തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾ ആവേശകരമാണെന്നും സമരം നിലച്ചു പോകരുതെന്നും നടി പാർവതി തിരുവോത്ത് പറഞ്ഞു. സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അവർ. ജീവനു വേണ്ടിയുള്ള സമരമാണ് നടക്കുന്നത്. മുംബയിൽ സമരത്തിൽ പങ്കെടുത്തപ്പോൾ അങ്ങനെയൊരു അനുഭവമാണ് തോന്നിയത്. തെരുവിലിറങ്ങി സമരം ചെയ്ത് പരിചയമില്ലെങ്കിൽ പോലും സമര മൈതാനം ഏറ്റവും സുരക്ഷിതമായി തോന്നി. ജനങ്ങളെ വിഭജിക്കുന്ന നയങ്ങൾക്കെതിരെ സമരങ്ങൾ ആവശ്യമാണ്. കുറച്ചു വർഷം മുമ്പ് വരെ മുസ്ലിങ്ങളും ദളിതുകളും അനുഭവിക്കുന്ന പ്രശ്നമെന്തെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഷൂട്ടിംഗ് സെറ്റിലും അല്ലാതെയും അടുത്തിടപഴകാൻ കഴിഞ്ഞപ്പോഴാണ് അവർ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ ബോദ്ധ്യപ്പെട്ടത്. ഒരു പൗരനെന്ന നിലയ്ക്ക് രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയിൽ ആവലാതിയുണ്ട്. പ്രത്യേക അജൻഡകൾ രൂപപ്പെടുന്നതു കാണുമ്പോൾ ചോര തിളയ്ക്കും, പ്രതികരിക്കും. സിനിമാമേഖലയിലെ സ്ത്രീസുരക്ഷയ്ക്കും തുല്യതയ്ക്കും വേണ്ടി പ്രതികരിക്കേണ്ടിവന്നതും ഇത്തരം അനീതികൾ കണ്ടപ്പോഴാണ്. ആദ്യമൊക്കെ ഒറ്റപ്പെടുത്തലും കളിയാക്കലും നേരിടേണ്ടി വന്നു. പക്ഷേ അപ്പോഴും ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ആരും തയ്യാറായില്ല. ഡബ്ല്യു.സി.സി എന്ന പ്ലാറ്റ്ഫോം ഉണ്ടായപ്പോൾ സ്ഥിതിക്ക് മാറ്റം വന്നു. ഇപ്പോൾ പുറത്തുവന്നിട്ടുള്ള ഹേമ കമ്മിഷൻ റിപ്പോർട്ടിനെപ്പറ്റി പ്രതീക്ഷയുണ്ട്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ സിനിമാമേഖലയിൽ മാറ്റങ്ങളുണ്ടാക്കും. അഥവാ തുരങ്കം വയ്ക്കലുകൾ ഉണ്ടായാൽ ഡബ്ല്യു.സി.സിയുടെ നേതൃത്വത്തിൽ ശക്തമായി പോരാടും.
പാർവതിയുടെ പ്രഭാഷണത്തോടെ ഇൗ വർഷത്തെ പ്രഭാഷണ പരമ്പരയ്ക്ക് സമാപനമായി. 111 ദിവസം നീണ്ടുനിന്ന സൂര്യ ഫെസ്റ്റിവലിന്റെ 42-ാമത് എഡിഷന്റെ സമാപനത്തോടനുബന്ധിച്ച് ഇന്ന് ടാഗോർ തിയേറ്ററിൽ 'മെലൂഹ' ഗ്രാൻഡ് ഫിനാലെ നടക്കും.