വക്കം: വീശിയടിക്കുന്ന കാറ്റിന് കുളിരേകുന്ന കായൽ സൗന്ദര്യവും സഞ്ചാരികളെ മാടിവിളിക്കുന്നു. കാഴ്ചയുടെ നവ്യാനുഭവം സമ്മാനിച്ച് ടൂറിസത്തിന്റെ അനന്തസാദ്ധ്യതകളും പേറി പൊന്നും തുരുത്ത് യാത്രികരുടെ വരവും കാത്ത് കിടക്കുന്നു. വക്കം ഗ്രാമ പഞ്ചായത്തിൽ പണയിൽക്കടവ് പാലത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറുദ്വീപാണ് പൊന്നും തുരുത്ത് അഥവാ ഗോൾഡൻ ഐലൻഡ്. അഞ്ചുതെങ്ങ് കായലും, കളമുട്ടം കായലും ചേർന്ന് കാഴ്ചയുടെ പച്ചത്തുരുത്ത് ഒരുക്കിയെന്നാണ് നാട്ടു ഭാഷ്യം. വക്കം ഗ്രാമ പഞ്ചായത്തിന്റെ മൂന്നതിരും കായലാണ്. തിരുവനന്തപുരം ജില്ലയിൽ ഇത്രയും ദൃശ്യഭംഗിയുള്ള കായൽത്തീരം വേറെയില്ല. കോട്ടയത്തിന് കുമരകം പോലെയാണ് അഞ്ചുതെങ്ങ് കയലിലെ പൊന്നും തുരുത്ത് .അഞ്ചുതെങ്ങ് കായലിലെ ഏക ദീപാണിത്. പണയിൽക്കടവിൽ നിന്ന് നോക്കിയാൽ മനോഹരമായ പൊന്നിൻ തുരുത്തിന്റെ മനോഹാരിത നുകരാം. കാഴ്ചയുടെ ഈ അനന്ത സാദ്ധ്യതകൾ പരിപോഷിപ്പിക്കുന്നതിലുണ്ടായ അലംഭാവമാകാം ഈ ടൂറിസം സാദ്ധ്യതയ്ക്ക് വേണ്ടത്ര പരിഗണന കിട്ടാതെ പോകാൻ കാരണം.
ഒരു കാലത്ത് കയറിന്റെ ഈറ്റില്ലമായിരുന്നു വക്കം. കയറുല്പാദനത്തിന് തൊണ്ട് ആവശ്യമായിരുന്നു. അതിനായി വേണ്ടുവോളം തെങ്ങും ഇവിടെയുണ്ടായിരുന്നു. തേങ്ങയും, കയറും സമ്പന്നമായിരുന്ന വക്കത്ത് തെങ്ങുകൾ നശിച്ചതോടെ കയർ വിപണിയും അസ്തമിച്ചു.
തൊഴിലാളികൾ പട്ടിണിയിലുമായി. പൊന്നും തുരുത്ത് കേന്ദ്രീകരിച്ച് നടന്നിക്കുന്ന മത്സ്യ ബന്ധനം പേരു കേട്ടതാണ് പ്രത്യേകിച്ച് കരിമീനിന് .തെക്കൻ കേരളത്തിൽ രൂചിയുള്ള കരിമീൻ ലഭിക്കുന്ന സ്ഥലമാണിത്. ഇത് കേട്ടറിഞ്ഞ് മാറ്റിടങ്ങളിൽ നിന്ന് കരിമീൻ വാങ്ങാനെത്തുന്നവർ ഏറെയാണ്. കായൽ മാലിന്യം കൊണ്ട് നിറഞ്ഞതോടെ കരിമീനും കുറഞ്ഞു.
കായൽ ടൂറിസത്തിന്റെ ഭാഗമായി പണയിൽക്കടവിൽ ബോട്ട് ജട്ടിയുണ്ടങ്കിലും യാതൊരു പ്രയോജനവുമില്ല.നേരത്തെ കായൽ തീരത്ത് നിന്ന് 3 മീറ്റർ സ്ഥലം ഏറ്റെടുത്ത് നടപ്പാതയും കൈവരിയും നിർമ്മിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ചുവപ്പ് നാടയിൽ കുരുങ്ങി .ഈ പദ്ധതി യാഥാർത്ഥ്യമായെങ്കിൽ വക്കത്തിന്റെ ഗതി മാറുമായിരുന്നു.
ഈ തുരുത്തിലെ ശിവ - പാർവ്വതീ ക്ഷേത്രമാണ് പ്രധാന ആകർഷണ കേന്ദ്രം. ഒരു നൂറ്റാണ്ട് പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. ഈ ദ്വീപ് ക്ഷേത്രം വക ഭൂമിയാണ് .പൊന്നുംതുരുത്ത് എന്ന പേര് ഈ ദ്വീപിന് വന്നുകിട്ടിയതിന് പുറകിൽ ഒരു കഥയുണ്ട്. തിരുവിതാംകൂറിലെ പട്ടമഹിഷിമാർ ഇടയ്ക്ക് ഈ കോവിൽ സന്ദർശിച്ചിരുന്നു. കോവിലിൽ പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ ആഭരണങ്ങൾ ഊരി തുരുത്തിന്റെ ഏതെങ്കിലും കോണിൽ ഒളിച്ചുവയ്ക്കുമായിരുന്നു. ദ്വീപിന് പൊന്നുംതുരുത്തെന്ന പേര് അങ്ങനെ സിദ്ധിച്ചതാണെന്നാണ് ഐതിഹ്യം. 'പൊന്നിൽ തീർത്ത ദ്വീപ്' എന്നാണ് ഈ പേരിന്റെ ഭാഷാർത്ഥം