police-officer-death
police officer death

കുടുംബാംഗങ്ങളെ ആക്രമിച്ചതിനു പ്രതികാരം
കൊലയ്ക്കുപിന്നിൽ 11 പേർ,​ 9 പേർ രക്ഷപ്പെട്ടു

തിരുവനന്തപുരം:കേരള - തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ എ.എസ്.ഐ വിൽസണെ വെടിവച്ചുകൊന്നത് ഭീകരാക്രമണമാണെന്ന് തമിഴ്നാട് പൊലീസ് സ്ഥിരീകരിച്ചു.

കന്യാകുമാരി, തിരുവിതാംകോട്, അടുപ്പ് വിളി സ്ട്രീറ്റ്,1/183A യിൽ അബൂ ഹനീഫയുടെ മകൻ അബ്ദുൽ ഷെമീം (25), മുഹമ്മദ്‌ യൂസഫിന്റെ മകൻ തൗഫീഖ് (27) എന്നിവരാണ് കൊല നടത്തിയതെന്ന് സംശയിക്കുന്നു. ഷമീം 2014ൽ ചെന്നൈയിൽ ഹിന്ദുമുന്നണി ഒാഫീസ് ആക്രമിച്ച് ഒരാളെ കൊന്ന കേസിലും തൗഫീഖ് കന്യാകുമാരിയിലെ ബി.ജെ.പി നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്. ഇരുവർക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തെക്കൻ തമിഴ്നാട്ടിലെ ഭീകര പ്രവർത്തനങ്ങളിലും ഇവർക്ക് മുഖ്യപങ്കുള്ളതായി സൂചനയുണ്ട്. ഇവരടക്കം നാല് പേർ ആക്രമണത്തിന് പദ്ധതിയിടുന്നതായും ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും തമിഴ്നാട് ഇന്റലിജൻസ് രണ്ടാഴ്ചമുമ്പ് റിപ്പോർട്ട് നൽകിയിരുന്നു. ഇവർക്ക് ഭീകര വർഗീയ സംഘടനാബന്ധവും പൊലീസ് സംശയിക്കുന്നു.

കേസ് അന്വേഷണത്തിനിടെ തമിഴ്നാട് പൊലീസ് നിരന്തരം ഇവരുടെ വീടുകളിൽ പരിശോധന നടത്തി കുടുംബാംഗങ്ങളെ ഉപദ്രവിച്ചതിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ഇവരുടെ സഹോദരിമാരെ പിടിച്ചുതള്ളിയെന്നും കൈയിൽ കയറിപ്പിടിച്ചെന്നും ആരോപണമുണ്ട്.

മറ്റ് ഒമ്പത് പേർ കൂടി ആക്രമണത്തിന് പിന്നിലുണ്ട്. പലവഴിക്ക് രക്ഷപ്പെട്ട ഇവർക്കായി തമിഴ്നാട് ക്യൂ ബ്രാഞ്ചും ക്രൈംബ്രാഞ്ചും തമിഴ്നാട് പൊലീസിന്റെ മൂന്ന് സംഘങ്ങളും അന്വേഷണം നടത്തുന്നുണ്ട്.

പ്രതികൾ കേരളത്തിലേക്ക്

കൊലയ്ക്കുശേഷം തൗഫീഖും ഷെമീമും കേരളത്തിലേക്ക് കടന്നുവെന്ന സംശയത്തെ തുടർന്ന് തിരുവനന്തപുരം,​ കൊല്ലം,​ എറണാകുളം ജില്ലകളിൽ കർശന ജാഗ്രതാ നിർദ്ദേശം നൽകി. മറ്റ് ജില്ലകളിലും പരിശോധനയുണ്ട്. സ്ഥലത്തെ കുറിച്ച് വ്യക്തമായി പഠിച്ചാണ് പ്രതികൾ കൊല നടത്തിയത്. തുടർന്ന് ഓടിരക്ഷപ്പെട്ട പ്രതികൾ ഒരു കിലോമീറ്റർ വാഹനത്തിൽ സഞ്ചരിച്ചിട്ടില്ലെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ടി.എൻ 57 എ.ഡബ്ല്യു 1559 എന്ന സ്‌കോർപ്പിയോ കാറിലാണ് ഇവർ

എത്തിയതെന്നാണ് നിഗമനം. കാമറ ഇല്ലാത്ത സ്ഥലത്ത് വാഹനം പാർക്ക് ചെയ്ത ശേഷം ചെക്ക്പോസ്റ്റിൽ എത്തിയെന്നാണ് കരുതുന്നത്. ​പ്രതികൾക്കായി റെയിൽ​വേ സ്റ്റേഷനുകളിലും കർശന പരിശോധനയുണ്ട്. സി.സി ടി.വി ദൃശ്യങ്ങളും നിരീക്ഷിക്കുന്നുണ്ട്.

തമിഴ്നാട് ഡി.ജി.പി കേരളത്തിലെത്തി

തമിഴ്നാട് ഡി.ജി.പി ജെ. കെ. ത്രിപാഠി​ കേരള ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുമായി കൂടിക്കാഴ്ച നടത്തി. എ.ഡി.ജി.പി ഷേക്ക് ദർവേഷ് സാഹിബും പങ്കെടുത്തു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തിരുനൽവേലിയിലെ സ്വർണക്കവർച്ച കേസിൽ ഉൾപ്പെട്ട മണക്കാട് സ്വദേശിയെ പൊലീസ് വിളിച്ചുവരുത്തി വിവരങ്ങൾ തേടി.