jan10e

ആ​റ്റിങ്ങൽ: തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ഇനി പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് പഠിക്കാം. 1991ൽ സ്‌കൂളിൽ നിന്നും പഠിച്ചിറങ്ങിയ എസ്.എസ്.എൽ.സി ബാച്ചിന്റെ കൂട്ടായ്മയായ 'എവർഗ്രീൻ 91' ആണ് ഒരു ലക്ഷത്തിലധികം രൂപ ചെലവഴിച്ച് വിദ്യാർത്ഥികൾക്കായി ഹരിത ക്ലാസ് നിർമ്മിച്ച് നൽകിയത്. 90 കാലഘട്ടങ്ങളിൽ സ്‌കൂളിൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപകർ ക്ലാസ് റൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഹരിതവിദ്യാലയത്തിനുള്ള സംസ്ഥാന തല പുരസ്‌കാരം സ്‌കൂളിന് ഈയടുത്ത് ലഭിച്ചിരുന്നു. സ്‌കൂളിലെ ഹരിത ഉദ്യാനത്തിനു സമീപത്താണ് ഹരിത ക്ലാസും ഒരുക്കിയിരിക്കുന്നത്. പ്രിൻസിപ്പൽ എച്ച്. ജയശ്രീ, പി.ടി.എ പ്രസിഡന്റ് ജി. സജയകുമാർ, സന്തോഷ്‌ തോന്നയ്ക്കൽ, ശ്രീകണ്ഠൻ നായർ, എവർഗ്രീൻ ഭാരവാഹികളായ സതീഷ്, ഷിജി, വിനയ്, ഉമതൃദീപ് മുൻകാല അദ്ധ്യാപകരായ ജലീൽ, സിയാവുദ്ദീൻ, വിക്രമൻനായർ, തങ്കപ്പൻനായർ, എം.എം. യൂസഫ് റസീന, രാജഗോപാലൻ, വിജയൻ, നകിയമ്മ, ലീന, വിജയമ്മ, ആനന്ദവല്ലി എന്നിവർ പങ്കെടുത്തു.