pipe-water

തിരുവനന്തപുരം: അരുവിക്കര ജലശുദ്ധീകരണശാല നവീകരണത്തിന്റെ മൂന്നാം ഘട്ടം നടക്കുന്നതിനാൽ ഇന്നും നാളെയും നഗരത്തിൽ ചിലയിടങ്ങളിൽ ശുദ്ധജല വിതരണം മുടങ്ങും. നഗരത്തിൽ ശുദ്ധജലമെത്തിക്കുന്ന 86 എം.എൽ.ഡി ജലശുദ്ധീകരണശാലയിലെ പഴയ പമ്പ് സെറ്റുകൾ പമ്പിംഗ് ലൈനിൽ നിന്നു മാറ്റുന്നതും അതിനോടനുബന്ധിച്ച ഇലക്ട്രിക്കൽ ജോലികളുമാണ് നടക്കുന്നത്. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് വാട്ടർ അതോറിട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അത്യാവശ്യ ഘട്ടങ്ങളിൽ ടാങ്കർ ലോറികളിൽ ജലവിതരണം നടത്താനായി വാട്ടർ അതോറിട്ടിയുടെ വെള്ളയമ്പലം, അരുവിക്കര, പി.ടി.പി നഗർ, ചൂഴാറ്റുകോട്ട, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ വെൻഡിംഗ് പോയിന്റുകളിൽനിന്ന് ജലവിതരണത്തിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വാട്ടർ അതോറിട്ടിയുടെ ടാങ്കറുകൾക്ക് പുറue നഗരസഭ, പൊലീസ്, സൈന്യം, സി.ആർ.പി.എഫ് എന്നീ വിഭാഗങ്ങളുടെ ടാങ്കറുകളും ഉപയോഗപ്പെടുത്തും.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ ആറ് മണിക്കൂർ പ്ളാന്റിന്റെ പ്രവർത്തനം നിറുത്തും. രാത്രി എട്ട് മണിയോടെ പണികൾ പൂർത്തിയാക്കി പമ്പിംഗ് ആരംഭിക്കും. നാളെ വൈകിട്ടോടെ ജലവിതരണം പൂർവസ്ഥിതിയിലാകും. -വാട്ടർ അതോറിട്ടി അധികൃതർ