anchampathira

നർമ്മത്തിന് പ്രാധാന്യം നൽകുന്ന കുടുംബചിത്രങ്ങളൊരുക്കിയ സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആദ്യമായി ക്രൈം ത്രില്ലർ സിനിമയുടെ ട്രാക്കിലേക്ക് വഴിമാറുന്നതിന് തുടക്കമിടുന്നതാണ് അ‍ഞ്ചാം പാതിര എന്ന ചിത്രം. പേര് സൂചിപ്പിക്കുന്നത് പോലെ അഞ്ച് പാതിരാവിൽ നടക്കുന്ന അതിക്രൂരമായ അഞ്ച് കൊലപാതകങ്ങൾ നടത്തുന്ന സൈക്കോയായ പരമ്പര കൊലയാളിയുടെയും അയാളെ തേടിയെത്തുന്ന ക്രിമിനോളജിസ്റ്റിന്റെയും കഥയാണ് ചിത്രം പറയുന്നത്.

anchampathira1

ഒന്നാം പാതിര
14 കൊലപാതകങ്ങൾ ചെയ്ത് വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന റിപ്പർ രവിയുടെ മാനസികവ്യാപാരങ്ങളെ കുറിച്ചറിയാനെത്തുന്ന ക്രിമിനോളജിസ്റ്റിൽ തുടങ്ങുന്ന സിനിമ ആദ്യന്തം ക്രൈം സ്വഭാവം നിലനിറുത്തുന്നുണ്ട്. ഓരോ കൊലപാതകങ്ങളും ചെയ്യുമ്പോഴും ചോര കാണുമ്പോഴും ക്രിമിനൽ അനുഭവിക്കുന്ന ഒരുതരം ഉന്മാദാവസ്ഥയെ കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥാഗതി. ഇത്തരമൊരു പ്രമേയം മലയാള സിനിമയിൽ ആദ്യമാണെന്ന് പറയാനാകില്ല. എങ്കിൽ കൂടിയും ക്രൈം നടത്തുന്നതിലെ വ്യത്യസ്തതയും അവതരണ രീതിയും സിനിമയെ വേറിട്ടു നിറുത്തുന്നു.

എല്ലാ ക്രൈം സിനിമകളിൽ കാണുന്നത് പോലെ ക്രിമിനലിനു പിറകെയുള്ള പൊലീസിന്റെ പരക്കം പാച്ചിലും തുമ്പുണ്ടാക്കാനാകാതെ ഞെളിപിരി കൊള്ളുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മാനസികവ്യഥയും സിനിമ വരച്ചുകാട്ടുന്നുണ്ട്. മിഥുൻ മാനുവൽ തോമസ് തന്നെ തയ്യാറാക്കിയിരിക്കുന്ന തിരക്കഥയുടെ ആദ്യ പകുതി മികച്ചതാണ്. ഓരോ ക്രൈമിന് ശേഷമുള്ള നിമിഷങ്ങൾ എല്ലാം പൊലീസിനെ പോലെ തന്നെ പ്രേക്ഷകരെ കൊണ്ടും ഊഹിപ്പിച്ചെടുക്കുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഓരോ രംഗങ്ങളും ഇത്തരത്തിൽ പ്രേക്ഷകരെ ഊഹിക്കാൻ പ്രേരിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ അതിനാടകീയമായി ട്വിസ്റ്റുകളും കൊണ്ടുവന്ന് ഞ‍െട്ടിക്കുന്നുണ്ട് സംവിധായകൻ.

