kummanm-rajasekharan

തിരുവനന്തപുരം: തന്റെ കെടുകാര്യസ്ഥതയും വീഴ്‌ചയും മറയ്ക്കാൻ നിരന്തരം കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന പരിപാടി മന്ത്രി തോമസ് ഐസക് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി മുൻ സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിവിവരം വ്യക്തമാക്കുന്ന സമ്പൂർണ വിവരപത്രിക പുറപ്പെടുവിക്കണം. അനാവശ്യമായി വായ്പയെടുക്കുന്നത് നിയന്ത്രിക്കാനാണ് വായ്പാപരിധി വെട്ടിക്കുറച്ചത്. ട്രഷറി നിക്ഷേപങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക ആസൂത്രണത്തിന്റെയും വായ്പയെടുക്കുന്നതിന്റെയും ഭാഗമാണെന്ന് നല്ല ബോദ്ധ്യമുണ്ടായിട്ടും കേന്ദ്രം പണം തരുന്നില്ലെന്ന് വരുത്തിത്തീർക്കാനാണ് ഐസകിന്റെ ശ്രമം. ഡിസംബറിന് ശേഷം ജി.എസ്.ടി നഷ്ടപരിഹാരം നിറുത്തലാക്കാനാണ് നീക്കമെന്ന് പ്രചരിപ്പിക്കുന്നതും നുണയാണ്. സാമ്പത്തികപ്രശ്നങ്ങൾക്ക് നടുവിലും കേരളസഭ പോലുള്ള ധൂർത്തിനും ജനങ്ങൾക്കെതിരായ കേസുകൾ നടത്താനും കേന്ദ്രത്തിനെതിരെ പരസ്യം നൽകി പാർട്ടി പ്രചാരണം നടത്താനുമാണ് സംസ്ഥാന സർക്കാർ കോടികൾ ചെലവിടുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി.