വെഞ്ഞാറമൂട്: വാമനപുരം പാടത്തേക്ക് പോകുന്ന നടപ്പാതയിൽ കക്കൂസ് മാലിന്യം ഒഴുക്കിയ നിലയിൽ. ഇന്നലെ രാവിലെയാണ് നാട്ടുകാർ ഇത് കണ്ടത്. രാത്രി കാലത്ത് വാഹനങ്ങളിൽ കൊണ്ടുവരുന്ന കക്കൂസ് മാലിന്യം പ്രദേശത്തെ പാടങ്ങളിൽ ഒഴുക്കിവിടുന്നത് പതിവായിരിക്കുകയാണ്. വാമനപുരം ഗ്രാമപഞ്ചായത്തിൽ ഇത് സംബന്ധിച്ച് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്ത് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച കാമറകൾ പ്രവർത്തനരഹിതമായിട്ട് മാസങ്ങളായെന്നും കാമറകൾ പ്രവർത്തിച്ചിരുന്നപ്പോൾ ഇവിടെ ഈ രീതിയിലുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ഒന്നുമില്ലായിരുന്നെന്നും നാട്ടുകാർ പറയുന്നു. കാമറകളുടെ പ്രവർത്തനം അടിയന്തരമായി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.