ആഹാരത്തെ വായിൽ നിന്ന് ആമാശയത്തിലേക്ക് കടത്തി വിടുന്ന കുഴലാണ് അന്നനാളം. ഇത് കഴുത്തിന്റെ ഉപരിഭാഗം മുതൽ ഉദരാശയത്തിന്റെ ആദ്യഭാഗം വരെ നെഞ്ചിൻകൂടിൽ നട്ടെല്ലിനും മഹാധമനിക്കും മുന്നിലായി സ്ഥിതിചെയ്യുന്ന ഒരു പൈപ്പിന്റെ ആകൃതിയിലുള്ള ട്യൂബാണ്. അന്നനാളത്തിൽ പ്രത്യേകമായി വിന്യസിച്ചിരിക്കുന്ന പേശികളുടെ പ്രത്യേക തരത്തിലുള്ള ചലനം മൂലമാണ് ആഹാരം വയറ്റിലേക്ക് പ്രവേശിക്കുന്നത്. ഇൗ പേശികളുടെ ചലനം നിയന്ത്രിക്കപ്പെടുന്നത് അവിടെയുള്ള നാഡികൾ വഴിയാണ്.
ഈ നാഡികൾക്കോ പേശികൾക്കോ ജന്മനയോ അല്ലാതെയോ ഉള്ള വൈകല്യങ്ങൾ മൂലം വിഴുങ്ങുവാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നു. ഇത് കണ്ടുപിടിക്കുന്നത് അന്നനാളത്തിലേക്ക് മാർദ്ദമാപിനികൾ കടത്തിവിട്ടാണ്. അന്നനാള പേശികളിലുണ്ടാകുന്ന ചലനവ്യതിയാനങ്ങളിൽ പ്രധാനമായും കണ്ടുവരുന്നത് Achalasia Cardia എന്ന അസുഖമാണ്. ആഹാരപദാർത്ഥങ്ങൾ കഴിക്കുമ്പോൾ തടസം അനുഭവപ്പെടുക, കഴിച്ച ആഹാരത്തിന്റെ അവശിഷ്ടങ്ങൾ തികട്ടി വരുക, രാത്രികാലങ്ങളിൽ മൂക്കിലൂടെയും വായിലൂടെയും ദ്രാവകങ്ങളുടെ സ്രാവം ഉണ്ടാവുക മുതലായവയാണ് ലക്ഷണങ്ങൾ. ഒട്ടുമിക്ക അവസ്ഥകളിലും ഇത് ചികിത്സിച്ച് ഭേദമാക്കാം. അടുത്തകാലത്തായി എൻഡോസ്‌കോപി വഴിയുള്ള ചികിത്സാരീതിക്ക് കൂടുതൽ പ്രചാരം ലഭിച്ചിട്ടുണ്ട്. ലാപ്രോസ്കോപി അഥവാ കീഹോൾ സർജറി വഴിയിലുള്ള ചികിത്സാ സമ്പ്രദായമാണ് മറ്റൊരു പ്രതിവിധി. അന്നനാളത്തിലെ പേശികളെ വകഞ്ഞുമാറ്റി അതിന്റെ അഗ്രഭാഗത്തെ ചുരുക്കത്തെ നീക്കം ചെയ്യുന്നതിലൂടെ രോഗിക്ക് ഭക്ഷണം കഴിക്കാൻ പറ്റുന്ന അവസ്ഥ സംജാതമാകുന്നു.
അന്നനാളത്തിലെ പേശികളെ ഒരു പാട കൊണ്ട് ആവരണം ചെയ്തിരിക്കുന്നു. ഈ ആവരണത്തിന് പൊള്ളലുകളോ വിള്ളലുകളോ ഉണ്ടാകുമ്പോൾ നെഞ്ചെരിച്ചിൽ അനുഭവപ്പെടാം. അന്നനാളവും ആമാശയവുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് ഒരുതരം വാൽവ് സ്ഥിതിചെയ്യുന്നു. അന്നനാളത്തിലൂടെ ആമാശയത്തിൽ എത്തുന്ന ആഹാരത്തെ തിരിച്ചു കടക്കാതെ ശ്രദ്ധിക്കുന്നത് ഈ വാൽവ് ആണ്. ചിലരിൽ ഈ വാൽവിന്റെ പ്രവർത്തനരാഹിത്യം മൂലം ദഹനസഹായത്തിനായി ആമാശയത്തിലുണ്ടാകുന്ന അമ്ളം ആഹാരവുമായി മിശ്രിതമായി അന്നനാളത്തിലേക്ക് തിരിച്ചുവരാം. മേല്പറഞ്ഞ വാൽവിന്റെ സ്ഥാനചലനം കൊണ്ടും ഇങ്ങനെ സംഭവിക്കാം. അമിതവണ്ണമുള്ളവരിലും, പുകവലിയും മദ്യപാനവും ശീലമാക്കിയവരിലും ഈ അവസ്ഥാ വിശേഷം കാണപ്പെടാം.
അമ്ളത്തിന്റെ ഉത്‌പാദനം കുറയ്ക്കാനുള്ള വിവിധയിനം ഗുളികകളാണ് ഈ രോഗലക്ഷണ ശമനത്തിനായി ഉപയോഗിക്കുന്നത്. ഇതുമൂലം തികട്ടി വരുന്ന അമ്ളത്തിന്റെ അളവ് കുറയുകയും വ്രണങ്ങൾ സ്വതവേ ഉണങ്ങാനുള്ള സാദ്ധ്യത കൂടുകയും ചെയ്യുന്നു. എന്നാൽ ഈ വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ സ്ഥായിയായി ഉപയോഗിക്കേണ്ടിവരുകയാണെങ്കിൽ വാൽവിന്റെ പ്രവർത്തനം നേരെയാക്കാനുള്ള ശസ്ത്രക്രിയ ചെയ്യുകയാണ് ഉത്തമം. ഇത് ലാപ്രോസ്കോപി വഴിയാണ് കൂടുതലും ചെയ്തുവരുന്നത്. മൂന്ന് ദിവസത്തെ ആശുപത്രിവാസം മാത്രം മതിയാകും.