തിരുവനന്തപുരം: ബീമാപള്ളി ദർഗാഷെരീഫിലെ ഉറൂസ് പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്നതിന് ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. 27ന് കൊടിയേറുന്ന ബീമാപള്ളി ദർഗാഷെരീഫിലെ ഉറൂസിന് മുൻ വർഷങ്ങളേക്കാൾ മികച്ച സൗകര്യം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സുരക്ഷ കർശനമാക്കുന്നതിനായി ഡെപ്യൂട്ടി തഹസിൽദാർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൺട്രോൾ ഓഫീസറായി ചുമതലപ്പെടുത്താനും കൂടുതൽ പൊലീസിനെ വിന്യസിക്കുവാനും മന്ത്രി നിർദ്ദേശം നൽകി. സാമൂഹ്യവിരുദ്ധരുടെ ശല്യവും അതിക്രമങ്ങളും ഒഴിവാക്കാൻ ഷാഡോ പൊലീസിനെ നിയോഗിക്കും. ഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളിൽ പൊലീസ് സേനയെ വിന്യസിക്കും. 27 മുതൽ ഫെബ്രുവരി 6 വരെ ആരോഗ്യവകുപ്പിന്റെ പ്രത്യേക സംവിധാനം ഉത്സവമേഖലയിൽ ഉണ്ടാവും. ഉത്സവ മേഖല ഉൾപ്പെടുന്ന ശ്രീവരാഹം, പൂന്തുറ സെക്ഷനുകളിൽ 15 നകം അറ്റകുറ്റപ്പണി തീർക്കണമെന്ന് കെ.എസ്.ഇ.ബിക്ക് നിർദേശം നൽകി. കളക്ടർ, നഗരസഭാ സെക്രട്ടറി, പൊലീസ്, കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, മഹല്ല് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.