anchampathira3

രണ്ടാംപാതിര
കൊലപാതകങ്ങളോടും അതിനെ ചുറ്റിയുള്ള അന്വേഷണവും പ്രമേയമാക്കുന്ന സിനിമകളോട് പ്രേക്ഷകർക്ക് പൊതുവേ താൽപര്യം കൂടുതലാണ്. അതുകൊണ്ട് തന്നെ അവർക്ക് അനുഭവവേദ്യമാകുന്ന തരത്തിൽ ഈ സിനിമയുടെ കഥ പറയാനും മിഥുൻ ശ്രമിച്ചിട്ടുണ്ട്. കഥ പറച്ചിലിലെ ആ വ്യത്യസ്തത തന്നെയാണ് സിനിമയ്ക്ക് പുതുമയുടെ പുറംമോടി നൽകുന്നതും. സിനിമയിലെ കൊലപാതക രംഗങ്ങൾ പ്രേക്ഷക മനസിനെ അധികം മഥിക്കുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നതും മേന്മയാണ്. മികച്ചൊരു ഒന്നാംപകുതി സമ്മാനിക്കാൻ കഴിഞ്ഞ സംവിധായകന് പക്ഷേ,​ നിർണായകമാകേണ്ട രണ്ടാം പകുതിയിൽ ആ മികവ് നിലനിറുത്താനായിട്ടില്ല. ഒടുവിൽ അനിവാര്യമായ ആ ഏറ്റുമുട്ടൽ നടക്കുമ്പോൾ അതിനെ തികച്ചും ദുർബലമായ രീതിയിലാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ തന്നെ ക്ളൈമാക്സിന് പഞ്ച് പോരെന്ന് പ്രേക്ഷകർക്ക് തോന്നിയാൽ കുറ്റം പറയാനുമാകില്ല. അന്ത്യത്തോട് അടുക്കുമ്പോൾ ധാരാളം ചോദ്യങ്ങൾ പ്രേക്ഷകരുടെ മനസിൽ ഉയരും,​ ഒരുപക്ഷേ ഉത്തരമില്ലാത്തവ. അതിനാൽ തന്നെ സിനിമയുടെ ഗൗരവം ചോർന്നുപോകുന്നുണ്ട്.

anchampathira4

കുഞ്ചാക്കോയുടെ ചുവടുമാറ്റം
സൈക്കോളിജസ്റ്റ് കൂടിയായ ക്രിമിനോളജിസ്റ്റിന്റെ വേഷത്തിലേക്കുള്ള കുഞ്ചാക്കോ ബോബന്റെ മാറ്റം സിനിമയിലുടനീളം പ്രകടമാണ്. അൻവർ ഹുസൈൻ എന്ന കഥാപാത്രമായി അദ്ദേഹം പൂർണമായി മാറുന്നുണ്ട്. ശ്രദ്ധേയമായ മറ്റൊരു പ്രകടനം മലയാളത്തിലെ തന്നെ മറ്റൊരു യുവനടന്റേതാണ്. വളരെ തന്മയത്വത്തോടെയാണ് അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം രമ്യ നമ്പീശൻ കുഞ്ചാക്കോയുടെ ഭാര്യാവേഷത്തിലൂടെ മലയാളത്തിൽ തിരിച്ചെത്തുന്നുണ്ട്. റിപ്പർ രവിയുടെ വേഷത്തിലെത്തുന്ന ഇന്ദ്രൻസ്,​ വളരെ കുറച്ച് സമയം മാത്രമെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും 14 കൊലാപതകങ്ങൾ ചെയ്തിട്ടും നിസംഗനായി നിൽക്കുന്ന വ്യക്തിയുടെ പ്രതീകമായി മാറുന്നുണ്ട്. ശ്രീനാഥ് ഭാസി, ജിനു ജേക്കബ്, സുധീഷ്, ഹരികൃഷ്ണൻ, ജാഫർ ഇടുക്കി, ഷറഫുദീൻ, അഭിരാം, മാത്യു, അസീം ജമാൽ, ദിവ്യ ഗോപിനാഥ്, നന്ദന വർമ്മ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ആഷിക്ക് ഉസ്‌മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്‌മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദാണ് നിർവഹിച്ചിരിക്കുന്നത്.

വാൽക്കഷണം: മുഴുവൻ ഡാർക്ക് സീനാണ്
റേറ്റിംഗ്: 2.5