nasarudheen

തിരുവനന്തപുരം:ഇരുപത്തഞ്ച് വർഷം മുമ്പ് ചിറകറ്റ് വീണിടത്തു നിന്ന് പുതിയ ചിറകുവിരിച്ച് ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് പുതിയ ആകാശത്തേക്ക് പറക്കും. ''ഇത്രയും നാൾ വനവാസമായിരുന്നു. തിരിച്ചുവരേണ്ട സമയമായി''- കമ്പനിയുടെ ചെയർമാൻ നാസറുദ്ദീൻ വാഹീദ് 'കേരളകൗമുദി'യോട് പറഞ്ഞു.

നാസറുദ്ദീന്റെ അനുജനും ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ എം.ഡിയുമായിരുന്ന തഖിയുദ്ദീൻ വാഹീദിനെ മുംബയിൽ അധോലോക ഗുണ്ടകൾ കൊലപ്പെടുത്തിയതോടെയാണ് ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാനക്കമ്പനിയായ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് നിലംപൊത്തിയത്. ഇപ്പോൾ തഖിയുദ്ദീന്റെ കൊലയാളി ഇജാസ് ലക്‌ഡാവാല അറസ്റ്റിലായിരിക്കുന്നു. അന്ന് ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന് എതിരായി പ്രവർത്തിച്ചവരും ക്ഷയിച്ചു തുടങ്ങി. അതുകൊണ്ടാണ് തിരിച്ചുവരാനുള്ള സമയം 72 കാരനായ നാസറുദ്ദീൻ കുറിച്ചത്.

''രാമൻ വനവാസത്തിനു പോയത് രാജ്യത്തിനു വേണ്ടിയും അനുജനു വേണ്ടിയുമാണ്. എന്റെ വനവാസ തുല്യമായ ജീവിതം അനുജനു വേണ്ടിയായിരുന്നു''- നാസറുദ്ദീന്റെ കണ്ണുകൾ നിറഞ്ഞു. അവന്റെ മരണം ഞങ്ങളുടെ എല്ലാം തകർത്തു. അന്ന് ഞാൻ ദൈവത്തെ കുറ്റം പറഞ്ഞു. ദൈവത്തോടും ദേഷ്യം വന്നിരുന്നു. പിന്നെ ദൈവത്തോടു മാപ്പു പറഞ്ഞു. ഉമ്മയും (സെൽമബീവി) ബാപ്പയും (അബ്ദുൾവാഹീദ്) വലിയ വിശ്വാസികളായിരുന്നു. പ്രാർത്ഥനകൾക്ക് ഫലമുണ്ടാകൻ പോകുന്നു. കേന്ദ്രസർക്കാരിൽ നിന്നും അനുകൂല സൂചന ലഭിച്ചിട്ടുണ്ട്. - ഇന്നലെ ഉച്ചയ്ക്ക ജുമാ നിസ്കാരത്തിനു ശേഷം ഇടവയിലെ വീട്ടിൽ വച്ചാണ് പുതിയ തീരുമാനങ്ങൾ നസറുദ്ദീൻ പങ്കുവച്ചത്.

തഖിയുദ്ദീന്റെ കൊലപാതകത്തിനു മുമ്പും ശേഷവും ഞങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു.
മുംബയിലെ പത്രങ്ങളിൽ ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന് എതിരായ വാർത്തകൾ വന്നിരുന്നു. മറ്റ് എയർലൈൻകാരായിരുന്നു അതിന്റെ പിന്നിൽ. അനുജന്റെ മരണത്തിന്റെ ഷോക്കും മറ്റ് ചില പ്രശ്നങ്ങളും ആയപ്പോൾ തൽക്കാലം വേണ്ട, പിന്നെ നോക്കാമെന്നായിരുന്നു തീരുമാനം. എയർപോർട്ട് അതോറിട്ടിക്കോ ഇന്ധനകമ്പനികൾക്കോ കുടിശികയില്ല.

ബാങ്കിന് 30 കോടി രൂപ കൊടുക്കാനുണ്ട് 100 കോടിയിൽ കുറയാത്ത ആസ്തി ബാങ്കിലുണ്ട്. അത് ഉടനെ ഒത്തുതീർപ്പാക്കും. കോവളത്ത് ഉൾപ്പെടെയുള്ള വസ്തുവകകൾ പ്രയോജനപ്പെടുത്തി ബിസിനസ് വിപുലമാക്കും. താൽപര്യമുള്ള കുടുംബാംഗങ്ങളെ മുഴുവൻ കൂട്ടും- അദ്ദേഹം പറഞ്ഞു.

 രാമായണം മനസിലാക്കിയത് പരമ്പരയിലൂടെ

രാമായണം പരമ്പരയുടെ സി.ഡി നസറുദ്ദീന് സമ്മാനിച്ചത് സാക്ഷാൽ രാമനന്ദ സാഗറാണ്. ഈസ്റ്റ്‌ വെസ്റ്റ് എയർലൈൻസിൽ ജോലി നൽകിയത് മതം നോക്കിയല്ല. ജീവനക്കാരിലേറെയും ഹിന്ദുക്കളായിരുന്നു.

ബാബ്‌റി മസ്ജിദ് തകർത്തപ്പോൾ ഒരാളും ഞങ്ങളുടെ ഓഫീസിനു നേരെ വന്നില്ല. ശിവസേനയുടെ ശക്തികേന്ദ്രത്തിലാണ് ഞങ്ങളുടെ ഓഫീസ്. അവിടെ ഒരു സിദ്ധിവിനായക ക്ഷേത്രത്തിൽ ഭക്തർക്ക് നമ്മുടെ ഓഫീസിൽ നിന്ന് വെള്ളം നൽകുമായിരുന്നു- അദ്ദേഹം പറഞ്ഞു.