asi-wilson

തിരുവനന്തപുരം: എ.എസ്.ഐ വിൽസണിന്റെ കൊലപാതകത്തിൽ ദുരൂഹത നീക്കാനാകാതെ പൊലീസ്. അക്രമികൾക്ക് ഭീകര ബന്ധമുണ്ടെന്ന് ഉറപ്പിച്ച് പറയുമ്പോഴും അവർ എന്തിന് ചെക്പോസ്റ്റ് ആക്രമിച്ചുവെന്നതിന് വ്യക്തമായ ഉത്തരമില്ല.

തമിഴ്നാട് പൊലീസിന്റെ ഭീകര വിരുദ്ധ സ്വാഡിൽ പ്രവർത്തിച്ചിട്ടുള്ള വിൽസൺ ചിലരുടെ വീട്ടിൽ കയറി മോശമായി പെരുമാറിയതിന്റെ വൈരാഗ്യമാകാം കാരണമെന്ന് പറയുമ്പോഴും സ്ഥിരീകരണമില്ല. കൊലയ്ക്ക് ശേഷം അക്രമികൾ കേരളത്തിലേക്കാണോ, തമിഴ്നാട്ടിലേക്കാണോ, അതല്ല കടൽ തീരത്തേക്കാണോ പോയതെന്നും ഉറപ്പില്ല. അക്രമികൾ രണ്ടുപേരാണോ, അതോ കൂടുതൽ പേരുണ്ടായിരുന്നോ, അവർക്ക് വാഹനസൗകര്യം ലഭിച്ചിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്കും ഉത്തരമില്ല. അക്രമിസംഘം മറ്റെന്തോ ചെയ്യാൻ ശ്രമിക്കുന്നത് കണ്ട വിൽസൺ ചോദ്യം ചെയ്തതിനെ തുടർന്നുള്ള മൽപ്പിടിത്തത്തിൽ കുത്തിവീഴ്ത്തുകയും ബഹളം കേട്ട് നാട്ടുകാർ വരുമെന്ന് കണ്ട് വെടിവച്ചു കൊല്ലുകയും ചെയ്തതാകാമെന്നും പൊലീസ് സംശയിക്കുന്നു.

ദൃക്സാക്ഷിയായ എസ്.ഐയുടെ മൊഴി

കളിയിക്കാവിള പൊലീസ് സാധാരണ കൊലക്കേസ് പോലെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അതിൽ ഭീകര ബന്ധം പറയുന്നില്ല. സംഭവത്തിന് സാക്ഷിയായ കളിയിക്കാവിള എസ്.ഐ ആർ.രഘു ബാലാജിയുടെ മൊഴി പ്രകാരമാണ് എഫ്.ഐ.ആർ തയാറാക്കിയത്. അതിൽ പറയുന്നത് ഇങ്ങനെയാണ്:

സംഭവ ദിവസം രാത്രി 9ന് മാർക്കറ്റ് റോഡിലെ ചെക്‌പോസ്റ്റിൽ പരിശോധനയ്ക്ക് എത്തുമ്പോൾ വിത്സണിനെ രണ്ട് പേർ വെടി വച്ച് വീഴ്ത്തിയ ശേഷം വലിച്ചിഴച്ച് റോഡിലിടുന്നത് കണ്ടു. ഒരാൾ വിത്സണിനെ വീണ്ടും വെടി വയ്ക്കുകയും മറ്റേയാൾ കത്തി കൊണ്ട് പലതവണ കുത്തുകയും ചെയ്തു. ഓടി അടുത്തെത്താൻ നോക്കിയപ്പോൾ തന്നെയും വെടിവയ്ക്കുമെന്ന് അക്രമികൾ പറഞ്ഞു. ശബ്ദം കേട്ട് ആളുകൾ വന്നപ്പോൾ പ്രതികൾ മുസ്ലിംപള്ളി വഴി ഓടി രക്ഷപ്പെട്ടു. ഉടൻ അവിടെയെത്തിയ മാർത്താണ്ഡം ഇൻസ്‌പെക്ടറുടെ വാഹനത്തിൽ വിൽസണിനെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.