വിതുര: വിതുര പഞ്ചായത്തിലെ ബോണക്കാട് മേഖലയിൽ അധിവസിക്കുന്നവർ കുടിനീരിനായി പരക്കം പായുകയാണ്. ഇരുപത് വർഷമായി അടഞ്ഞുകിടക്കുന്ന ബോണക്കാട് എസ്റ്റേറ്റിലെ തൊഴിൽ നഷ്ട തൊഴിലാളികളാണ് ആവശ്യത്തിന് കുടിവെള്ളം കിട്ടാതെ നെട്ടോട്ടമോടുന്നത്. കുടിവെള്ള പ്രശ്നം ത്രിതല പഞ്ചായത്ത് അധികാരികൾക്ക് മുന്നിൽ അവതരിപ്പിച്ചെങ്കിലും നടപടികളില്ല. ബോണക്കാട് ജി.ബി. ഡിവിഷൻ മേഖലയിലാണ് കൂടുതൽ ജലക്ഷാമം. ഇവിടെ വേണ്ടത്ര കിണറുകൾ നിർമ്മിച്ചിട്ടില്ല. നിലവിലുള്ള കിണറുകളിൽ ഭൂരിഭാഗവും ഇതിനകം വറ്റികഴിഞ്ഞു. ചില കിണറുകളിൽ മലിനജലമാണുള്ളത്. ജി.ബി. ഡിവിഷനിലെ കുടിവെള്ള പ്രശ്നം ചൂണ്ടിക്കാട്ടി മുൻ പഞ്ചായത്ത് മെമ്പർ മറിയക്കുട്ടി സർക്കാരിന് നിവേദനം നൽകിയിരുന്നു. ഗവൺമെന്റ് പ്രതിനിധികൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയെങ്കിലും തുടർനടപടികളുണ്ടായില്ല. തിരഞ്ഞെടുപ്പ് വേളകളിൽ വോട്ട് തേടിയെത്തുന്ന രാഷ്ട്രീയക്കാർക്ക് മുന്നിൽ കുടിവെള്ളപ്രശ്നം ഉയർത്തുമ്പോൾ വിജയിപ്പിച്ചാൽ പ്രശ്നം പരിഹരിക്കാമെന്ന വാഗ്ദാനം നൽകാറുണ്ടെന്നും കാര്യം സാധിച്ചാൽ തിരിഞ്ഞു നോക്കാറില്ലെന്നുമാണ് തൊഴിലാളികളുടെ പരാതി.
വെള്ളമുണ്ട്, പാണ്ടിപത്തിൽ നിന്നും, പക്ഷേ...
ബോണക്കാട് മേഖലയിൽ കുടിവെള്ളം എത്തുന്നത് ബോണക്കാട് നിന്നും ആറ് കിലോമീറ്റർ ദൂരെ പാണ്ടിപത്ത് വനമേഖലയിൽ നിന്നുമാണ്. പാണ്ടിപത്തിലൂടെ ഒഴുകുന്ന അരുവിയിൽ നിന്നും ജലം ടാങ്കിൽ എത്തിച്ച് വനത്തിലൂടെ പൈപ്പ് ലൈൻ വലിച്ചാണ് തൊഴിലാളികൾക്ക് ജലം നൽകി വരുന്നത്. ബ്രിട്ടീഷുകാരുടെ കാലത്താണ് ഇൗ പദ്ധതി നടപ്പിലാക്കിയത്. പാണ്ടി പത്ത് മേഖലയിൽ ധാരാളം കാട്ടാനയും, കാട്ടുപോത്തും അധിവസിക്കുന്നുണ്ട്. വനത്തിലൂടെ വലിച്ചിരിക്കുന്ന പൈപ്പ് ലൈൻ കാട്ടാനകൾ ചവിട്ടിപൊട്ടിക്കുക പതിവാണ്. ഇതോടെ കുടിവെള്ള വിതരണം തടസപ്പെട്ടു. അനവധി തവണ ലൈൻ കാട്ടനകൾ നശിപ്പിച്ചിട്ടുണ്ട്. കുടിവെള്ളം മുടങ്ങുമ്പോൾ തൊഴിലാളികൾ പിരിവെടുത്ത് പൈപ്പ് ലൈൻ വീണ്ടും നന്നാക്കിയാണ് കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നത്. ഇപ്പോൾ വീണ്ടും കാട്ടാനകൾ പൈപ്പ് ലൈൻ നശിപ്പിച്ചിരിക്കുകയാണെന്ന് തൊഴിലാളികൾ പറയുന്നു.
വന്യമൃഗങ്ങൾ വിഹരിക്കുന്ന കൊടും കാട്ടിൽ നിന്നും വെള്ളം ശേഖരിച്ചാണ് തൊഴിലാളികൾ കഴിയുന്നത്.
പാണ്ടിപത്തിലെ അരുവിയിൽ നിന്നും വെള്ളം ശേഖരിക്കാൻ പോയ തൊഴിലാളികളെ കാട്ടാനകൾ ആക്രമിച്ചിട്ടുണ്ട്
പ്രദേശത്തെ തോടുകൾ പലതും ഇതിനോടകം വറ്റിക്കഴിഞ്ഞു
തത്‌സ്ഥിതി തുടർന്നാൽ വരൾച്ച ശക്തമാകുമ്പോൾ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന പേടിയിൽ ജനങ്ങൾ
പ്രതികരണം
ബോണക്കാട് ജി.ബി.ഡിവിഷനിലും പരിസരത്തും അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം.
എസ്റ്റേറ്റ് തൊഴിലാളികൾ
ബോണക്കാട് മേഖലയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത് അടിയന്തര നടപടികൾ സ്വീകരിക്കണം.
ഫെഡറേഷൻസ് ഒഫ് റസിഡന്റ്സ് അസോസിയേഷൻ
വിതുര മേഖലാ കമ്മിറ്റി ഭാരവാഹികൾ.