modern

ഞാൻ ജനിച്ചുവളർന്ന ഗ്രാമത്തിൽ ഈയിടെ ഒന്നു പോകാനിടയായി. രണ്ടു വശങ്ങളിലും നീണ്ടുകിടക്കുന്ന മലകൾ. ഒരുവശത്തെ മലകൾ വൻപാറകളുടേതാണ്. മറ്റേവശത്തേതു മൺമലകളും. രണ്ടു മലനിരകൾക്കു നടുവിൽ നെൽപ്പാടങ്ങൾ. രണ്ടു വശത്തുമുള്ള മലഞ്ചെരിവിലായി ഓലമേഞ്ഞ കൊച്ചുവീടുകൾ. കൃഷിയിറക്കു കാലത്തും വിളവെടുപ്പു കാലത്തും അവിടെ ഉത്സവമാണ്. ഇതായിരുന്നു എനിക്ക് പരിചയമുള്ള ഗ്രാമം.

ഇപ്പോൾ വികസനത്തിന്റെ പുതിയ മാതൃകകൾ നടപ്പിലാകുന്നു. നെൽപ്പാടങ്ങളെല്ലാം ഇപ്പോൾ മനപ്പാടങ്ങളായി (മന = വീട്) രൂപം പകർന്നിരിക്കുന്നു. ഒരു വശത്തുള്ള മലനിരയിലെ വൻപാറകളിൽ ഏറ്റവും വലുത് വർഷങ്ങളായി പൊട്ടിച്ചു പൊട്ടിച്ചു നിഃശൂന്യമാക്കി. ശേഷിക്കുന്ന രണ്ടു വൻപാറകളെ രക്ഷിക്കാനായി നാട്ടുകാർ സർക്കാരുമായി പടപൊരുതുന്നു.

ഞാൻ ജനിച്ചുവളർന്ന വീടിനു മുമ്പിൽ, നിലംതല്ലികൊണ്ടു തല്ലിനിരപ്പാക്കി ചാണകം തളിച്ചിടുന്ന ഒരു മുറ്റമുണ്ടായിരുന്നു. അവിടെയാണ് കൊയ്‌തുകൊണ്ടുവരുന്ന നെല്ലിൻ കറ്റകൾ നിലത്തടിച്ചു പൊഴിക്കുന്നത്. പൊലിയുണക്കി നെല്ലാക്കി പത്തായത്തിലിടും. ആ നെല്ലു പുഴുങ്ങിക്കുത്തി അരിയാക്കിയാണ് ഉണ്ണുന്നത്. ഇതായിരുന്നു എനിക്കു പരിചയമുള്ള വീട്ടിലെ സ്ഥിതിയും ജീവിതവും.

ചാണകം മെഴുകിയ തറയും ഓലമേഞ്ഞ കൂരയുമുള്ള കൊച്ചുവീടിന്റെ സ്ഥാനത്ത് ആധുനികമായ 'ഹൈടെക് ബാത്ത് അറ്റാച്ഡ് റൂമു "കളുള്ള കോൺക്രീറ്റ് വീടായിരിക്കുന്നു. നെല്ലു പൊലിച്ചിരുന്ന തിരുമുറ്റത്തിന്റെ സ്ഥാനത്ത് ഇന്നുള്ളത് 'കാർ പോർച്ചാ"ണ്. അതിൽ പുതിയൊരു കാറും.

ഒരൊഴിക്ക് അഞ്ഞൂറോളം തേങ്ങ വെട്ടിയെടുക്കാനുണ്ടായിരുന്ന തെങ്ങുകളുണ്ടായിരുന്നു. ഇന്ന് ഒരു തെങ്ങു പോലുമില്ല. മരച്ചീനി കൃഷി ചെയ്തിരുന്ന പറമ്പിൽ ഇന്നുള്ളതു റബർ മരങ്ങൾ. ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള സകലതിനും കമ്പോളത്തെ ആശ്രയിച്ചുള്ള ദൈനംദിന ജീവിതം. ഉരൽ, ഉലക്ക, അരപ്പുകല്ല്, ഉപ്പുമരവി, ആട്ടുകല്ല്, വിറകടുപ്പ്, ഉറി, മൺകലങ്ങൾ തുടങ്ങിയവ അപ്രത്യക്ഷമായി. പകരം ഗ്യാസ് സ്റ്റൗവ്, ഗ്രൈൻഡർ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങിയ ആധുനിക ഗൃഹോപകരണങ്ങൾ സ്ഥാനം പിടിച്ചിരിക്കുന്നു. അന്ന് പ്രകൃതിയോടൊട്ടി മനുഷ്യൻ ജീവിച്ചിരുന്നു. ഇന്ന് ആ ജീവിതം ഒട്ടിച്ചേർത്തിരിക്കുന്നത് ആധുനികമായ ടെക്നോളജിയോടാണ്. അക്ഷരാർത്ഥത്തിൽ ഞാൻ കരഞ്ഞുപോയി. ഉള്ളിൽ തോന്നി.

''വികസനം പടിമുറ്റത്ത്,

ജീവിതം പടിക്കു പുറത്ത്."