കോവളം: കോവളം ബേക്കൽ ജലപാത നിർമ്മാണ ഉദ്യോഗസ്ഥരെ പനത്തുറയിൽ നാട്ടുകാർ തടഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12ന് പനത്തുറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപമായിരുന്നു ഉൾനാടൻ ജലഗതാഗതവകുപ്പ് വനിതാ എ.ഇ ഉൾപ്പെടെയുള്ള നാലംഗ സംഘത്തെ നാട്ടുകാർ തടഞ്ഞത്. കോവളം സമുദ്രാബീച്ചിന്റെ വടക്കുഭാഗത്തു നിന്നാണ് പാർവതീ പുത്തനാറിന്റെ തുടക്കവും ജലപാത പദ്ധതി തുടങ്ങേണ്ടതും. ഇവിടെ ശുചീകരണം തുടങ്ങണമെങ്കിൽ പനത്തുറയിൽ അടഞ്ഞുകിടക്കുന്ന പാർവതീപുത്തനാറിന്റെ ഭാഗം തുറക്കണം. അടഞ്ഞുപോയ ഭാഗത്തിന് പകരം കടൽഭിത്തിയിൽ നിന്ന് 35 മീറ്റർ മാറി 29 മീറ്റർ വീതിയിൽ ജലപാതയും സമാന്തരമായി അഞ്ച് മീറ്റർ വീതിയിൽ റോഡും നിർമ്മിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കടൽഭിത്തിയിൽ നിന്ന് 15 മീറ്റർ മാറി നിർമ്മാണം നടത്തുവാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നാരോപിച്ചാണ് നാട്ടുകാർ ഉദ്യോഗസ്ഥരെ തടഞ്ഞത്. ഉദ്യോഗസ്ഥർ പറയുന്ന രീതി അനുസരിച്ച് നിർമ്മാണം നടത്തിയാൽ പനത്തുറ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിന്റെ ഭജന മഠം ഉൾപ്പെടെ തത്സ്ഥാനത്ത് നിന്ന് മാറ്രേണ്ടിവരുമെന്ന് നാട്ടുകാർ പറഞ്ഞു.
ജില്ലാ കളക്ടർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം ഏതാനും മാസം മുമ്പ് പനത്തുറയിലെത്തി നാട്ടുകാരുമായി ചർച്ച നടത്തി സമവായം ഉണ്ടാക്കിയിരുന്നു. എന്നാൽ ഇന്നലെ ഇവിടെയെത്തിയ ജലപാത നിർമ്മാണ ഉദ്യോഗസ്ഥർ കളക്ടർ നൽകിയ ഉറപ്പ് അവഗണിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ ആരോപണം. നാട്ടുകാർ തടഞ്ഞതിനെത്തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങി പോയി.