adithya

തിരുവനന്തപുരം: ശാസ്‌തമംഗലത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനും മരിച്ചു. ശാസ്‌തമംഗലം ബിന്ദുലയിൽ കെ.വി. മനോജിന്റെ മകൻ ആദിത്യ ബി. മനോജാണ് (22) മരിച്ചത്. ശാസ്‌തമംഗലം വെള്ളയമ്പലം റോഡിൽ ഡിസംബർ 29നാണ് അപകടമുണ്ടായത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ആദിത്യ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ആദിത്യയുടെ അവയവങ്ങൾ ദാനം ചെയ്‌തു. പുതുവർഷത്തെ ആദ്യ അവയദാനമാണിതെന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. അപകടത്തിന്റെ കാരണം ഇതുവരെയും കണ്ടെത്തിയിട്ടില്ല. മറ്റൊരാളും അപകടത്തിൽ മരിച്ചിരുന്നു. റോഡ് മുറിച്ചുകടന്ന നെടുമങ്ങാട് വാളിക്കോട് ദാറുൽ ഷിഫായിൽ അബ്ദുൾ റഹീമാണ് (44) മരിച്ചത്. ഉൗബർ ഈറ്റ്‌സ് ഭക്ഷണവിതരണക്കാരനായ റഹീം ഓർഡറെടുത്തശേഷം റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. സി.സി ടി.വി ദൃശ്യങ്ങളുടെയും ഫോറൻസിക് വിദഗ്ദ്ധരുടെയും സഹായത്തോടെ അന്വേഷണം തുടരുകയാണ്. അമിതവേഗത്തിലെത്തിയ കാറാണ് അപകടത്തിനിടയാക്കിയതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ റോഡ് മുറിച്ചുകടന്ന റഹീമിനെ ആദിത്യയുടെ ബൈക്ക് ഇടിക്കുകയായിരുന്നെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോൾ. അപകടസ്ഥലത്ത് ഇതേ സമയത്തുണ്ടായിരുന്ന കാർ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. ആദിത്യ അന്നുമുതൽ അബോധാവസ്ഥയിലായിരുന്നതിനാൽ മൊഴിയെടുക്കാനായില്ല. മാർ ഗ്രിഗോറിയോസ് ലാ കോളേജിലെ നാലാം വർഷ നിയമ വിദ്യാർത്ഥിയായിരുന്നു ആദിത്യ. അമ്മ ബിന്ദു. സഹോദരി സ്വാസ്‌തിക. ഇന്ന് ഉച്ചയ്ക്ക് മൂന്നിന് നാലാഞ്ചിക മാർ ഇവാനിയോസ് നഗറിലെ സെന്റ് മേരിക്യൂൻ ഒഫ് പീസ് ബസലിക്ക സെമിത്തേരിയിൽ സംസ്‌കാരം നടക്കും.

വ്യക്തമാകാതെ അപകടം

അപകടസമയം ബൈക്കിനൊപ്പം കാറും റോഡിലുള്ളതായി സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ചാരനിറത്തിലുള്ള സെൻ എസ്റ്റിലോ കാറാണിത്. അപകടത്തിന് ശേഷം കാർ റോഡിന് ഇടതുവശത്തേക്ക് ഒതുക്കി നിറുത്തിയിരുന്നു. കാറിന്റെ മുൻവശത്ത് കേടുപാടുകളൊന്നുമില്ലെന്ന് ദൃശ്യങ്ങളിൽ അറിയാമെങ്കിലും നമ്പർ വ്യക്തമല്ല. കാറിൽ നിന്നും ഇറങ്ങിയതെന്ന് സംശയിക്കുന്ന ഒരാൾ അപകടം നടന്ന സ്ഥലത്ത് വരുന്നതും നോക്കിയ ശേഷം മടങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. കാറോടിച്ച വ്യക്തിയാണോ ഇയാളെന്ന് സംശയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് രേഖാചിത്രം തയാറാക്കി. ജില്ലയിലെ വിവിധ ആർ.ടി.ഓഫീസുകളിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള ഇതേ മോഡൽ കാറുകളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

പുതുവർഷത്തിൽ ആദിത്യ

ജീവനേകുന്നത് അഞ്ചുപേർക്ക്

പുതുവർഷത്തിലെ ആദ്യ അവയവദാതാവായി ആദിത്യ മാറുമ്പോൾ മകന്റെ അവയവങ്ങൾ അഞ്ച് പേരിൽ തുടിക്കുന്നതിന്റെ ആശ്വാസമുണ്ട് വീട്ടുകാർക്ക്. ആദിത്യയുടെ മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ കിംസ് ആശുപത്രിയിലെ ട്രാൻസ്‌പ്ലാന്റ് പ്രൊക്യുർമെന്റ് മാനേജർ ഡോ. മുരളീധരൻ അവയവദാനത്തിന്റെ പ്രസക്തി കുടുംബാംഗങ്ങളെ ധരിപ്പിച്ചു. തീരാവേദനയിലും മാതാപിതാക്കൾ അവയവദാനത്തിന് തയ്യാറായി. സർക്കാരിന്റെ മരണാനന്തര അവയവദാന ഏജൻസിയായ മൃതസഞ്ജീവനി അപ്രോപ്രിയേറ്റ് അതോറിട്ടിയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ.എ. റംലാബീവി അവയവദാനത്തിന് വേണ്ട നടപടികൾ സ്വീകരിച്ചു. ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും നേത്രപടലങ്ങൾ കണ്ണാശുപത്രിയിലും നൽകി. മൃതസഞ്ജീവനി കൺവീനറും മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ.എം.കെ. അജയകുമാർ, നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ് എന്നിവർ നേതൃത്വം നൽകി.