സ്നേഹത്തിലും സേവനത്തിലും അധിഷ്ഠിതമായ മാർഗത്തിലൂടെ ശാന്തിയും സമാധാനവും സൃഷ്ടിക്കാനാവുമെന്ന് തെളിയിച്ച ലോകത്തിലെ ഏറ്റവും കൂടുതൽ അംഗ സംഖ്യയുള്ള സന്നദ്ധ സേവന സംഘടനയാണ് ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ. അതിന്റെ സ്ഥാപകൻ മെൽവിൻ ജോൺസിന്റെ ജന്മദിനമായ ജനുവരി 13 ലോകമെമ്പാടും 'മെൽവിൻ ജോൺസ് ദിന'മായി ആചരിക്കുകയാണ്. ബിസിനസ് ക്ളബുകൾ സാമ്പത്തിക നേട്ടത്തെക്കുറിച്ച് മാത്രം ചിന്തിക്കാതെ സഹജീവികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയും പ്രവർത്തിക്കണമെന്നുള്ള മെൽവിൻ ജോൺസിന്റെ ആശയമാണ് 1917ൽ ലയൺസ് ക്ളബ്സ് ഇന്റർനാഷലിന്റെ പിറവിക്കു കാരണമായത്.
. 210 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 48,529 ക്ളബുകിലെ 14.41 ലക്ഷം അംഗങ്ങൾ മനുഷ്യരാശി നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാനായി നിരന്തരം പ്രവർത്തിക്കുകയാണ്.
1925 ൽ ഹെലൻ കെല്ലർ ഈ പ്രസ്ഥാനത്തിന്റെ സഹായം അഭ്യർത്ഥിച്ചതുമുതൽ അന്ധതാ നിവാരണ പ്രവർത്തനങ്ങൾക്ക് ലയൺസ് ക്ളബ് ഇന്റർനാഷണൽ പ്രത്യേക പരിഗണന നൽകിവരുന്നു. ഒഴിവാക്കാനാകാവുന്ന അന്ധത ഭൂമുഖത്തു നിന്ന് തുടച്ച് മാറ്റുക എന്ന ലക്ഷ്യം പ്രാവർത്തികമാക്കാൻ എൽ.സി.ഐ.എഫ് നടപ്പിലാക്കുന്ന പരിപടിയാണ് 'സൈറ്റ് ഫസ്റ്റ്'.
കാഴ്ചശക്തി, വിശപ്പ്, പരിസ്ഥിതി, കുട്ടികളിലെ കാൻസർ, പ്രമേഹം എന്നീ മേഖലകളിലാണ് അടുത്ത നൂറ്റാണ്ടിലെ സേവന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നത്. ഒരു വർഷം 20 കോടി ജനങ്ങൾക്ക് സേവനങ്ങൾ എത്തിക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.
അമേരിക്കയിലെ അരിസോണായിൽ മെൽവിൻ ജോൺസ് ജനിച്ച ഫോർട്ട് തോമസിൽ പണിതുയർത്തിയ സ്തൂപത്തിനു മുന്നിൽ ജന്മദിനത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തുന്നവരെല്ലാം ഞങ്ങൾ സേവനം തുടരും' എന്ന പ്രതിജ്ഞ എടുത്ത് വികസന സേവന പ്രവർത്തനങ്ങളിൽ മുഴുകും.