അന്നനാളത്തിലുണ്ടാകുന്ന അർബുദം ഗുരുതരമായ ആരോഗ്യ പ്രശ്നമാണ്. എൻഡോസ്കോപി വഴിയാണ് ഇത് കൂടുതലും കണ്ടുപിടിക്കുന്നത്. വായിലൂടെ ഒരു നേർത്ത കാമറ കടത്തിവിട്ട് അന്നനാളത്തിന്റെ ഉൾഭിത്തിയെ നിരീക്ഷിച്ചാണ് അന്നനാളത്തിലെ വ്രണങ്ങളെയോ വളർച്ചകളെയോ മനസിലാക്കുന്നത്. അർബുദത്തിന്റെ സാദ്ധ്യത ഒരു ബയോപ്സിയിലൂടെ മനസിലാക്കിയ ശേഷം സി.ടിയുടെയോ എം.ആർ.ഐ യുടെയോ സഹായത്തോടെ അന്നനാള - അർബുദത്തിന്റെ സ്റ്റേജ് തിട്ടപ്പെടുത്തുന്നു. ശസ്ത്രക്രിയയിലൂടെയാണ് ഇത് കൂടുതലും നീക്കം ചെയ്യുന്നത്. അന്നനാളം പൂർണമായോ ഭാഗികമായോ നീക്കം ചെയ്യേണ്ടിവന്നേക്കാം. നീക്കം ചെയ്യപ്പെടുന്ന അന്നനാളത്തിന് പകരം വയറ് തുറന്ന് ആമാശയത്തെ അതിന്റെ രക്തചംക്രമണം നഷ്ടപ്പെടാതെ തന്നെ ഒരു കുഴലാക്കി മാറ്റി നെഞ്ചിലൂടെ തുന്നിച്ചേർക്കുകയാണ് പതിവ്.
ചില പ്രത്യേക കോശങ്ങളുടെ പുനർ വിന്യാസം കൊണ്ടുണ്ടാകുന്ന അന്നനാള അർബുദങ്ങൾ റേഡിയോതെറാപ്പി മുഖേനയും ചികിത്സിക്കാം. ചികിത്സിച്ചു മാറ്റാവുന്നതിനപ്പുറം അർബുദം വളർന്നിട്ടുണ്ടെങ്കിൽ അന്നനാളത്തിലെ തടസം എൻഡോസ്കോപി മുഖാന്തിരം ഒരു സ്റ്റെന്റ് ഇട്ട് നീക്കം ചെയ്യാം. അന്നനാളത്തിലെ ആരോഗ്യപ്രശ്നങ്ങൾ കൂടുതലും ലഘുവായ മാർഗങ്ങളിലൂടെ കണ്ടുപിടിക്കാവുന്നതാണ്. യഥാസമയം കണ്ടുപിടിക്കപ്പെട്ടിട്ടില്ലെങ്കിൽ ഗുരുതരമായ ഭവിഷ്യത്തുകൾക്ക് ഇത് ഇടനൽകും.