തിരുവനന്തപുരം: സ്‌കൂട്ടറിൽ സഞ്ചരിച്ച സ്ത്രീയുടെ രണ്ടര പവന്റെ മാല ബൈക്കിലെത്തിയവർ പൊട്ടിച്ചെടുത്ത് കടന്നു. ഇന്നലെ രാത്രി എട്ടോടെ തുറയിൽ ക്ഷേത്രത്തിന് സമീപത്തെ റോഡിലായിരുന്നു സംഭവം. മണക്കാട് കല്ലുംമൂട് മുക്കോലക്കൽ സ്വദേശി ലത മോഹന്റെ (48) മാലയാണ് കവർന്നത്.
മണക്കാട് ചന്തയിൽനിന്ന് പച്ചക്കറി വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്നു ഇവർ. വീട്ടിലേക്കുള്ള വഴി തിരിയവെ സ്‌കൂട്ടറിന്റെ വേഗത കുറച്ചപ്പോൾ ബൈക്കിൽ പിന്തുടരുകയായിരുന്ന സംഘം കുറുകെ ബൈക്ക് നിറുത്തുകയും പിൻസീറ്റിലിരുന്ന ആൾ മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. പിടിവലിക്കിടെ സ്‌കൂട്ടർ മറിഞ്ഞ് ലത നിലത്ത് വീണു. ഈ സമയം മോഷ്ടാക്കൾ മാലയുമായി കടക്കുകയായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫോർട്ട് പൊലീസ് സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. സംഭവം സമീപത്തെ വീട്ടിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് വാഹന നമ്പർ കണ്ടെത്തി അന്വേഷണം ആരംഭിച്ചു.