തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശന വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം ഉടൻ നൽകില്ല. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന മുൻ നിലപാട് തുടരാനും ഇന്നലെ നടന്ന ബോർഡ് യോഗത്തിൽ തീരുമാനമായി. ഒൻപതംഗ ഭരണഘടനാ ബഞ്ച് 13ന് കേസ് പരിഗണിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഭരണസമിതി ശബരിമല വിഷയം ചർച്ച ചെയ്തത്.
കോടതി ആവശ്യപ്പെട്ടാൽ മാത്രമേ പുതിയ സത്യവാങ്മൂലം ആലോചിക്കുകയുള്ളൂവെന്നും ശബരിമല വിഷയത്തിൽ ഇപ്പോഴത്തെ ബോർഡിന് പ്രത്യേക നിലപാടില്ലെന്നും യോഗത്തിന് ശേഷം പ്രസിഡന്റ് എൻ.വാസു മാദ്ധ്യമങ്ങളോട് പറഞ്ഞു. പുനഃപരിശോധനാ ഹർജി പരിഗണിക്കുന്ന 13ന് സുപ്രീംകോടതിയിലെത്താൻ ബോർഡിന് അറിയിപ്പ് കിട്ടിയിട്ടില്ല.
ആചാരാനുഷ്ഠാനങ്ങൾ വിലയിരുത്തി പുതിയ സത്യവാങ്മൂലം നൽകുമെന്നാണ് എൻ.വാസു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ബോർഡ് സ്വന്തം നിലയിൽ നിലപാടെടുക്കുമെന്ന് ദേവസ്വം മന്ത്രിയും പറഞ്ഞിരുന്നു. എന്നാൽ യോഗത്തിൽ അതൊന്നുമുണ്ടായില്ല. തീർത്ഥാടന കാലം സമാധാനാന്തരീക്ഷത്തിൽ നടക്കുന്നതും കഴിഞ്ഞ വർഷത്തെക്കാൾ കുത്തനേ ഉയർന്ന വരുമാനവും പരിഗണിച്ചാണ് നിലപാടിൽ മാറ്റം വരുത്താൻ ബോർഡ് നീക്കം നടത്തിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ എ. പത്മകുമാർ പ്രസിഡന്റായ ദേവസ്വം ബോർഡ് യുവതീ പ്രവേശന വിധിയെ അനുകൂലിക്കുന്ന നിലപാടാണ് കോടതിയിലെടുത്തത്. റിവ്യു ഹർജി കൊടുക്കാൻ വിസമ്മതിച്ചെങ്കിലും സാവകാശ ഹർജി നൽകിയിരുന്നു.
'സുപ്രീംകോടതി വിധി അനുസരിക്കില്ലെന്ന് പറയാൻ ആർക്കും കഴിയില്ല. 2016ൽ നൽകിയ സത്യവാങ്മൂലം ഇപ്പോഴും നിലനിൽക്കുന്നു. പുതിയ സത്യവാങ്മൂലം സുപ്രീംകോടതി ആവശ്യപ്പെട്ടാൽ നൽകും. അപ്പോൾ ഭക്തരുടെ താല്പര്യം പരിഗണിക്കും. ചാടിക്കയറി നിലപാടെടുക്കില്ല."
- എൻ.വാസു,
ദേവസ്വം ബോർഡ് പ്രസിഡന്റ്