ബ്രിട്ടീഷ് മേൽക്കോയ്മക്കെതിരെ പോരാടിയ ദിവാൻ വേലുത്തമ്പി ദളവയുടെ ഉടവാളിന് ഇനി ഡൽഹിയിലേക്ക് ഒരു മടക്കയാത്രയില്ല. കിളിമാനൂർ കൊട്ടാരത്തിൽ സൂക്ഷിക്കാനേല്പിച്ചതും പിന്നീട് രാഷ്ട്രത്തിന്റെ സ്വത്തായി മാറിയതിന്റെ ഭാഗമായി ന്യൂഡൽഹി നാഷണൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്നതുമായ വാൾ എം.എ ബേബി സാംസ്ക്കാരിക മന്ത്രിയായിരുന്ന 2010ൽ അഞ്ച് വർഷത്തേക്ക് സൂക്ഷിക്കാനെന്ന കരാറിൽ സംസ്ഥാന സർക്കാരിന് വിട്ടുനൽകിയിരുന്നു. വിധിയുടെ നിയോഗമെന്നോണം 2020ലും അതിവിടെ കനകക്കുന്നിലെ നേപ്പിയർ മ്യൂസിയത്തിൽ ഭദ്രമായിരിക്കുന്നു.
ഇത് കേരളത്തിന് വിട്ടുതരണമെന്നാവശ്യപ്പെട്ട് സംസ്ഥാനസർക്കാർ കേന്ദ്രത്തിന് കത്തെഴുതുന്നുണ്ടെങ്കിലും മറുപടി നൽകാത്ത സാഹചര്യത്തിൽ കേരളം തന്നെ സൂക്ഷിച്ചുവരികയായിരുന്നു. പത്തുവർഷംകൂടി നീട്ടിനൽകാൻ തീരുമാനിച്ചതായി ന്യൂഡൽഹി നാഷണൽ മ്യൂസിയം അധികൃതർ അറിയിച്ചു. ചുരുക്കത്തിൽ ആ വാളിന് ഇനി ഒരു മടക്കയാത്ര ഉണ്ടാവില്ല. അത് ഇരിയ്ക്കേണ്ട മണ്ണിൽത്തന്നെ ഉറച്ചിരിക്കും.
കാലാകാലങ്ങളിൽ ഇതിന്റെ ഇൻഷുറൻസ് പരിരക്ഷ പുതുക്കുന്നതും സംസ്ഥാന പുരാരേഖാവകുപ്പാണ്. അടുത്ത മാസം ഉടവാളിന്റെ ഇൻഷുറൻസ് കാലാവധി തീരും. ഇക്കാര്യം ഓർമ്മിപ്പിച്ചുള്ള കത്ത് ലഭിച്ചു. ഉടൻതന്നെ അത് പുതുക്കാനുള്ള നീക്കത്തിലാണ് പുരാരേഖാ വകുപ്പ്.
ഉടവാളിന്റെ ചരിത്രം
1800കളുടെ ആദ്യം അവിട്ടം തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂർ ദിവാനായിരുന്ന വേലുത്തമ്പിദളവ ബ്രിട്ടീഷുകാരുടെ കടുത്ത ശത്രുത ഏറ്റുവാങ്ങിയ പോരാളിയായിരുന്നു. ബ്രിട്ടീഷുകാർ പിടികൂടുമെന്നായപ്പോൾ, അദ്ദേഹം മഹാരാജാവിന്റെ അനുമതിയോടെ തിരുവനന്തപുരത്ത് നിന്ന് കടന്നു. 1809 ജനുവരിയിൽ ചരിത്രപ്രസിദ്ധമായ കുണ്ടറവിളംബരത്തിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. തന്നെ രക്ഷപ്പെടാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് യാത്രതിരിച്ച ദിവാൻ കിളിമാനൂർ കൊട്ടാരത്തിലാണ് ചെന്നത്. അവിടെ രാജകുടുംബത്തിന്റെ ആതിഥ്യം സ്വീകരിച്ച് ഊട്ടുപുരയിൽ നിന്ന് അവസാനത്തെ അത്താഴം കഴിച്ചു. അവിടെ നിന്ന് രഹസ്യതുരങ്കം വഴിയാണ് മടപ്പള്ളിയിലേക്ക് പോയത്. പോകും മുമ്പ് തന്റെ ഉടവാൾ സൂക്ഷിക്കാൻ കിളിമാനൂർ കൊട്ടാരത്തെ ഏല്പിച്ചു. ബ്രിട്ടീഷുകാർക്ക് ഇതൊരിക്കലും കിട്ടാനിട വരുത്തരുതെന്നായിരുന്നു ദേശസ്നേഹിയായ ദിവാന്റെ അഭ്യർത്ഥന. മണ്ണടിയിലെത്തിയ ദിവാൻ ബ്രിട്ടീഷുകാരുടെ പട്ടാളത്താൽ പിടിയ്ക്കപ്പെടുന്നത് ഒഴിവാക്കാൻ അനുജനോട് തന്നെ കുത്തിക്കൊല്ലാനാവശ്യപ്പെട്ടതും, അനുജൻ വിസമ്മതിച്ചപ്പോൾ കത്തി പിടിച്ചുവാങ്ങി സ്വയം ജീവനൊടുക്കിയതും ചരിത്രം.
