തിരുവനന്തപുരം : മാദ്ധ്യമ സ്വാതന്ത്ര്യം പൊതുജനങ്ങളുടെ ആവശ്യമായി മാറിയ കാലഘട്ടമാണിതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ലോക്ബന്ധു രാജ് നാരായൺജി പ്രവാസി മാദ്ധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
മതത്തിന്റെ പേരിൽ ഒരുവിഭാഗം ജനങ്ങളെ അകറ്റിനിറുത്തുന്ന നിയമം നിലവിൽ വന്നിട്ടും ചില മുഖ്യധാരാ മാദ്ധ്യമങ്ങളുടെ മൗനം ഭയപ്പെടുത്തുന്നു. വിവാദ വിഷയങ്ങളിൽ മാത്രം താത്പര്യം കാണിക്കാതെ വികസന പ്രവർത്തനങ്ങളിൽ മാദ്ധ്യമപ്രവർത്തകർ നൽകുന്ന സേവനങ്ങളാണ് നാടിന്റെ വളർച്ചയ്ക്ക് കാതലാകുന്നത് . തിരഞ്ഞെടുപ്പിൽ അധികാര ദുർവിനിയോഗം നടത്തിയതിന് ഇന്ദിരാഗാന്ധിയെ നിയമത്തിന് മുന്നിൽ മുട്ടുകുത്തിച്ച രാഷ്ട്രീയ നേതാവായിരുന്നു രാജ്‌നാരായൺജിയെന്നും അദ്ദേഹം പറഞ്ഞു.
പത്രപ്രവർത്തനത്തിലെ സമഗ്രസംഭാവനയ്‌ക്ക് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എം. എം. സുബൈറിനും സിനിമാ പ്രസിദ്ധീകരണങ്ങളിലെ റിപ്പോർട്ടിംഗ് മികവിന് കേരളകൗമുദി ഫ്ളാഷ് മൂവീസിലെ സീനിയർ റിപ്പോർട്ടർ എസ്.അനിൽകുമാറിനും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു .
ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ് ആസിഫ് അദ്ധ്യക്ഷത വഹിച്ചു. ഒ. രാജഗോപാൽ എം.എൽ.എ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പുഷ്പലത, കൗൺസിലർമാരായ പാളയം രാജൻ, എം.ആർ.ഗോപൻ, ആർ.സി.ബീന, സോളമൻ അലക്സ്, സെൻസർ ബോർഡ് അംഗം നൂറനാട് ഷാജഹാൻ എന്നിവർ സംസാരിച്ചു. ചീഫ് കോ ഓർഡിനേറ്റർ പൂവച്ചൽ സുധീർ സ്വാഗതം പറഞ്ഞു.