chenkal-temple

പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ നടക്കുന്ന 3- മത് അതിരുദ്ര മഹായജ്ഞത്തിന്റെ കാൽനാട്ട് കർമ്മം ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. സ്വാഗത സംഘം ചെയർമാൻ കെ.ആൻസലൻ എം.എൽ.എ, നെയ്യാറ്റിൻകര തഹസിൽദാർ കെ.മോഹൻകുമാർ, ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം, ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി തുളസീദാസൻ നായർ, പന്നിയോട് സുകുമാരൻ വൈദ്യർ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ വി.കെ.ഹരികുമാർ, കെ.പി.മോഹൻകുമാർ തുടങ്ങിയവർ പങ്കെടുത്തു. മഹേശ്വരാനന്ദ സരസ്വതിയുടെ സാന്നിദ്ധ്യത്തിലും തന്ത്രി ഗണേഷ് ലക്ഷ്മിയുടെ മേൽനോട്ടത്തിലും യജ്ഞാചാര്യൻ വീരമണി വാദ്ധ്യാരുടെ മുഖ്യകാർമ്മികത്വത്തിലും നടക്കുന്ന യജ്ഞം ഫെബ്രുവരി 9 ന് ആരംഭിച്ച് 19 ന് പൂർത്തിയാവും. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലും, മമ്മിയൂർ ശിവക്ഷേത്രത്തിലും പാറശാല ശ്രീ മഹാദേവർ ക്ഷേത്രത്തിലും മാത്രം ഒരു തവണ നടന്നിട്ടുള്ള അതിരുദ്ര മഹായജ്ഞം 2018 മുതൽ തുടർച്ചയായി ഈ ക്ഷേത്രത്തിൽ നടന്ന് വരികയാണെന്ന് സ്വാമി മഹേശ്വരാനന്ദ സരസ്വതി അറിയിച്ചു. യജ്ഞത്തിന് മുന്നോടിയായി കാഞ്ചീപുരം, തിരുവണക്കാവ്, കാളഹസ്തി, തിരുവണ്ണാമല, ചിദംബരം എന്നീ ക്ഷേത്രങ്ങളിൽ നിന്നും പുറപ്പെടുന്ന ദിവ്യജ്യോതികളും, കേരളത്തിലെ വിവിധ ശിവക്ഷേത്രങ്ങളിൽ നിന്നുള്ള 101 ജ്യോതികളും മഹേശ്വരം ക്ഷേത്രത്തിൽ എത്തിച്ചേരും. ഫെബ്രുവരി 7 ന് വൈകിട്ട് ഉദിയൻകുളങ്ങര ജംഗ്‌ഷനിൽ സംഗമിക്കുന്ന ജ്യോതി പ്രയാണങ്ങളെ ഉദിയൻകുളങ്ങര പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരിച്ച ശേഷം ക്ഷേത്രത്തിലേക്ക് ആനയിക്കും.