തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി വിഷയത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷവിമർശനവുമായി വീണ്ടും സി.പി.എം. മുല്ലപ്പള്ളിയുടെ നിലപാടുകളുടെ ഗുണഭോക്താക്കൾ സംഘപരിവാറും നരേന്ദ്ര മോദിയുമാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.
സംയുക്ത പ്രക്ഷോഭത്തിനെതിരെ രംഗത്ത് വന്ന മുല്ലപ്പള്ളിയെ വിമർശിച്ചും രമേശ് ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയെയും മുസ്ലിംലീഗിനെയും സ്വാഗതം ചെയ്തും നേരത്തേ പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ്, മുല്ലപ്പള്ളിക്കെതിരെ അടുത്ത വിമർശനം. റിപ്പബ്ലിക് ദിനത്തിലെ എൽ.ഡി.എഫ് മനുഷ്യച്ചങ്ങലയിൽ യു.ഡി.എഫ് കക്ഷികളെയടക്കം സഹകരിപ്പിക്കാൻ നീക്കം നടത്തുന്ന സി.പി.എം, കോൺഗ്രസിലെയും യു.ഡി.എഫിലെയും മറ്റ് നേതാക്കളെപ്പറ്റി മൗനം പാലിക്കുകയാണ്.
ദേശീയ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെടുത്ത നിലപാടുകളെക്കുറിച്ച് മുല്ലപ്പള്ളി നടത്തുന്ന പ്രസ്താവനകൾ സമനില തെറ്റിയ ജല്പനങ്ങളാണെന്ന് സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. നരേന്ദ്രമോദി സർക്കാരിന്റെ ഫാസിസ്റ്റ് നിലപാടുകൾക്കെതിരെ ദേശവ്യാപകമായി നടക്കുന്ന സമരങ്ങൾക്ക് ഊർജ്ജം പകർന്ന പങ്കാണ് കേരള സർക്കാരും മുഖ്യമന്ത്രിയും സ്വീകരിച്ചത്. എല്ലാവരേയും ഒരുമിപ്പിച്ച് സമരങ്ങൾ നടത്താനാണ് മുഖ്യമന്ത്രി മുൻകൈയെടുത്തത്. പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ദേശീയ പൗരത്വ രജിസ്റ്ററും നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കി. നിയമം പിൻവലിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം പാസ്സാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു. ഈ ധീരമായ നിലപാടുകൾ സാമ്രാജ്യത്വ വിരുദ്ധ ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യത്തിൽ ആവേശം ഉൾക്കൊള്ളുന്നവരും ദേശീയ ഐക്യവും മതനിരപേക്ഷതയും ഭരണഘടനയും നിലനിന്ന് കാണണമെന്നാഗ്രഹിക്കുന്നവരും കക്ഷിഭേദമന്യേ അംഗീകരിച്ചു. ഈ വിഷയത്തിൽ മുൻകൈയെടുക്കണമെന്ന് അഭ്യർത്ഥിച്ച് 13 ബി.ജെ.പിയിതര മുഖ്യമന്ത്രിമാർക്ക് മുഖ്യമന്ത്രി കത്തെഴുതി.
കോൺഗ്രസ്സിനേയും യു.ഡി.എഫിനേയും പിന്തുണയ്ക്കുന്നവരുൾപ്പെടെ അഭിനന്ദിച്ച ഈ നിലപാടിനെതിരെ തുടക്കം മുതൽ എതിർപ്പ് പ്രകടിപ്പിച്ചയാളാണ് മുല്ലപ്പള്ളി. കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾക്കും തെറ്റായ സാമ്പത്തിക നയങ്ങൾക്കുമെതിരെ രാജ്യമാകെ വ്യാപമായ പ്രതിരോധമുയരുമ്പോഴാണ് കെ.പി.സി.സി അദ്ധ്യക്ഷൻ കേരള മുഖ്യമന്ത്രിയെ തുടർച്ചയായി കടന്നാക്രമിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളി ഉന്നയിച്ച തീവ്രഹിന്ദുത്വവാദി'യെന്ന ആക്ഷേപം മുല്ലപ്പള്ളി ഒഴികെ ഒരു കേരളീയനും വിശ്വസിക്കില്ല. ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളിലൂടെ സ്വന്തം സ്ഥാനത്തിന്റെ മഹത്വമാണ് മുല്ലപ്പള്ളി ഇടിച്ചുതാഴ്ത്തുന്നത്.
ബി.ജെ.പി സർക്കാരുകളുടെ നിഷ്ഠുരമായ പൊലീസ് അതിക്രമങ്ങളും വെടിവയ്പുകളും നേരിട്ട് പുതുതലമുറയിലെ വിദ്യാർത്ഥികളും യുവാക്കളുമുൾപ്പെടെ ദശലക്ഷക്കണക്കിന് സാധാരണക്കാർ മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കാൻ തെരുവിൽ നടത്തുന്ന പോരാട്ടങ്ങളോട് വഞ്ചനാപരമായ നിലപാടാണ് കെ.പി.സി.സി അദ്ധ്യക്ഷന്റേത്. കേരളത്തിലെ ഇടതുസർക്കാർ സ്വീകരിച്ചത് പോലുള്ള നിലപാടുകൾ പല കോൺഗ്രസ്സ് സംസ്ഥാന സർക്കാരുകൾക്കും ഇതുവരെ സ്വീകരിക്കാനായിട്ടില്ല. അവരെ തിരുത്താനാണ് മുല്ലപ്പള്ളി തയ്യാറാകേണ്ടത്. സംഘപരിവാർ നയങ്ങൾക്കെതിരെ രാജ്യം ഒന്നിക്കേണ്ട സന്ദർഭത്തിൽ അതിന് മുൻകൈയെടുത്ത കേരള മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന വില കുറഞ്ഞ പ്രസ്താവനകൾ മുല്ലപ്പള്ളി അവസാനിപ്പിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.