ആറ്റിങ്ങൽ: രണ്ടരപ്പതിറ്റാണ്ടായി പൂട്ടിക്കിടന്ന ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറി വീണ്ടും പ്രവർത്തന സജ്ജമാകുന്നു. പുതിയ സംരംഭം തുടങ്ങുന്നതിന്റെ ഉദ്ഘാടനം 20ന് മന്ത്റി ഇ.പി. ജയരാജൻ നിർവഹിക്കും. കേരളത്തിലെ പ്രധാന വ്യാവസായിക പരിശീലന കേന്ദ്രമാക്കി സ്റ്റീൽ ഫാക്ടറിയെ മാറ്റാനാണ് ഉദ്ദേശ്യമെന്ന് മൈക്രോ സ്‌മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഡയറക്ടർ പനീർശെൽവം വീഡിയോ കോൺഫറൻസിലൂടെ പറഞ്ഞു. സ്വാഗതസംഘ രൂപീകരണയോഗം ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. മുനിസിപ്പൽ ചെയർമാൻ എം. പ്രദീപ് ചെയർമാനായും, താലൂക്ക് വ്യവസായ ഓഫീസർ കൺവീനറായുമുള്ള സ്വാഗതസംഘം രൂപീകരിച്ചു. വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, കെ.എസ്. ബാബു, പ്രിൻസ്‌രാജ്, കോരാണി സുനിൽ, ചന്ദ്രബോസ്, ഗവ. പോളിടെക്‌നിക് കോളേജ്, ഐ.ടി.ഐ, ഗവ. കോളേജ്, എൻജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
വ്യവസായ തൊഴിൽ പരിശീലനകേന്ദ്രം
-----------------------------------------------------------
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ വ്യവസായ - തൊഴിൽ പരിശീലന കേന്ദ്രമാണ് ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറിയിൽ ആരംഭിക്കുക. കേന്ദ്രവ്യവസായ വകുപ്പിന് കീഴിലെ മൈക്രോ സ്‌മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് എന്ന സ്ഥാപനവും, സംസ്ഥാന വ്യവസായ വകുപ്പും ചേർന്നാണ് പരിശീലന പരിപാടികൾ ആരംഭിക്കുന്നത്. നിലവിൽ ചെറുകിട വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും പുതുതായി വ്യവസായങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും പ്രത്യേക പരിശീലനം നൽകുകയാണ് ലക്ഷ്യം. റബർ, സോളാർ, ഇലക്ട്രോണിക് എന്നിവയിൽ വിവിധ പരിശീലന പരിപാടികൾക്ക് പുറമേ വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും പ്രത്യേക പരിശീലനവും നൽകും. കെട്ടിടവും മറ്റ് സൗകര്യങ്ങളും നിർമ്മിക്കാനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ കേന്ദ്ര മരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി.