india-srilanka-t20

. ഇന്ന് ജയിക്കുന്നവർക്ക് പരമ്പര

. ഗോഹട്ടിയിലെ ആദ്യമത്സരം മഴയെടുത്തു.

. ഇൻഡോറിൽ ഇന്ത്യയ്ക്ക്ഏഴ് വിക്കറ്റ് വിജയം

പൂനെ : ഇന്ന് പൂനെയിൽ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ അവസാന ട്വന്റി 20 മത്സരത്തിനായി ഇറങ്ങുംമുമ്പ് ഇന്ത്യൻ ടീം മാനേജ്മെന്റിലെ തിങ്ക് ടാങ്കുകൾ തലപുകഞ്ഞ ആലോചനയിലാണ്. ഇന്നത്തെ മത്സരത്തെ എങ്ങനെ കാണണമെന്നതുതന്നെ ചിന്താവിഷയം. പ്രധാനമായും രണ്ട് ചിന്താധാരകളാണുള്ളത്.

ഒന്ന്

ഇൗ മത്സരം പരമ്പര ജേതാക്കളെ നിശ്ചയിക്കുന്നതാണ്. അതിനാൽതന്നെ കഴിഞ്ഞകളിയിൽ ആധികാരിക പ്രകടനം നടത്തി വിജയിച്ച അതേ ടീമിനെ നിലനിറുത്താം. ഫൈനലിന് തുല്യമായ പോരാട്ടത്തിൽ പ്രൊഫഷണൽ സമീപനം വിട്ടൊരു ചിന്ത വേണ്ട. ലോകകപ്പിന് മുമ്പ് സ്വന്തം മണ്ണിൽ ലങ്കപോലെ ദുർബലമായ ഒരു ടീമിനെതിരെ പരമ്പര നേടാനുള്ള ഒരവസരവും കളയേണ്ടതില്ല.

രണ്ട്

ഇന്ത്യയെപ്പോലൊരു ടീമിന് പറ്റുന്ന എതിരാളികളെ അല്ല ശ്രീലങ്കയെന്ന് ഇൻഡോറിൽ തെളിഞ്ഞതാണ്. അതുകൊണ്ടുതന്നെ ഫൈനലിലും വലിയ വെല്ലുവിളി ഉണ്ടാകാൻ പോകുന്നില്ല. ഇൗ സാഹചര്യത്തിൽ ബഞ്ച് സ്ട്രെംഗ്ത് പരീക്ഷിക്കാൻ നല്ലൊരു അവസരമാണ്. മൂന്ന് പരമ്പരകളിലായി ടീമിൽ വാട്ടർ ബോയ് ആയി തുടരുന്ന സഞ്ജു സാംസണിനും കഴിഞ്ഞമൂന്ന് പരമ്പരകളിൽ ഒരേയൊരു മത്സരത്തിൽ മാത്രം അവസരം ലഭിച്ച മനീഷ് പാണ്ഡെയ്ക്കും ഒരു ചാൻസ് നൽകി പരീക്ഷിക്കുക. ഇരുവർക്കും അവസരം നൽകാൻ ശ്രീലങ്കയെക്കാൾ പരിചയസമ്പത്ത് കുറഞ്ഞ എതിരാളികൾ ട്വന്റി 20 ലോകകപ്പിന് മുമ്പ് ഇല്ല.

സഞ്ജുവിന്റെ വിധി

നവംബർ മുതൽ ഇന്ത്യൻ ടീമിനൊപ്പമാണ് സഞ്ജു സാംസൺ . നവംബറിൽ ബംഗ്ളാദേശിനെതിരായ പരമ്പരയിൽ ടീമിലെത്തിയത് വിരാട് കൊഹ്‌ലിക്ക് വിശ്രമമായതിനാൽ. പക്ഷേ ഒറ്റമത്സരത്തിലും കളിപ്പിച്ചില്ല. തുടർന്ന് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും ശിഖർ ധവാന് പരിക്കേറ്റതിനാൽ ഡിസംബറിൽ വിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലും സഞ്ജു ടീമിൽ. കാര്യവട്ടത്ത് നടന്ന ട്വന്റി 20 യിൽ പകരക്കാരനായി. ഫീൽഡിംഗിനിറങ്ങിയതൊഴിച്ചാൽ കടുത്ത നിരാശ. ഇൗ വർഷം രോഹിതിന് വിശ്രമമായതിനാൽ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ റിസർവ് ഒാപ്പണായി അംഗത്വം. കഴിഞ്ഞ കളിയിൽ ധവാനെയും രാഹുലിനെയും ഒാപ്പണറാക്കിയതോടെ ഇൻഡോറിലും സഞ്ജുവിന്റെ ഡോർ അടഞ്ഞുതന്നെ കിടന്നു.

