'ബസ് യാത്രക്കാർ എന്തു പിഴച്ചു' എന്ന മുഖപ്രസംഗം അവസരോചിതമായി. നിസാര കാര്യത്തിനുപോലും ജനജീവിതം സ്തംഭിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കു കഴിയുന്ന ദുരവസ്ഥയിലേക്ക് കേരളം മാറിയിരിക്കുന്നു. കുറുക്കൻ ആണായാലും പെണ്ണായാലും കോഴിയെ പിടിക്കുമെന്നു പറയുന്നതുപോലെ ആര് സമരം നടത്തിയാലും കെ.എസ്.ആർ.ടി.സി ബസ് തകർക്കുകയാണ് ആദ്യം ചെയ്യുന്നത്.
ജീവനക്കാർക്ക് കൃത്യമായി ശമ്പളവും പെൻഷനും കൊടുക്കാൻ പാടുപെടുന്ന കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ സർക്കാരിനു മാത്രമല്ല ചുമതല, രാഷട്രീയ പാർട്ടികൾക്കുമുണ്ട്.
ബാബുസേനൻ അരീക്കര,
ചെങ്ങന്നൂർ.
ട്രഷറി സേവിംഗ്സ് അക്കൗണ്ടുകൾക്ക്എന്തേ പലിശ നൽകുന്നില്ല?
ഏറെക്കാലമായി ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് ഒരു നിശ്ചിത ശതമാനം പലിശ നൽകുന്നുണ്ട്. ട്രഷറി സേവിംഗ്സ് അക്കൗണ്ടുകൾക്കും പ്രതിമാസം പലിശ ലഭിക്കുമെന്ന് കന്നി ബഡ്ജറ്റ് നിയമസഭയിൽ അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വർഷം മൂന്നു കഴിഞ്ഞിട്ടും ട്രഷറി സേവിംഗ്സ് നിക്ഷേപങ്ങൾക്ക് എന്തേ പലിശ നൽകുന്നില്ല? മക്കളോടൊപ്പം സംസ്ഥാനത്തിന് പുറത്തു താമസിക്കുന്ന പല സർവീസ് പെൻഷൻകാരും മൂന്നും നാലും മാസം കൂടുമ്പോഴാണ് അവരുടെ പെൻഷൻ വാങ്ങുന്നത്. സർവീസ് പെൻഷൻകാർ അവരുടെ പെൻഷൻ ബാങ്കു മുഖേന വാങ്ങുമ്പോൾ അവരുടെ എസ്.ബി. നിക്ഷേപങ്ങൾക്ക് പലിശ ലഭിക്കുന്നുണ്ട്. സർക്കാർ കനിഞ്ഞാലും ട്രഷറി വകുപ്പ് കനിയുന്നില്ലെന്ന് വരുന്നത് സങ്കടകരമാണ്.
ആർ. പ്രകാശൻ,
ചിറയിൻകീഴ്.