ആറ്റിങ്ങൽ: നിലവിൽ കൊച്ചുവേളി വരെ മാത്രമുണ്ടായിരുന്ന നാഗർകോവിൽ തിരുവനന്തപുരം പാസഞ്ചർ ട്രെയിൻ കൊല്ലം വരെ നീട്ടി. വർക്കല, കടയ്ക്കാവൂർ, ചിറയിൻകീഴ് എന്നിവിടങ്ങളിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു. മേയ് ഒന്നു മുതൽ ഇത് നിലവിൽ വരും.
പുതുക്കിയ സമയ ക്രമം അനുസരിച്ച് രാവിലെ 6.30 ന് നാഗർകോവിലിൽ നിന്ന് യാത്ര ആരംഭിച്ച് 9.06ന് ചിറയിൻകീഴും 9.11 ന് കടയ്ക്കാവൂരിലും 9.22 ന് വർക്കലയിലും എത്തുന്ന ട്രെയിൻ 10.20 ന് കൊല്ലത്ത് എത്തിച്ചേരും. ഉച്ചയ്ക്ക് ശേഷം 3.20 ന് കൊല്ലത്ത് നിന്ന് മടക്കയാത്ര ആരംഭിച്ച് 3.45 ന് വർക്കലയിലും 3.56 ന് കടയ്ക്കാവൂരിലും 4.02 ന് ചിറയിൻകീഴിലും എത്തും. രാത്രി 7.15ന് നാഗർകോവിലിൽ മടങ്ങിയെത്തും. ട്രെയിൻ നിറുത്തുന്ന കാര്യം തിരുവനന്തപുരത്ത് ചേർന്ന എം.പിമാരുടെയും റെയിൽവേ അധികൃതരുടെയും ഉന്നത തല യോഗത്തിൽ ആറ്രിങ്ങൽ എം.പി അടൂർ പ്രകാശ് ഉന്നയിച്ചിരുന്നു. ഡിസംബറിൽ കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രിക്കും റയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവിനും നിവേദനം സമർപ്പിച്ചിരുന്നു.