കോവളം: പാചക വാതക സിലിണ്ടർ കൊണ്ട് മകനെ എറിഞ്ഞു പരിക്കേല്പിച്ച പിതാവ് പിടിയിൽ. വിഴിഞ്ഞം തെരുവ് പുതുവൽ പുത്തൻവീട്ടിൽ അനിൽ കുമാറിനെയാണ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. കെട്ടിട നിർമ്മാണ തൊഴിലാളിയായ അനിൽകുമാർ മദ്യപിച്ച് വീട്ടിൽ എത്തുകയും ഭാര്യ സന്ധ്യയെ മർദ്ദിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. വീട്ടുപകരണങ്ങൾ വലിച്ചെറിയുന്നതിനിടെ പാചക വാതക സിലിണ്ടർ എടുത്തെറിഞ്ഞെപ്പോൾ ഏഴ് വയസുകാരൻ മകൻ അഭിരാമിന്റെ കാലിൽ വീഴുകയായിരുന്നു. കുട്ടിയെ ഉടൻ വിഴിഞ്ഞം സി.എച്ച്.സിയിലും തുടർന്ന് മെഡിക്കൽ കോളേജ് അശുപത്രിയിലും പ്രവേശിപ്പിച്ചു. മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒളിവിൽ പോയ അനിൽകുമാറിനെ വിഴിഞ്ഞം പൊലീസ് എസ്.എച്ച്.ഒ പ്രവിൺ, എസ്.ഐ സജി എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.