തിരുവനന്തപുരം: നാഗർകോവിൽ ദേശീയ പാതയിൽ കേരള തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് ഭാഗത്താണ് കൊലപാതകം നടന്ന കളിയിക്കാവിള ചെക്ക് പോസ്റ്റ്. ഒരു മുറി മാത്രമുള്ള മറച്ചുകെട്ടിയ കൂരപോലുള്ളതാണ് മണൽ മാഫിയയെ തടയാൻ ഒരു പൊലീസുകാരൻ മാത്രമുള്ള ഈ ചെക്ക് പോസ്റ്റ്. അവിടെ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് വിൽസൺ വെടിയേറ്റ് മരിച്ചത്. ദേശീയപാതയ്ക്ക് 25 അടി പിന്നിലായി സമാന്തരമായി കളിയിക്കാവിള മാർക്കറ്റ് റോഡുണ്ട്. അക്രമത്തിനുശേഷം കൊലയാളികൾ ഇൗ റോഡിലേക്കാണ് ഒാടി രക്ഷപ്പെട്ടത്. ചെക്ക് പോസ്റ്റിനു പിന്നിലായി കളിയിക്കാവിള മാർക്കറ്റ് റോഡിന് അഭിമുഖമായി മുസ്ളിം പള്ളിയുണ്ട്. വെടിയൊച്ച കേട്ട് പരിസരവാസികൾ ഓടിക്കൂടിയതോടെ അക്രമികൾ കളിയിക്കാവിള മാർക്കറ്റ് റോഡിൽ കയറാതെ പള്ളിക്കുള്ളിലേക്ക് കയറി. ഇതിലൂടെ മതിൽ ചാടിക്കടന്ന് മാർക്കറ്റ് റോഡിൽ വീണ്ടും ഇറങ്ങി. അവിടെയുണ്ടായിരുന്ന വാഹനത്തിൽ രക്ഷപ്പെട്ടിരിക്കാമെന്നാണ് പൊലീസ് നിഗമനം. കൊലയ്ക്കു മുൻപായി ചെക്ക് പോസ്റ്റിലെ ലൈറ്റും തകർത്തിരുന്നു. എന്നാൽ പള്ളിയിലെ സി.സി ടിവി കാമറയുടെ കാര്യം ഇവർ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. പള്ളിയിലേക്ക് കയറുന്നതിനിടെ തൊപ്പിയൂരി സാധാരണക്കാരെ പോലെ ഒാടിമറയുകയായിരുന്നു. പള്ളിയിലെ രണ്ട് കാമറകളിൽ ഇവരുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ആ ദൃശ്യങ്ങൾ രാത്രിതന്നെ പൊലീസ് കണ്ടെടുത്തു. ഇതാണ് കേസിൽ വഴിത്തിരിവായത്. അല്ലെങ്കിൽ കൊല നടത്തിയത് മണൽ മാഫിയയോ അതുമായി ബന്ധമുള്ളവരോ ആണെന്ന് കരുതുമായിരുന്നു. മെഡിക്കൽ ലീവിനുശേഷം കഴിഞ്ഞയാഴ്ചയാണ് വിൽസൺ ജോലിയിൽ വീണ്ടും കയറിയത്. അതിനാൽ വിൽസണെ ലക്ഷ്യമിട്ടുതന്നെയാവും കൊലയാളികൾ എത്തിയതെന്ന് പൊലീസ് കരുതുന്നു.