നെയ്യാറ്റിൻകര: പ്ലാസ്റ്റിക് പൂർണമായും നിരോധിച്ചു എന്ന പ്രഖ്യാപനം വന്നിട്ടും നെയ്യാറ്റിൻകര നഗരസഭാ പ്രദേശത്തും സമീപ പഞ്ചായത്തുകളിലും പ്ലാസ്റ്റിക് മാലിന്യത്തിന് ഒരു കുറവില്ല. നഗരസഭയിലാകട്ടെ ചവർ സംസ്‌കരണ പ്ലാന്റില്ലാത്തതിനാൽ നീക്കം ചെയ്യുന്ന മാലിന്യം സംസ്കരിക്കാനും കഴിയുന്നില്ല. ചവർ സംഭരിക്കാനായി അവിടവിടെ സ്ഥാപിച്ചിട്ടുള്ള എയ്റോബിക് ബിന്നുകൾ പ്ലാസ്റ്റിക് പേപ്പറുകളും കുപ്പികളും കൊണ്ട് നിറഞ്ഞു. നിലവിൽ ഈ വേസ്റ്റുകളും നീക്കം ചെയ്യാനാവുന്നില്ല. റോഡരുകിൽ തള്ളുന്ന പ്ലാസ്റ്റിക് മാലിന്യം ശുചീകരണ തൊഴിലാളികൾ നിരത്ത് വക്കിലിട്ട് കത്തിക്കുകയാണ്. പൊതു സ്ഥലത്ത് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കത്തിക്കരുതെന്ന് പരിസ്ഥിതി വകുപ്പിന്റെ വിലക്കുള്ളപ്പോഴാണ് നഗരസഭാ തൊഴിലാളികളുടെ ഈ കടുംകൈ. നഗരത്തിലെ റോഡുകളിൽ നിന്നും നീക്കം ചെയ്യുന്ന മാലിന്യം ലോറികളിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ കൊണ്ട് തള്ളാൻ ശ്രമിച്ചപ്പോഴൊക്കെ നാട്ടുകാർ ചെറുക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തതോടെ ആളൊഴിഞ്ഞ സ്ഥലത്ത് മാലിന്യം നിക്ഷേപിക്കാനുള്ള നീക്കവും മതിയാക്കി.
മാലിന്യ സംസ്കരണ കേന്ദ്രം തുടങ്ങുവാൻ പല സ്ഥലങ്ങളും നഗരസഭ കണ്ടെത്തിയെങ്കിലും നാട്ടുകാരുടെ എതിർപ്പ് കാരണം പിൻവാങ്ങി. ഇനിയിപ്പോൾ നഗരസഭാ കോമ്പൗണ്ടിൽ തന്നെ സംസ്കരണ കേന്ദ്രം തുടങ്ങുവനാണ് പദ്ധതി. കാര്യമെന്തായാലും പ്ലാസ്ടിക് നിരോധിച്ചിട്ടും പ്ലാസ്ടിക് കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് നാട്ടുകാർ.
പ്ലാസ്റ്റിക് കലരാത്ത മാലിന്യമാണെങ്കിൽ എത്ര വില നൽകിയിട്ടാണെങ്കിൽ പോലും ഏറ്റെടുക്കാൻ കർഷകർ തയാറാണ്. പക്ഷേ, പ്ലാസ്റ്റിക് വേർതിരിച്ച് നൽകണം. അതിലേക്കായി നഗരസഭ പ്രത്യേക ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. അതിനായി നിയമിച്ച കണ്ടിൻജൻസി ജീവനക്കാർ ഇന്ന് ഓഫീസ് സ്റ്റാഫുകളായി മറ്റ് ജോലികൾ ചെയ്യുന്നതായാണ് നാട്ടുകാരുടെ പരാതി. ചവറിൽ നിന്നു പ്ലാസ്റ്റിക് വേർതിരിച്ച് റീ–സൈക്ലിംഗിലൂടെ ഉപോൽപന്നം ഉണ്ടാക്കാൻ വേണ്ടി നിയമിച്ചവരും അക്കൂട്ടത്തിലുണ്ട്. ആരുമതിനു തയാറാകാത്തതിനെ തുടർന്ന് തുടക്കമിട്ട സ്ഥാപനം തന്നെ അടച്ചു പൂട്ടേണ്ടി വന്നു. സ്ഥാപനം കാട് കയറി നശിച്ചു. മുടക്കിയ ലക്ഷങ്ങൾ പാഴായി. അവർക്കുള്ള വേതനവും നഗരസഭ ചുമക്കേണ്ട ഗതികേടാണ്.
സംസ്ഥാന പരിസ്ഥിതി വകുപ്പ് പ്ലാസ്റ്റിക്കിന് ബദൽ മാർഗം നിർദ്ദേശിച്ചിട്ടുണ്ട്
അതിങ്ങനെ: പ്ലാസ്റ്റിക് കാരി ബാഗുകൾക്കു പകരം തുണി, പേപ്പർ ബാഗുകൾ.കനം കുറഞ്ഞ സ്റ്റിറോഫോം ഉപയോഗിച്ചുള്ള കപ്പുകൾ,തെർമോകോൾ പ്ലേറ്റുകൾ എന്നിവയ്ക്കു ബദലായി ഗ്ലാസ്, സെറാമിക്, സ്റ്റീൽ കപ്പുകൾ, പാത്രങ്ങൾ, പേപ്പർനോൺ വൂവൺ ബാഗുകൾ, പ്ലാസ്റ്റിക് കൊടി, തോരണങ്ങൾക്കു പകരം തുണി, പേപ്പർ കൊടിതോരണങ്ങൾ.പഴങ്ങളും പച്ചക്കറികളും പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പായ്ക്കറ്റുകൾക്കു പകരം പേപ്പർ, തുണി ബാഗുകൾ.പ്ലാസ്റ്റിക് ആവരണത്തോടു കൂടിയ പേപ്പർ കപ്പുകൾ, പാത്രങ്ങൾ, ബൗളുകൾ, ബാഗുകൾ എന്നിവയ്ക്കു പകരം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫിക്കറ്റോടു കൂടിയ പി.എൽ.എ കോട്ടിങ്ങുള്ള പേപ്പർ കപ്പുകൾ
ആശുപത്രികളിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഗാർബിജ് ബാഗുകൾക്ക് പകരം കംപോസ്റ്റബിൾ ഗാർബിജ് ബാഗുകൾ ഉപയോഗിക്കാനാണ് തീരുമാനം. കംപോസ്റ്റബിൾ പ്ലാസ്റ്റിക്കുകളെ സംബന്ധിച്ചും കൃത്യമായ മാർഗനിർദേശമുണ്ട്. കംപോസ്റ്റബിൾ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി നേടിയിരിക്കണം.