രഞ്ജി ട്രോഫിയിൽ കേരളത്തിനായി കളിക്കാനുള്ള അവസരം പോലും നിഷേധിച്ചാണ് സഞ്ജുവിനെ ഒൻപത് മത്സരങ്ങളിൽ ഡ്രെസിംഗ് റൂമിലിരുത്തിയിരിക്കുന്നത്. സീനിയർ താരമായ മനീഷ് പാണ്ഡെയ്ക്കും ഏറക്കുറെ ഇതുന്നെയാണ് ഗതി. ഒരവസരം പോലും കൊടുക്കാതെ ഇരുവരെയും ഇങ്ങനെ നിരാശപ്പെടുത്തുന്നത് ശരിയല്ലെന്ന് പല മുൻതാരങ്ങളും അഭിപ്രായപ്പെട്ടുകഴിഞ്ഞു.

സാദ്ധ്യതകൾ ഇങ്ങനെ

കെ.എൽ. രാഹുലിനെ മാറ്റി സഞ്ജുവിന് അവസരം നൽകിയേക്കും. പരിക്കിൽനിന്നും മോചിതനായെത്തിയ ധവാനെ കളിപ്പിക്കാനിട.

വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് വിശ്രമം നൽകി സഞ്ജുവിന് അവസരം നൽകാനും സാദ്ധ്യതയുണ്ട്. അങ്ങനെയെങ്കിൽ സഞ്ജു ഒാപ്പണറാകുകയും കെ.എൽ. രാഹുലിന് പകരക്കാരനായെത്തുന്ന മനീഷ് പാണ്ഡെ മദ്ധ്യനിരയിൽ ബാറ്റിംഗിന് ഇറങ്ങുകയും ചെയ്യാൻ സാധ്യത.

കരുത്ത് പേസിൽ

ശ്രീലങ്കയ്ക്കെതിരെ കലാശക്കളിക്ക് ഇറങ്ങുമ്പോൾ ഇന്ത്യയുടെ കരുത്ത് മികച്ച പേസ്ബൗളിംഗാണ്. 150 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ് എതിരാളികളെ വിരട്ടാൻ ശേഷിയുള്ള യുവ സ്പിന്നർ നവ്‌ദീപ് സെയ്‌നി, കഴിഞ്ഞ കളിയിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശാർദ്ദൂൽ താക്കൂർ പരിക്കിൽനിന്ന് തിരിച്ചെത്തിയ ജസ്‌പ്രിത് ബുംറ എന്നിവരാണ് ബൗളിംഗിന് മൂർച്ച നൽകുന്നത്. വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ് എന്നിവർ സ്പിന്നർമാരായി ഉണ്ടാകും.

സങ്കടത്തോടെ ലങ്ക

വെറ്ററൻ പേസർ ലസിത് മലിംഗയുടെ നേതൃത്വത്തിലെത്തിയിരിക്കുന്ന ലങ്കയ്ക്ക് പരിചയക്കുറവിനൊപ്പം ഇടംകയ്യൻ പേസർ ഇസുരു ഉഡാനയുടെ പരിക്കും സങ്കടമായിട്ടുണ്ട്. ഇൻഡോറിൽ പരിക്കേറ്റ ഉഡാന ബാറ്റ് ചെയ്തെങ്കിലും ബൗളിംഗിന് ഇറങ്ങിയിരുന്നില്ല. ഇന്ന് ഉഡാനയ്ക്ക് പകരം മുൻ നായകൻ ഏഞ്ചലോ മാത്യൂസ് കളിച്ചേക്കും.

ടീമുകൾ ഇവരിൽനിന്ന്

ഇന്ത്യ : കൊഹ്‌ലി, (ക്യാപ്ടൻ), ശിഖർധവാൻ, രാഹുൽ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശിവം ദുബെ, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ജസ്‌പ്രീത് ബുംറ , നവ്‌ദീപ് സെയ്‌നി, ശാർദ്ദൂൽ താക്കൂർ, മനീഷ് പാണ്ഡെ, വാഷിംഗ്ടൺ സുന്ദർ.

ശ്രീലങ്ക

ലസിത് മലിംഗ (ക്യാപ്ടൻ), ഗുണതിലക, അവിഷ്ക ഫെർണാൻഡോ , ഏഞ്ചലോ മാത്യൂസ്, ഷനക, കുശാൽ പെരേര, നിരോഷൻ ഡിക്ക്‌ബല്ല, ധനഞ്ജയ ഡിസിൽവ, ഇസുരു ഉഡാന, രജപക്‌സ, ഒഷാഡോ ഫെർനാൻഡോ, ഹസരംഗ, കുമാര, കുശാൽ മെൻഡിസ്, സന്ദാകൻ, രജിത.

ടി.വി ലൈവ്: രാത്രി 7 മുതൽ

സ്റ്റാർസ്പോർട്സിൽ