കാട്ടാക്കട: കേരളത്തിലെ വിദ്യാഭ്യാസ മികവുകൾ പഠിക്കാൻ ഉത്തരാഖണ്ഡ് ടീം തലസ്ഥാനത്തെത്തി. പൊതു വിദ്യാഭ്യാസ രംഗത്തെ കേരള മാതൃക ബോദ്ധ്യപ്പെടുകയാണ് ഉത്തരാഖണ്ഡിലെ വിദ്യാഭ്യാസ വിദഗ്ദ്ധരുടെ സന്ദർശനത്തിന്റെ ലക്ഷ്യം. സംസ്ഥാനത്ത് പാഠപുസ്തകങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ക്യൂ.ആർ. കോഡ്സമ്പ്രദായം ഏറെ ഫലപ്രദമാണെന്ന് വിദഗ്ദ്ധസംഘം പറയുന്നു. പൊതു വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുന്നതിന് കേരളം നടപ്പിലാക്കുന്ന വിവിധ പരിപാടികളെപ്പറ്റിയും സംഘം മനസ്സിലാക്കി. എസ്.സി.ഇ.ആർ.ടി നടപ്പിലാക്കിയ റെലീഷ് ഇംഗ്ലീഷ്, പ്യാരി ഉറുദു, അഹ്ലൻ അറബിക്, സംസ്കൃത മാധുരി തുടങ്ങിയ പദ്ധതികളിൽ സംഘം താത്പര്യം അറിയിച്ചു.എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ. പ്രസാദ് സംഘത്തിന് വിശദാംശങ്ങൾ നൽകി. റിസർച്ച് ഓഫീസർ ഡോ.ബി. ശ്രീജിത്ത് ചർച്ചകൾക്ക് നേതൃത്വം നൽകി. റൂർക്കി ഡയറ്റ് ഫാക്കൽറ്റിയംഗം മുജീബ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം വിവിധ ഡയറ്റുകൾ, സ്കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ സന്ദർശിച്ചു.