കുഴിത്തുറ: കളിയിക്കാവിള ചെക്ക് പോസ്റ്റിൽ ബുധനാഴ്ച രാത്രി എ.എസ്.ഐ വിൽസനെ വെടിവച്ച് കൊന്ന സംഭവമറിഞ്ഞതിന്റെ ഞെട്ടലിലാണ് കളിയിക്കാവിളയും മാത്താണ്ഡവും പരിസരപ്രദേശങ്ങളും. കേട്ടുകേഴ് വി മാത്രമുളള തീവ്രവാദി ആക്രമണം തങ്ങളുടെ പ്രദേശത്ത് നടന്നതിന്റെ ഭീതിയിലാണ് നാട്ടുകാർ.
വെടിയേറ്റ് മരിച്ച എ.എസ്.ഐ വിൽസന്റെ മൃതദേഹം ആശാരിപ്പള്ളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് നാല് മണിയോടെ മാർത്താണ്ഡത്തുള്ള വിൽസന്റെ വീട്ടിലെത്തിച്ചു.ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനാഥ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് നിന്ന് വിത്സന്റെ ശവമഞ്ജം റോഡിൽ നിന്ന് ചുമന്ന് വീട്ടിൽ എത്തിച്ചത്.
ആദരാഞ്ജലിയർപ്പിക്കാൻ നൂറ് കണക്കിനാളുകൾ എത്തിയിരുന്നു. അവിടെ നിന്ന് വിലാപയാത്രയായി കൊണ്ടു പോയ മൃതദേഹം മാർത്താണ്ഡം സി.എസ്.ഐ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. തമിഴ്നാട് പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകി.
തമിഴ്നാട് ഡി.ജി.പി ഐ. ജി ഷണ്മുഖ രാജശേഖരൻ, ഡി.ഐ.ജി പ്രവീൺകുമാർ അഭിനവ്,ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനാഥ്,തക്കല എസ്.പി രാമചന്ദ്രൻ, കുളച്ചൽ എ.എസ്.പി വിശ്വ ശാസ്ത്രി , കന്യാകുമാരി എം. പി വസന്തകുമാർ, കിള്ളിയൂർ എം.എൽ.എ രാജേഷ് കുമാർ തുടങ്ങിയവർ ആദരാ ഞ്ജലി അർപ്പിച്ചു.
ദുരന്തം വിരമിക്കാൻ ഒന്നരവർഷം ശേഷിക്കെ
ജോലിയിൽ നിന്ന് വിരമിക്കാൻ 15 മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് എ.എസ്.ഐവിൽസൺ ചെക്ക് പോസ്റ്റിൽ വെടിയേറ്റ് മരിച്ചത്. മാർത്താണ്ഡം പരിത്തിവിളയിൽ യേശുദാസിന്റെ മകനാണ് . ഏഞ്ചൽ മേരിയാണ് ഭാര്യ. മൂത്തമകൾ റെനീജ വിവാഹിതയാണ് . ബുദ്ധി സ്ഥിരതയില്ലാത്ത ഇളയമകൾ വിനീതയെ രാവിലെ ബൈക്കിൽ സ്‌കൂളിൽ കൊണ്ട് പോകുന്നതും തിരികെ കൂട്ടികൊണ്ട് വരുന്നതും വിൽസനായിരുന്നു. വിൽസൺ തമിഴ്നാട് പൊലീസിൽ സ്‌പോർട്സ് ക്വാട്ടയിൽ
പ്രവേശനം നേടിയ വിൽസന് മുപ്പത് വർഷത്തോളം സർവീസുണ്ട് . രണ്ട് വർഷം മുമ്പ് പ്രൊമോഷനെ തുടർന്ന് കളിയിക്കാവിള പൊലീസ് സ്റ്റേഷനിൽ സ്‌പെഷ്യൽ എസ്.ഐയായി . കഴിഞ്ഞ നവംബറിൽ മാർത്താണ്ഡത്ത് ബൈക്കപകടത്തിൽ തലക്ക് പരിക്കേറ്റ വിൽസൻ 15 ദിവസത്തോളം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം ഒന്നിനാണ് വീണ്ടും ജോലിക്കെത്തിയത്. എ.എസ്.ഐ വിത്സന്റെ കുടുംബത്തിന് സഹായം നൽകണമെന്നാവശ്യപ്പെട്ട് മാർത്താണ്ഡത്ത് ദേശിയ പാത കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. കിള്ളിയൂർ എം.എൽ.എ രാജേഷ് കുമാർ നേതൃത്വം നൽകി.
വിൽസന്റെ
ആശ്രിതയ്ക്ക് ജോലി
വെടിയേറ്റ് മരിച്ച വിൽസന്റെ കുടുംബത്തിന് സാമ്പത്തിക സഹായവും ആശ്രിതയ്ക്ക് ജോലിയും നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.