കവിമന്ത്രി ജി.സുധാകരൻ സഖാവിന് പോലും ഐസക് സഖാവിനെ കണ്ടാൽ ഊരിലെ പഞ്ഞം കൃത്യമായി ബോദ്ധ്യപ്പെടും. പിണറായി സഖാവിന്റെ നടപ്പ് കണ്ടിട്ടാരും ഈ ഊരിