തിരുവനന്തപുരം: രാജ്യത്തിന്റെ ഭാഷയും സംസ്‌കാരവും രൂപപ്പെടുത്തിയത് കർഷകരാണെന്ന് സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിൽ ഊറ്റം കൊള്ളുന്നവർ ആ ആദിമ സംസ്‌കാരത്തെക്കുറിച്ചോ കർഷകരെക്കുറിച്ചോ മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരതാമിഷന്റെ ഒമ്പതാമത് സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവം യൂണിവേഴ്‌സിറ്റി കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരുമ്പടവം ശ്രീധരൻ, ഏഴാച്ചേരി രാമചന്ദ്രൻ, സുജ സൂസൻ ജോർജ്, പി. ശ്രീകുമാർ, ചിന്താ ജെറോം, പുന്നല ശ്രീകുമാർ എന്നിവർ ചേർന്ന് തിരിതെളിച്ചാണ് കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അദ്ധ്യക്ഷനായിരുന്നു. നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി. ബാബു, യൂണിവേഴ്സിറ്റി കോളേജ് പ്രിസൻസിപ്പൽ ഡോ. മണി തുടങ്ങിയവർ പങ്കെടുത്തു. സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല സ്വാഗതവും അസി. ഡയറക്ടർ കെ. അയ്യപ്പൻനായർ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ വിഭാഗങ്ങളിൽ തിരുവാതിര, നാടോടിനൃത്തം, സംഘനൃത്തം എന്നിവ അരങ്ങേറി. ഉദ്ഘാടനത്തിന് മുന്നോടിയായി 14 ജില്ലകളിൽ നിന്നുള്ള ആറായിരത്തോളം വരുന്ന സാക്ഷരതാപ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രയും ഉണ്ടായിരുന്നു.