വിഴിഞ്ഞം : വീട്ടിൽ ആക്രമണം നടത്തിയയാളെ സംരക്ഷികുകയും ആക്രമണത്തിന് ഇരയായവരെ കള്ളക്കേസിൽ കുടുക്കി റിമാൻഡ് ചെയ്തതായും പരാതി. അടിമലത്തുറ അമ്പലത്തുമൂല സ്വദേശി ജലാസ്റ്റിൻ ലോപ്പസ്, മൂത്തമകൻ ജോഷി, ഇളയമകൻ ജോബിൻ എന്നിവർക്കെതിരെയാണ് വിഴിഞ്ഞം പൊലീസ് വധശ്രമത്തിന് കേസെടുത്തത്. ആക്രമണത്തിൽ പരിക്കേറ്റ ജലാസ്റ്റിൻ ലോപ്പസ് ചികിത്സയിലാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. ജലാസ്റ്റിൻ ലേപ്പസ് അമ്പലത്തുമൂലയിലെ തന്റെ വീട്ടിലിരിക്കെ മതിൽ ചാടിക്കടന്നെത്തിയ പ്രദേശവാസിയായ ക്രിസ്തുദാസ് വീട്ടിൽ പ്രവേശിക്കുകയും കൊല്ലുമെന്നും പറഞ്ഞ് മർദ്ദിക്കുകയായിരുന്നു. ഭാര്യ ജർമലിയുടെ നിലവിളികേട്ടെത്തിയ ജോഷിയും ജോബിനും അക്രമിയെ പിടിച്ചു മാറ്റാൻ ശ്രമിച്ചു. ഇവരെയും ക്രിസ്തുദാസ് മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വിഴിഞ്ഞം പൊലീസ് ജലാസ്റ്റിന്റ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മർദ്ദനത്തെ തുടർന്ന് രക്തസമ്മർദ്ദം കൂടിയതോടെ ജലാസ്റ്റിനെ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. ജോഷിയെയും ജോബിനെയും സ്റ്റേഷനിലെത്തിച്ചശേഷം ഉച്ചയോടെ വട്ടയക്കാം എന്നുപറഞ്ഞെങ്കിലും സന്ധ്യയോടെ മൂന്ന് പേർക്കുമെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി മക്കളെ റിമാൻഡ് ചെയ്തതെന്നും ജർമലി ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറയുന്നു.