01

ശ്രീകാര്യം : ഭരണഘടന സംരക്ഷിക്കപ്പെടേണ്ട ബാദ്ധ്യത രാജ്യത്തെ വിദ്യാർത്ഥി സമൂഹത്തിനുണ്ടെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. കേരള സർവകലാശാല നിയമ പഠന വകുപ്പ് സംഘടിപ്പിച്ച ദ്വിദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന രാജ്യത്തെ ജനങ്ങൾ നിർബന്ധമായും വായിച്ചിരിക്കണം. ആഭ്യന്തര അടിയന്തരാവസ്ഥയെ സംബന്ധിച്ച് ഭരണഘടനയിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയ നേട്ടത്തിനായി അത് ദുരുപയോഗം ചെയ്യുകയായിരുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു. സെമിനാറിൽ ഇന്ത്യയിലെ നിയമ രംഗത്തെ പ്രമുഖർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കേരള സർവകലാശാല നിയമപഠന വകുപ്പ് മേധാവി ഡോ.സിന്ധു തുളസീധരന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഡോ.എൻ.കെ. ജയകുമാർ, സായ് യൂണിവേഴ്സിറ്റി ഡീൻ ഡോ. ആനന്ദ് പത്മനാഭൻ,സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ.കെ.എച്ച്. ബാബുജാൻ, ഡോ.എസ്.നസീബ്, അഡ്വ.അജികുമാർ എന്നിവർ സംസാരിച്ചു.