കോട്ടയം: ഏറെ ആഗ്രഹിച്ചിട്ടും പൊലീസിൽ ജോലി ലഭിച്ചില്ല. ഭർത്താവിനെയും വീട്ടുകാരെയും സന്തോഷിപ്പിക്കാൻ എസ്.ഐ വേഷം കെട്ടിയ യുവതി പിടിയിലായി. കോട്ടയം പുതുപ്പള്ളി സ്വദേശിനിയായ 28 കാരിയാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം വനിതാ പൊലീസാണ് യുവതിയെ പൊക്കിയത്.
കഴിഞ്ഞ രണ്ടു ദിവസമായി എസ്.ഐയുടെ യൂണിഫോമിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് യുവതി റോന്തുചുറ്റിയിരുന്നു. എന്നാൽ, ഒപ്പം വനിതാ പൊലീസ് ഉണ്ടായിരുന്നില്ല. ഇതോടെ ആരോ ഗാന്ധിനഗർ പൊലീസിൽ അറിയിക്കുകയായിരുന്നു. താമസിയാതെ രണ്ട് വനിതാ പൊലീസുകാരെത്തി 'വനിതാ എസ്.ഐ' യെ നിരീക്ഷിക്കാൻ തുടങ്ങി. അധികം താമസിയാതെ വനിതാപൊലീസ് കൈയോടെ പൊക്കി.
ആദ്യ ദിവസം ഭർത്താവിനെ വിളിച്ചുവരുത്തിയാണ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയത്. അതും എസ്.ഐ വേഷത്തിൽ തന്നെ. 'എന്റെ ഡ്യൂട്ടി കഴിഞ്ഞു. പൊലീസ് ജീപ്പിൽ വീട്ടിൽ പോവാൻ അനുവദിക്കില്ല. അതിനാൽ ചേട്ടൻ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോവണം'' എന്ന് ആവശ്യപ്പെട്ടതോടെ ഭർത്താവ് ഗാന്ധിനഗർ സ്റ്റേഷനുമുമ്പിൽ കാത്തുനിന്ന ഭാര്യയെയും കൊണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവാണ് ഭർത്താവ്. ഏറെ ആഗ്രഹിച്ചിട്ടും പൊലീസിൽ ജോലികിട്ടിയില്ല. തന്നെയുമല്ല, ജോലിയില്ലാത്തതിനാൽ വീട്ടുകാർക്ക് തന്നോട് സ്നേഹക്കുറവും ഉണ്ടായിരുന്നു. അതിനാലാണ് എസ്.ഐ വേഷം കെട്ടിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. വേഷമണിഞ്ഞതല്ലാതെ തട്ടിപ്പൊന്നും നടത്താത്തതിനാൽ യുവതിയെ ഉപദേശിച്ച് ഭർത്താവിനൊപ്പം പൊലീസ് അയച്ചു.