150 വർഷക്കാലം കിളിമാനൂർ കൊട്ടാരത്തിലെ നിലവറയിൽ രാജകുടുംബം ആ ഉടവാൾ സൂക്ഷിച്ചാണ് ദിവാനോട് നീതികാട്ടിയത്. ഈ നൂറ്റിയമ്പത് കൊല്ലക്കാലത്തിനിടയിൽ കിളിമാനൂർ കൊട്ടാരത്തിൽ വിശ്വചിത്രകാരൻ രാജാരവിവർമ്മ ഉൾപ്പെടെയുള്ളവരുടെ ഉദയാസ്തമനങ്ങളുണ്ടായിട്ടുണ്ട്.
ഉടവാൾ കൈമാറ്റം
രാജഭരണം മാറി ജനായത്തഭരണം വന്നശേഷം 1957ൽ അന്നത്തെ കിളിമാനൂർ കൊട്ടാരത്തിലെ സ്ഥാനി ആർട്ടിസ്റ്റ് കെ.ആർ. രവിവർമ്മ (രാജാ രവിവർമ്മയുടെ സഹോദരി മഞ്ജുളാദേവിവർമ്മയുടെ മകൻ) ആണ് ഇത് രാഷ്ട്രത്തിന് സമർപ്പിക്കാൻ തീരുമാനിച്ചത്. 57ലെ ഇ.എം.എസ് സർക്കാരിന്റെ കാലത്ത് ഗവർണറായിരുന്ന രാമകൃഷ്ണറാവുവിന്റെ സാന്നിദ്ധ്യത്തിൽ പാളയം രക്തസാക്ഷിമണ്ഡപത്തിൽ വച്ച് രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിന് ഉടവാൾ കൈമാറി. അദ്ദേഹം അത് സൂക്ഷിപ്പിന് ഡൽഹി നാഷണൽ മ്യൂസിയത്തിന് കൈമാറി.
മോഷണ വാർത്ത
2010ലാണ് ഉടവാൾ ഡൽഹി മ്യൂസിയത്തിൽ നിന്ന് മോഷണം പോയെന്ന വാർത്ത പ്രചരിക്കുന്നത്. കിളിമാനൂർ കൊട്ടാരം അവകാശികൾ അന്നത്തെ സാംസ്കാരികമന്ത്രി എം.എ. ബേബിയെ കണ്ട് ഇതിന്റെ സത്യാവസ്ഥ കണ്ടെത്തിത്തരണമെന്ന് അഭ്യർത്ഥിച്ചു. ചരിത്രകാരനായ പ്രൊഫ. ശങ്കരൻകുട്ടി ഉടവാൾ നാഷണൽ മ്യൂസിയത്തിൽ തന്നെയുണ്ടോയെന്ന് വിവരാവകാശനിയമപ്രകാരം ആരാഞ്ഞു. ഈ അന്വേഷണത്തിനൊടുവിൽ ഉടവാൾ ഡൽഹി മ്യൂസിയത്തിലെ ഏതോ കോണിൽ അലക്ഷ്യമായി കിടക്കുന്നത് കണ്ടെത്തി. തുടർന്ന് ബേബിയുടെയും അന്നത്തെ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായരുടെയും കേന്ദ്ര സാംസ്കാരികവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായിരുന്ന വി.വേണുവിന്റെയും ഇടപെടലിനൊടുവിലാണ് ഇത് കേരളത്തിന് കൈമാറാൻ തീരുമാനമായത്. ഇതിന് പ്രധാനമന്ത്രിയുടെ പ്രത്യേക ഉത്തരവ് വേണ്ടിവന്നു. 2010 ജൂൺ 19ന് സെനറ്റ്ഹാളിലൊരുക്കിയ പ്രത്യേക ചടങ്ങിൽ ഗാനഗന്ധർവൻ യേശുദാസിന്റെ സാന്നിദ്ധ്യത്തിൽ കിളിമാനൂർ കൊട്ടാരം കുടുംബാംഗങ്ങളുൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ വച്ച് കേരളം ഉടവാൾ ഔദ്യോഗികമായി ഏറ്റുവാങ്ങി.