തിരുവനന്തപുരം: രണ്ടാമൂഴം എന്ന സിനിമയ്ക്കു വേണ്ടി മുടക്കിയ ചെലവുകളും നഷ്ടവും നികത്തണമെന്ന് ആവശ്യപ്പെട്ട് തിരക്കഥാകൃത്ത് എം.ടി വാസുദേവൻ നായർക്ക് സംവിധായകൻ വി.എ ശ്രീകുമാറിന്റെ വക്കീൽ നോട്ടീസ്. സുപ്രീം കോടതി അഭിഭാഷകനായ ടി.ആർ വെങ്കിട സുബ്രഹ്മണ്യമാണ് ശ്രീകുമാറിന് വേണ്ടി എം.ടിക്ക് നോട്ടീസയച്ചത്. 1.25 കോടി രൂപ എം.ടിക്ക് നേരിട്ടും 75 ലക്ഷം രൂപ എഗ്രിമെന്റിൽ എം.ടി നിർദേശിച്ച അംഗീകൃത പ്രതിനിധിയായ പെപ്പിൻ തോമസിനും ഇതുവരെയായി നൽകിയിട്ടുണ്ട്. രണ്ടുകോടി രൂപയാണ് തിരക്കഥയ്ക്ക് പ്രതിഫലമായി നിശ്ചയിച്ചത്. കൂടാതെ രണ്ടാമൂഴം പ്രൊജക്ടിനായി നാല് വർഷത്തെ ഗവേഷണത്തിനും പ്രൊജക്ട് റിപ്പോർട്ടുകൾക്കും മറ്റുമായി ശ്രീകുമാർ പന്ത്രണ്ടര കോടി രൂപയും ചെലവാക്കിയിട്ടുണ്ട്. ചെലവാക്കിയ മുഴുവൻ തുകയും പലിശയും ഉൾപ്പെടെ 20 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
കരാറിൽ പറഞ്ഞ സമയത്തിനും മാസങ്ങൾ വൈകിയാണ് മലയാളം തിരക്കഥ ലഭിച്ചതെന്ന് നോട്ടീസിൽ പറയുന്നു. പിന്നീട് മാസങ്ങൾ കഴിഞ്ഞാണ് ഇംഗ്ലീഷ് തിരക്കഥ ലഭിച്ചത്. നിർമ്മാതാവും സംവിധായകനുമായ ശ്രീകുമാറിനൊപ്പം എം.ടി പലവട്ടം ചർച്ച നടത്തി തിരക്കഥയുടെ അന്തിമ രൂപം നൽകിയപ്പോഴേക്കും പതിനെട്ട് മാസങ്ങൾ കഴിഞ്ഞിരുന്നു. തിരക്കഥയ്ക്ക് അന്തിമരൂപമായതിനു ശേഷം മാത്രമാണ് പ്രീ പ്രൊഡക്ഷൻ ജോലികൾ, പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കൽ എന്നിവ ആരംഭിക്കാൻ കഴിഞ്ഞത്. ഈ കാലയളവ് കണക്കാതെയാണ് സമയം തെറ്റിച്ചു എന്ന വാദം മുൻനിർത്തി എം.ടി കോടതിയിൽ കേസ് ഫയൽ ചെയ്തത്. അതുവരെ എം.ടിയെ വിശ്വസിച്ച് പണമിറക്കുകയും രണ്ടാമൂഴം എന്ന തിരക്കഥയെ ഒരു പരിപൂർണ പ്രൊജക്ടായി മാറ്റുവാനും ചെയ്ത ശ്രമങ്ങളെല്ലാം വെറുതെയായി.
മുന്നൊരുക്കമില്ലെന്ന എം.ടിയുടെ വാദം തെറ്റ്
യാതൊരുവിധ മുന്നൊരുക്കങ്ങളും ശ്രീകുമാർ ചെയ്തില്ലായെന്നും ഈ സിനിമയിൽ പണം മുടക്കാനുള്ള നിക്ഷേപകരെ കണ്ടെത്തിയില്ല എന്നുമുള്ള എം.ടിയുടെ വാദം ശ്രീകുമാർ വക്കീൽ നോട്ടീസിൽ ഖണ്ഡിക്കുന്നു. ഡോ.ബി.ആർ.ഷെട്ടി രണ്ടാമൂഴം ആസ്പദമാക്കിയുള്ള സിനിമ ശ്രീകുമാറുമായി അബുദാബിയിൽ വച്ച് പത്രസമ്മേളനത്തിൽ പരസ്യമായി പ്രഖ്യാപിക്കുകയും അതിൽ എം.ടി ഈ പ്രോജക്ട് ഫലപ്രാപ്തിയിലായതിലുള്ള സന്തോഷം വീഡിയോ ബൈറ്റിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. അവസാന കരാർ ഒപ്പിടുന്നതിന് ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് എം.ടി കേസുമായി കോടതിയിൽ പോയത്. ഇതിന് ശേഷം ബി.ആർ.ഷെട്ടി നടത്തിയ പ്രസ്താവനകളിൽ സംവിധായകനും എഴുത്തുകാരനും തമ്മിലുള്ള കേസിന്റെ കാരണം കൊണ്ടാണ് താൻ ഈ പ്രോജക്ടിൽ നിന്നും പിന്മാറുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാമത് രംഗത്തുവന്ന നിക്ഷേപകനായ എസ്.കെ.നാരായണനും ഈ കേസ് ചൂണ്ടികാണിച്ചാണ് പിന്മാറിയത്.
എം.ടിയുടെ ആവശ്യപ്രകാരം ഫിലിം ചേംബറിന്റെ മധ്യസ്ഥശ്രമത്തിൽ ശ്രീകുമാർ നടത്തിയ ഗവേഷണങ്ങളുടെയും മുന്നൊരുക്കങ്ങളുടെയും വിശദ വിവരങ്ങളും ചെലവാക്കിയ തുകയുടെ കണക്കുകളും ചേംബർ പ്രതനിധികളുടെ മുൻപാകെ അവതരിപ്പിച്ചിരുന്നു. ഇതേ തുടർന്ന് കൂടിക്കാഴ്ചയ്ക്ക് ഹാജരായ എം.ടിയുടെ മകൾ അശ്വതിയെ ഇതേ കുറിച്ചുള്ള വിവരങ്ങൾ ധരിപ്പിക്കുകയും അവർക്കത് ബോധ്യപ്പെടുകയും ചെയ്തതാണ്. എന്നാൽ പിന്നീട് അവർ നിലപാട് മാറ്റുകയാണുണ്ടായത്. രണ്ടാമൂഴം എന്ന പ്രോജക്ട് നടക്കരുത് എന്ന് ആഗ്രഹമുള്ളവരുടെ തെറ്റായ പ്രചരണത്തിൽ എം.ടി വീണുപോയതാണ് ഈ പ്രോജക്ട് മുന്നോട്ട് പോകാതിരിക്കാനുള്ള കാരണം.
കേരള ഫിലിം ചേംബറിൽ എർത്ത് ആൻഡ് എയർ ഫിലിംസിന്റെ ബാനറിൽ വി.എ ശ്രീകുമാർ സംവിധായകനായി ഈ ചിത്രം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ എം.ടി, മോഹൻലാൽ എന്നിവരുടെ സമ്മതപത്രം കൂടി ഉൾപ്പെടുത്തിയാണ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്.