ബാലരാമപുരം: പുള്ളിയിൽ വാർഡിലെ കനാൽ നവീകരണത്തിൽ അഴിമതി നടന്നെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ബാലരാമപുരം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇറിഗേഷൻ വകുപ്പിന്റെയും ചാനൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനിയറുടെയും നെയ്യാറ്റിൻകര അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയറുടെയും ആവശ്യപ്രകാരമാണ് കനാലിന്റെ പുനരുദ്ധാരണജോലികൾ നടന്നത്. അസിസ്റ്റന്റ് എൻജിനിയറുടെ മാതൃകാ എസ്റ്റിമേറ്റും പഞ്ചായത്ത് അക്രെഡിറ്റേഷൻ എൻജിനിയറുടെ വിശദമായ എസ്റ്റിമേറ്റും ബ്ലോക്ക് പ്രോഗ്രാം ഓഫീസറും ജില്ലാ ജോയിന്റ് പ്രോഗ്രാം കോ - ഓർഡിനേറ്ററും ഉൾപ്പെടെ അംഗീകരിച്ചാണ് നിർമ്മാണം തുടങ്ങിയത്. 30 സെ.മീറ്റർ ഘനത്തിൽ ചെളി,​ എക്കൽ മറ്റ് പാഴ്‌വസ്‌തുക്കൾ എന്നിവ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനിയറുടെയും ഓവർസീയറുടെയും മേൽനോട്ടത്തിൽ നീക്കം ചെയ്‌തു. എന്നാൽ പദ്ധതി പൂർത്തീകരിച്ചയുടൻ നെയ്യാർ ഡാമിൽ നിന്നു വെള്ളം തുറന്നുവിട്ടതിനെ തുടർന്നാണ് കനാലിൽ ചെളിനിറഞ്ഞത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയവുമായി ബന്ധപ്പെട്ട മോണിറ്ററിംഗ് സമിതി പരിശോധനയ്‌ക്കെത്തിയതെന്ന് സെക്രട്ടറി വിശദീകരിച്ചു. പണികളിൽ അപാകത കണ്ടെത്തിയതിനെ തുടർന്ന് തുക തിരികെ അടയ്ക്കാൻ മോണിറ്ററിംഗ് സമിതി തദ്ദേശവകുപ്പിനോട് ശുപാശ ചെയ്‌തു. എന്നാൽ നിർദ്ധനരായ തൊഴിലാളികളിൽ നിന്നും ഈ തുക ഈടാക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണ് സർക്കാർ ഉത്തരവുപ്രകാരം പഞ്ചായത്ത് ഫണ്ടിൽ നിന്നു തുക അടയ്ക്കാൻ തീരുമാനിച്ചത്. ഭരണസമിതി അംഗീകാരത്തോടെയാണ് ഈ തീരുമാനം നടപ്പാക്കിയതെന്നും മറ്റ് രീതിയിൽ പ്രചരിക്കുന്ന അഴിമതി വാർത്തകൾ തെറ്റാണെന്നും സെക്രട്ടറി അറിയിച്ചു.