പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയതിനെത്തുടർന്ന് കാശ്മീരിൽ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള വാർത്താവിനിമയ സേവനങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ആഗസ്റ്റ് അഞ്ചുമുതലാണ് കാശ്മീരിലുടനീളം സർക്കാർ വാർത്താവിനിമയ ബന്ധങ്ങൾക്ക് കർക്കശ നിയന്ത്രണം ഏർപ്പെടുത്തി പ്രക്ഷോഭകരെ വരുതിയിലാക്കാൻ ശ്രമം തുടങ്ങിയത്. അനിതരസാധാരണമായ ഈ നിയന്ത്രണങ്ങൾക്കെതിരെ കാശ്മീരിൽ മാത്രമല്ല രാജ്യത്തിന്റെ ഇതരഭാഗങ്ങളിലും കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. അറിയാനുള്ള ജനങ്ങളുടെ അവകാശത്തിന്മേൽ കേന്ദ്രം കൊണ്ടുവന്ന ഈ നിയന്ത്രണങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് പ്രധാന ആക്ഷേപം. നിയന്ത്രണങ്ങളിൽ ചിലതൊക്കെ ഈ അടുത്തകാലത്ത് ഘട്ടംഘട്ടമായി പിൻവലിച്ചെങ്കിലും പലതും ഇപ്പോഴും തുടരുകയാണ്. കരുതൽ തടങ്കലിലാക്കിയ രാഷ്ട്രീയ നേതാക്കളെ മോചിപ്പിച്ചിട്ടുമില്ല.
കാശ്മീരിൽ അഞ്ചുമാസമായി തുടരുന്ന നിരോധനാജ്ഞയും ഇന്റർനെറ്റ് ഉൾപ്പെടെയുള്ള വാർത്താവിനിമയ ബന്ധങ്ങൾ വിച്ഛേദിച്ചതുമൂലം ഉളവായിട്ടുള്ള പ്രത്യേക സ്ഥിതിവിശേഷവും പിൻവലിക്കാൻ കേന്ദ്രസർക്കാരിനു നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിച്ച സുപ്രീംകോടതി മൂന്നംഗ ബെഞ്ചാണ് ഒരാഴ്ചയ്ക്കകം പുനരവലോകനം ചെയ്ത് ഉചിത തീരുമാനമെടുക്കാൻ നിർദ്ദേശം നൽകിയത്. ആവിഷ്കാര സ്വാതന്ത്ര്യം തടയാൻ സർക്കാരിന് അധികാരമില്ലെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ഇന്റർനെറ്റ് - മൊബൈൽ സേവനങ്ങൾ ഈ ഗണത്തിൽ വരുന്നതാണെന്ന് എൻ.വി. രമണയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.
കാശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേകാധികാരാവകാശങ്ങളും റദ്ദാക്കി കേന്ദ്രഭരണ പ്രദേശമായി മാറ്റിയതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട വ്യാപകമായ പ്രതിഷേധങ്ങൾ നേരിടാൻ വേണ്ടിയാണ് കേന്ദ്രം അവിടെ ഇന്റർനെറ്റ് - മൊബൈൽ ബന്ധങ്ങൾ വിച്ഛേദിച്ചത്. പ്രക്ഷോഭകർ പരസ്പരം ബന്ധപ്പെടാതിരിക്കാനും കൂട്ടായ സമരതന്ത്രങ്ങൾ ആവിഷ്കരിക്കാതിരിക്കാനും വേണ്ടിയായിരുന്നു വാർത്താവിനിമയ ബന്ധത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ. എന്നാൽ നിയന്ത്രണങ്ങൾ കർക്കശമായി തുടരുമ്പോഴും പ്രക്ഷോഭം കൂടുതൽ കരുത്താർജ്ജിക്കുന്നതാണ് കണ്ടത്. കാശ്മീരിലെ ജനങ്ങൾ പരസ്പരം ബന്ധപ്പെടുന്നതിനു പോലും നിയന്ത്രണം വന്നതോടെ തികച്ചും ഒറ്റപ്പെട്ട നിലയിലായിരുന്നു പല കുടുംബങ്ങളും.
നല്ല ലക്ഷ്യത്തോടെയാണെങ്കിൽപ്പോലും ജനങ്ങൾക്ക് ഭരണഘടന അനുവദിച്ചിട്ടുള്ള മൗലികാവകാശങ്ങൾ ഏകപക്ഷീയമായി നിഷേധിക്കാൻ സർക്കാരിന് അവകാശമില്ലെന്നാണ് സുപ്രീംകോടതി എടുത്തു പറഞ്ഞിരിക്കുന്നത്. അസാധാരണ സാഹചര്യങ്ങൾ നേരിടാൻ ചിലഘട്ടങ്ങളിൽ സർക്കാരിന് അസാധാരണ നടപടികൾ കൈക്കൊള്ളാനാകുമെങ്കിലും ദീർഘനാളത്തേക്ക് അതു തുടരുന്നത് നീതിനിഷേധം മാത്രമല്ല, മൗലികാവകാശ നിഷേധം കൂടിയാണ്. കാശ്മീരിൽ അഞ്ചു മാസത്തിലധികമായി തുടർച്ചയായി നിരോധനാജ്ഞ നിലനിൽക്കുകയാണ്. ഇതുകാരണം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കാണാതിരുന്നുകൂടാ. നിരോധനം പിൻവലിച്ചാൽ തെരുവുകൾ പ്രക്ഷുബ്ധമാകുമെന്ന് ഭയന്നാണ് സർക്കാർ അതിനു മുതിരാത്തത്. കാശ്മീരിലെ പ്രത്യേക രാഷ്ട്രീയസ്ഥിതിയാണ് ഇത്തരത്തിലുള്ള കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാരിനെ നിർബന്ധിതമാക്കിയതെന്ന് സമ്മതിച്ചാൽപ്പോലും അനന്തമായി അത് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിലെ അനൗചിത്യമാണ് ഇപ്പോൾ പരമോന്നത കോടതിയും എടുത്തു പറഞ്ഞിരിക്കുന്നത്. നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹർജികളുടെ വാദത്തിനിടെ കേന്ദ്രസർക്കാർ ബോധിപ്പിച്ചിരുന്നു. ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതു കൊണ്ടാണ് കാശ്മീരിൽ രക്തച്ചൊരിച്ചിൽ ഒഴിവായത്. ഇന്റർനെറ്റ് സേവനവും മൊബൈൽ ബന്ധവും മരവിപ്പിച്ചതിനും ഗുണമുണ്ടായി. വിധ്വംസക പ്രവർത്തനങ്ങൾ ഫലപ്രദമായി തടയാൻ ഇതുവഴി സാധിച്ചുവെന്ന കേന്ദ്രത്തിന്റെ വിലയിരുത്തലിൽ വലിയ സത്യമുണ്ട്. എന്നാൽ നിരോധനാജ്ഞയും വാർത്താവിനിമയ ബന്ധങ്ങളുടെ സ്തംഭനവും കാരണം ജനങ്ങൾക്ക് നേരിട്ട കഷ്ടനഷ്ടങ്ങൾ സർക്കാർ വിചാരിച്ചതിലും വളരെയധികമാണ്. അഞ്ചുമാസമായി കാശ്മീർ ഏതാണ്ട് നിശ്ചലാവസ്ഥയിലാണ്. വിദ്യാലയങ്ങൾ തുടർച്ചയായി അടഞ്ഞു കിടക്കുന്നതുമൂലം കുട്ടികൾക്ക് ഒരു വർഷമാണ് നഷ്ടപ്പെടാൻ പോകുന്നത്. ബിസിനസും വ്യാപാരവുമൊക്കെ മുടങ്ങിക്കിടക്കുകയാണ്. തളിർത്തു തുടങ്ങിയ വിനോദസഞ്ചാര മേഖലയും നിശ്ചലമാണ്. നിരോധനാജ്ഞ ഏർപ്പെടുത്തിയും വാർത്താവിനിമയ ബന്ധങ്ങൾ വിച്ഛേദിച്ചുമൊക്കെ എത്രകാലം ജനങ്ങളെ പരീക്ഷിക്കാനാവുമെന്ന് ആലോചിക്കണം. കാശ്മീരി നേതാക്കളുടെ സഹകരണത്തോടെയല്ലാതെ അവിടെ സമാധാനം തിരികെ കൊണ്ടുവരാനാവില്ലെന്നു സ്പഷ്ടമാണ്. നേതാക്കളെല്ലാം തടങ്കലിൽ കഴിയവെ സൗഹാർദ്ദപൂർവമായ കൂടിയാലോചനയ്ക്കുള്ള അന്തരീക്ഷം എവിടെ? കാശ്മീരിലെ സ്ഥിതി നേരിട്ടു മനസിലാക്കാൻ വിദേശരാഷ്ട്ര പ്രതിനിധികളുടെ സംഘത്തെ കേന്ദ്രം ശ്രീനഗറിൽ കൊണ്ടുപോയിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ വഴികാട്ടികളായ ഈ ദൗത്യസംഘത്തിന് കാശ്മീരിന്റെ യഥാർത്ഥ ചിത്രം കിട്ടണമെന്നില്ല. വിവരശേഖരണവുമായി ബന്ധപ്പെട്ട കടുത്ത നിയന്ത്രണങ്ങളിൽ അയവു വന്നാലേ അതിനു സാദ്ധ്യതയുള്ളൂ. സുപ്രീംകോടതിയുടെ വിധി അതിനു കളമൊരുക്കുമെന്നു പ്രതീക്ഷിക്കാം.