തിരുവനന്തപുരം: കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോറ്റാൽ സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് നീട്ടാൻ സർക്കാർ ശ്രമിച്ചേക്കുമെന്ന ആരോപണവുമായി കോൺഗ്രസ് നേതാവും എം.എൽ.എയുമായ അനിൽ അക്കര. വാർഡ് വിഭജനത്തിനുള്ള സർക്കാർ ഓർഡിനൻസ് നിയമപരമായി നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകി. അനിൽ അക്കര 'ഫ്ളാഷി'നോട്..
ഇത് ഒത്തുകളി
സാധാരണ വാർഡ് വിഭജനത്തിന് മുന്നേ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സർവകക്ഷി യോഗം വിളിക്കാറുണ്ട്. എന്നാൽ, ഇത്തവണ അതിന് സർക്കാരോ കമ്മിഷനോ തയാറായില്ല. ഇതൊരു ഒത്തുകളിയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് സമയബന്ധിതമായി നടക്കരുതെന്നാണ് ചിലരുടെ താത്പര്യം. അതിന് കാരണം നിലവിലെ രാഷ്ട്രീയ സാഹചര്യമാണ്. കുട്ടനാട് ഉപതിരഞ്ഞെടുപ്പ് കഴിയാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അന്തിമ നടപടികളിലേക്ക് ഇവർ കടക്കില്ല. കുട്ടനാട്ടിൽ എൽ.ഡി.എഫിന് പരാജയമുണ്ടായാൽ ഈ വർഷം തദ്ദേശ തിരഞ്ഞെടുപ്പ് ഉണ്ടാവില്ല. അത് സംസ്ഥാന സർക്കാരിന്റെ കാലാവധിക്ക് ശേഷമായിരിക്കും നടക്കുക. എം.എൽ.എ എന്നതിനപ്പുറം 1995 മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സഹകരിക്കുന്ന വ്യക്തി എന്ന നിലയിലാണ് ഞാൻ ഇത് പറയുന്നത്. ഈ സർക്കാരിന്റെ കാലാവധിക്കുള്ളിൽ തിരഞ്ഞെടുപ്പ് നടത്താൻ അവർക്ക് ഉദ്ദേശ്യമില്ല. വാർഡുകളുടെ എണ്ണം കൂട്ടാനുള്ള സർക്കാരിന്റെ തീരുമാനങ്ങളൊന്നും നിയമപരമായി നിലനിൽക്കില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ഞാൻ തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയിരിക്കുന്നത്. വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും.
ഓർഡിനൻസും വോട്ടർപട്ടികയും പ്രശ്‌നം
2010ൽ പഞ്ചായത്തുകളിൽ ഒരു വാർഡാണ് കൂടിയതെങ്കിൽ 2020ൽ എത്തുമ്പോൾ അങ്ങനെയല്ല കാര്യങ്ങൾ. പഞ്ചായത്തുകളിൽ കുറഞ്ഞത് 14 വാർഡും കൂടിയത് 24 വാർഡുമായി പുനർ നിർണയം നടത്തണമെന്നാണ് ഓർഡിനൻസിൽ പറയുന്നത്. അങ്ങനെ വരുമ്പോൾ ജനസംഖ്യാനുപാതം എല്ലാ വാർഡുകളിലും തുല്യമായി നടപ്പിലാക്കാൻ സാധിക്കില്ല. പതിനാല് വാർഡുള്ള പഞ്ചായത്തിൽ ജനസംഖ്യാനുപാതം നടപ്പാകും. എന്നാൽ, 23 വാർഡുള്ള ഒരു പഞ്ചായത്തിൽ ജനസംഖ്യാനുപാതം നടപ്പിലാകണമെന്നില്ല. അതിനാൽ, സർക്കാരിന്റെ ഓർഡിനൻസ് നിയമപരമായി നിലനിൽക്കില്ല. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ മാസം ഇരുപത് മുതൽ വോട്ടർപട്ടിക പുതുക്കാനാണ് ശ്രമിക്കുന്നത്. അതിന് അടിസ്ഥാനമായി കണക്കാക്കുന്നതാകട്ടെ 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വോട്ടർപട്ടികയാണ്. 2015ൽ വോട്ടർപട്ടികയുണ്ടാക്കിയത് 2014ലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചത്. ഇവിടെ 2015ലെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തിയാൽ തിരഞ്ഞെടുപ്പിൽ ഏത് തിരിച്ചറിയാൽ കാർഡാണ് ഉപയോഗിക്കേണ്ടത് എന്നത് നിരവധി നിയമപ്രശ്നങ്ങൾക്ക് ഇടയാക്കും. അതിന് പോംവഴി നിലവിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡും വോട്ടർപട്ടികയും അതേപടി ഉപയോഗിക്കുക എന്നതാണ്.
യു.ഡി.എഫ് ഇടപെടും
വാർഡ് പുനർവിഭജനത്തിൽ കൃത്യമായ രാഷ്ട്രീയം നിലനിൽക്കുന്നുണ്ട്. അതിനെ നേരിടാൻ തന്നെയാണ് കഴിഞ്ഞ യു.ഡി.എഫ് യോഗം തീരുമാനമെടുത്തത്. പ്രതിപക്ഷ നേതാവ് സ്ഥലത്തില്ലാത്തതിനാൽ നിലവിലെ പ്രശ്നങ്ങൾ അദ്ദേഹവുമായി സംസാരിക്കാൻ കഴിഞ്ഞില്ല. എന്നാൽ, മറ്റ് മുതിർന്ന നേതാക്കളോട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. കെ.സി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം രണ്ട് ദിവസത്തിനകം തിരഞ്ഞെടുപ്പ് കമ്മിഷനെ കാണും. എന്നാൽ, സർവകക്ഷി യോഗം പോലും വിളിക്കാതെ എടുത്ത നിലവിലെ തീരുമാനം കാരണം കാര്യങ്ങളാകെ കൈവിട്ട് പോയിരിക്കുകയാണ്.