swami-vivekananda

ഇന്ന് സ്വാമി വിവേകാന്ദ ജയന്തി. 157 വർഷം മുമ്പ് ജനുവരി 12ന് ഭാരതം ലോകത്തിന് സമ്മാനിച്ച

ആ പുണ്യനക്ഷത്രം ഇന്നും ആത്മകാന്തി പ്രസരിപ്പിക്കുന്നു.വിവേകാനന്ദൻ തന്നെക്കുറിച്ച്

എഴുതിയ വാക്കുകളിലൂടെ.



''ഒരു ദിവസം ഒരു ചെറിയ കഷണം കടലാസിൽ ശ്രീരാമകൃഷ്ണൻ ഇങ്ങനെ എഴുതി ''നരേൻ (വിവേകാനന്ദൻ) മനുഷ്യരെ പഠിപ്പിക്കും''. ഇതു വായിച്ച ഉടനെ ഞാൻ അദ്ദേഹത്തോട് നിശ്ചയ ദാർഢ്യത്തോടെ പറഞ്ഞു. ''ഇല്ല ഒരിക്കലും ഞാൻ അങ്ങനെ ഒരു കാര്യം ചെയ്യില്ല''. അപ്പോൾ അദ്ദേഹം തിരിച്ചു പറഞ്ഞു ''നിന്റെ അസ്ഥികൾ പോലും അതാവും ചെയ്യുക''.

ഇപ്പോൾ ഞാൻ ലോകത്തോട് പറയുന്നതെല്ലാം ശ്രീരാമകൃഷ്ണന്റെ ആശയങ്ങളുടെ പ്രതിധ്വനികളാണ്. അതിൽ എന്റേതായ മൗലികമായ ഒന്നുമില്ല. ഞാൻ പറയുന്നതിൽ വരുന്ന വിഡ്ഢിത്തങ്ങളും തെറ്റുകളും മാത്രമേ എന്റേതായി ഉള്ളൂ. ഞാൻ ഉച്ചരിച്ച ഓരോ നല്ല വാക്കും അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ പ്രതിദ്ധ്വനി മാത്രം.

അദ്ദേഹം എന്നെ അഗാധമായി സ്നേഹിച്ചു. ഇത് പലരിലും അസൂയയ്ക്ക് ഇടയാക്കി. ഒരു വ്യക്തിയെ കാണുന്ന മാത്രയിൽ അയാളുടെ സ്വഭാവം അദ്ദേഹം മനസിലാക്കും. ആ അഭിപ്രായം പിന്നീട് ഒരിക്കലും മാറ്റില്ല. പക്ഷേ നമ്മളാകട്ടെ വ്യക്തികളെ മനസിലാക്കുന്നത് അവരുടെ പെരുമാറ്റം നമ്മുടെ ധാരണാശക്തിയുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാണ്. അതിനാൽ നമ്മുടെ വിധിതീർപ്പ് മിക്കപ്പോഴും പിഴവായി മാറാം. ചിലരെ അദ്ദേഹം അടുത്ത വലയത്തിലുള്ളവരായി (അന്തരംഗർ) കണക്കാക്കി. അവരെ അദ്ദേഹം തന്റെ സ്വരൂപത്തിന്റെയും യോഗയുടെയും രഹസ്യങ്ങൾ പഠിപ്പിച്ചു. പുറമേയുള്ളവർക്ക് (ബഹിർരംഗർ) അദ്ദേഹം ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞുകൊടുത്തു. അതാണ് ശ്രീരാമകൃഷ്ണന്റെ വചനങ്ങൾ. അടുത്ത വലയത്തിലുള്ളവരെ തന്റെ പ്രവൃത്തിക്ക് വേണ്ടി അദ്ദേഹം സജ്ജരാക്കി.

കോസിപ്പൂരിൽ ശരീരം വെടിയുന്നതിന് രണ്ടോ മൂന്നോ ദിവസം മുമ്പ് അദ്ദേഹം എന്നെ ഒറ്റയ്ക്ക് അടുത്തേക്ക് വിളിപ്പിച്ചു. ഇരിക്കാൻ പറഞ്ഞു. എന്റെ മുഖത്തേക്ക് നിർന്നിമേഷനായി നോക്കി. പിന്നീട് സമാധിസ്ഥനായി. ഒരു നേരിയ വിദ്യുത് തരംഗം എന്നിൽ പ്രവേശിക്കുന്നത് ഞാനറിഞ്ഞു. അദ്ദേഹം 'കാളി' എന്ന് വിളിക്കുന്ന ആ ശക്തിയെ എന്നിലേക്ക് സന്നിവേശിപ്പിക്കുകയായിരുന്നു. ബോധം നഷ്ടമായി നിശ്‌ചേഷ്ടനായി ഞാനിരുന്നു. എത്രനേരം അങ്ങനെയിരുന്നു എന്ന് ഓർമ്മിക്കാനാവുന്നില്ല. ബോധം തിരിച്ചുവന്നപ്പോൾ ശ്രീരാമകൃഷ്ണൻ കരയുന്നതാണ് കണ്ടത്. എന്തുപറ്റി എന്ന് ആകാംക്ഷയോടെ ഞാൻ ചോദിച്ചതിന് മറുപടിയായി അദ്ദേഹം പറഞ്ഞു : ''എനിക്കുള്ളതെല്ലാം നിനക്ക് നൽകിക്കഴിഞ്ഞു. ഞാനിപ്പോൾ ഒരു പിച്ചക്കാരനായി മാറിയിരിക്കുന്നു. ഈ ശക്തി ഉപയോഗിച്ച് നീ പല പ്രവൃത്തികളും ലോകത്തിനായി ചെയ്യും''.

ആ ശക്തിയാണ് എന്നെക്കൊണ്ട് എല്ലാം ചെയ്യിക്കുന്നത്. പിന്നീട് ഒരു നിമിഷം പോലും ഈ ശരീരം വേല ചെയ്യാതെ ഇരുന്നിട്ടില്ല.

''ശ്രീരാമകൃഷ്ണൻ പുറമേ ഭക്തി അല്ലാതെ മറ്റൊന്നുമായിരുന്നില്ല. എന്നാൽ അകമേ തികഞ്ഞ ജ്ഞാനവും. എന്റെ പുറംചട്ട ജ്ഞാനത്തിന്റേതാണ്. അകമേ, ഹൃദയത്തിലാകട്ടെ നിറയെ ഭക്തിയും.''

(സ്വാമി വിവേകാനന്ദ ഓൺ ഹിംസെൽഫ് എന്ന ഇംഗ്ളീഷ് പുസ്തകത്തിൽ നിന്ന്).