തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന സമരം വിജയിച്ചേ മതിയാകൂവെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി പറഞ്ഞു. പൗരത്വ നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി മുൻ പ്രസിഡന്റും നെഹ്‌റു സെന്റർ ചെയർമാനുമായ എം.എം.ഹസൻ രാജ്ഭവന് മുന്നിൽ നടത്തിയ 24 മണിക്കൂർ ഉപവാസത്തിന്റെ സമാപനസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള ജീവന്മരണ പോരാട്ടമാണിത്. പോരാടി നേടിയ സ്വാതന്ത്ര്യം മോദിക്കും അമിത് ഷായ്ക്കും മുന്നിൽ അടിയറവുവയ്ക്കാനുള്ളതല്ല. എതിർശബ്ദങ്ങളെ അക്രമികളെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ല. മറ്റ് സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് ഇല്ലാത്ത അത്യുത്സാഹമാണ് പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിക്കുന്നതിൽ കേരള ഗവർണർക്കെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

മോദിയുടെ അജൻഡ ഇന്ത്യയെ വർഗീയ ഭ്രാന്താലയമാക്കുമെന്ന് വി.എം. സുധീരൻ പറ‌ഞ്ഞു. ഭരണ പരാജയം മറക്കാനാണ് ഇത്തരം കൊള്ളരുതായ്മകൾ ചെയ്യുന്നത്. ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ഒരുപോലെയാണെന്നും സുധീരൻ കുറ്റപ്പെടുത്തി. മോദി ഭരണത്തിൽ കൈമോശം വന്ന സമാധാനവും ഐക്യവും സഹിഷ്ണുതയും വീണ്ടെടുക്കാനുള്ള പോരാട്ടമാണ് രാജ്യത്തിപ്പോൾ നടക്കുന്നതെന്ന് എം.എം.ഹസൻ പറഞ്ഞു. ഫാസിസ്റ്റ് ഭരണാധികാരികൾക്ക് വേണ്ടി സംസാരിക്കുന്ന ഗവർണർ കേരള ചരിത്രം പഠിച്ചാൽ സർ സി.പി എങ്ങനെയാണ് നാടുവിട്ടതെന്ന് മനസിലാകുമെന്നും ഹസൻ പറഞ്ഞു.

ആർച്ച് ബിഷപ്പ് സൂസപാക്യം, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഇബ്രാഹിം മൗലവി, തമ്പാനൂർ രവി, പാലോട് രവി, എൻ.ശക്തൻ, എം.വിൻസന്റ് എം.എൽ.എ, പന്തളം സുധാകരൻ, വർക്കല കഹാർ, എം.എ.ലത്തീഫ്, എം.ആർ.തമ്പാൻ, പി.എസ്.പ്രശാന്ത്, എൻ.എസ്.നുസൂർ, ജെ.എസ്.അഖിൽ, കാട്ടൂർ നാരായണപിള്ള, വിളക്കുടി രാജേന്ദ്രൻ, സുദർശനൻ കാർത്തികപറമ്പിൽ, മണക്കാട് സുരേഷ്, സൈമൺ അലക്‌സ്, ഇ.എം.നജീബ്, പി.എസ്.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.