v-joyi-mla-ulghadanam-che

കല്ലമ്പലം: പഠനത്തിന്റെ ഭാഗമായി ചെടികളുടെ ശാസ്ത്രീയ നാമവും ഉപയോഗവും പെട്ടന്ന് മനസിലാക്കാൻ മടവൂർ ഗവ.എൽ.പി.എസിലെ കുട്ടികൾ ജൈവ വൈവിദ്ധ്യ ഉദ്യാനമൊരുക്കിയത് ശ്രദ്ധേയമായി. പൂന്തോട്ടത്തിൽ ഓരോ ചെടിയിലും ക്യൂ.ആർ കോഡ് സ്കാൻ ചെയ്യാനുള്ള സംവിധാനം ഉണ്ട്. ഒരു സ്മാർട്ട് ഫോൺ ഉപയോഗിച്ച് ക്യു.ആർ കോഡ് റീഡർ കൊണ്ട് സ്കാൻ ചെയ്താൽ ചെടിയുടെ പേര്, ഇനം , ശാസ്ത്രീയനാമം, കുടുംബം എന്നുവേണ്ട എല്ലാ വിവരങ്ങളും തെളിയും. കൂടാതെ അനുബന്ധമായി തെളിയുന്ന ഐക്കണിൽ വെബ് സെർച്ച് നടത്തി ചെടിയുടെ പ്രത്യേകതകൾ യൂ ട്യൂബിലൂടെയും വിക്കിപീഡിയയിലൂടെയും അറിയാനാകും. ഇത്തരത്തിൽ ഡിജിറ്റൽ ഉദ്യാനം ഒരുക്കി ഏവരുടെയും ശ്രദ്ധ നേടിയിരിക്കുകയാണ് മടവൂർ ഗവ. എൽ. പി.എസിലെ കുരുന്നുകൾ. ഉറക്കമുണർന്നാൽ ഉടൻ സ്മാർട്ട് ഫോൺ കണികാണുന്ന വർത്തമാനകാലത്ത് സ്മാർട്ട് ഫോണിലൂടെ തന്നെ നമ്മുടെ പ്രകൃതിയെയും പ്രകൃതിയെ സംരക്ഷിക്കേണ്ട പ്രാധാന്യത്തെയും കുറിച്ചുള്ള അവബോധം കൂടി ഈ ഉദ്യാനത്തിലൂടെ ലക്ഷ്യമിടുന്നു. ‌ ശലഭോദ്യാനം, അലങ്കാരച്ചെടികൾ, , ഔഷധവനം, പച്ചക്കറിത്തോട്ടം എന്നീ വിഭാഗങ്ങളാണ് പാർക്കിലുള്ളത്. അദ്ധ്യാപകരും അനദ്ധ്യാപകരും പി.ടി.എയും ചേർന്നാണ് ഈ പാർക്ക് ഒരുക്കിയിരിക്കുന്നത്. പാർക്ക് നിർമാണത്തിനായി വിദ്യാഭ്യാസ വകുപ്പിൽനിന്ന് 10,000 രൂപ ലഭിച്ചിരുന്നു. ജൈവവൈവിദ്ധ്യ പാർക്കിന്റെ ഉദ്ഘാടനം വി.ജോയി എം. എൽ. എ നിർവഹിച്ചു.