വിതുര: കളിയിക്കാവിള ചെക്ക് പോസ്റ്റിൽ ബുധനാഴ്ച രാത്രി എ.എസ്.ഐയെ വെടി വച്ചു കൊന്ന സംഭവത്തിൽ തീവ്രവാദബന്ധം ആരോപിക്കപ്പെടുന്ന പ്രതികളുടെ സഹായികൾക്കായി തിരുവനന്തപുരം ജില്ലയിലെ വിതുരയിലും പൂന്തുറയിലും മണക്കാട്ടും ഇന്നലെ പൊലീസ് തെരച്ചിൽ നടത്തി. തീവ്രവാദ കേസുകളുമായി മുമ്പ് ബന്ധപ്പെട്ടിരുന്ന ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് കളിയിക്കാവിള സ്വദേശി സെയ്ദലിയുടെ വീട്ടിലും കടയിലും സർക്കിൽ ഇൻസ്പെക്ടർ തങ്കരാജിന്റെ നേതൃത്വത്തിലുള്ള തമിഴ്നാട് പൊലീസ് സംഘവും ഇന്നലെ തെരച്ചിൽ നടത്തി. സെയ്ദലി വിവാഹം കഴിച്ചിരിക്കുന്നത് തൊളിക്കോട്ട് നിന്നാണ്. വിതുര പഞ്ചായത്തിലെ മേമലയിൽ വാടക വീട്ടിലാണ് താമസം. ഒരു മാസം മുമ്പ് വിതുര കലുങ്ക് ജംഗ്ഷനിൽ ഇന്റർനെറ്റ് കഫേ നടത്താൻ ഇയാൾ കട വാടകയ്ക്ക് എടുത്തിരുന്നു. ഇൗ കഫേ കൃത്യമായി തുറക്കാറില്ല. കൊലപാതകം നടന്ന ദിവസം സെയ്ദലി വിതുരയിലെ ഷോപ്പ് തുറന്നില്ലെന്ന് പൊലീസ് കണ്ടെത്തി. സംഭവ ദിവസം കളിയിക്കാവിളയിലുണ്ടായിരുന്ന സെയ്ദലി കൊല നടത്തിയ ശേഷം എത്തിയ പ്രതികളെ വാഹനത്തിൽ കയറ്റി രക്ഷപ്പെടുത്തിയെന്നാണ് തമിഴ്നാട് പൊലീസിന് ലഭിച്ച വിവരം. സംഭവത്തിന് ശേഷവും സെയ്ദലി വിതുരയിൽ എത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സെയ്ദലി നടത്തിയിരുന്ന കട തുറന്ന് പൊലീസ് പരിശോധിച്ചു. വാടക വീട്ടിലുമെത്തി. ബുധനാഴ്ച രാവിലെ സെയ്ദലി വിതുരയിലുണ്ടായിരുന്നതായി വിവരം ലഭിച്ചു. എ.എസ്.എെയെ വെടി വച്ചു കൊന്നശേഷം പ്രതികൾ വിതുരയിൽ എത്തിയിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.