാരിയും ആനാട് സ്വദേശിയായ ഡി.സി.സി ജനറൽ സെക്രട്ടറിയും തമ്മിൽ പാർട്ടി യോഗത്തിൽ വാക്കു തർക്കമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്തംഗം കൂടിയായ ഡി.സി.സി ഭാരവാഹിക്കെതിരെ സുനിതകുമാരി കെ.പി.സി.സിക്കും വനിതാ കമ്മിഷനിലും പരാതി സമർപ്പിച്ചു.ഈ പരാതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 4 ന് ചുള്ളിമാനൂർ സ്കൂളിനു സമീപത്തുവച്ച് ജലീൽ ബ്ലോക്ക് മെമ്പറെ റോഡിൽ തടഞ്ഞ് കടന്നുപിടിക്കുകയും ചീത്ത പറയുകയും ചെയ്തെന്നാണ് പരാതി.കേസെടുത്തിട്ടും പ്രതിയെ പിടികൂടാത്തത് രാഷ്ട്രീയ ഇടപെടൽ മൂലമാണെന്ന് മുൻ ഡി.സി.സി പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ നെടുമങ്ങാട് റസ്റ്റ് ഹൌസിൽ ചേർന്ന ഐ ഗ്രൂപ്പ് യോഗം ആരോപിച്ചു. എന്നാൽ ജലീലിനെതിരെ സ്ത്രീസുരക്ഷാ വകുപ്പ് ചേർത്ത് കേസ് എടുത്തിട്ടുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും എസ്.ഐ സുനിൽഗോപി പറഞ്ഞു.ഇതിനിടെ സുനിതകുമാരിയുടെ പരാതിയിൽ എതിർകക്ഷിയായ ജില്ലാപഞ്ചായത്തംഗം ആനാട് ജയൻ ഹാജരാവണമെന്ന് വനിതാകമ്മിഷൻ നിർദേശിച്ചു.നെടുമങ്ങാട് പൊലീസിനോട് വിശദീകരണവും തേടി.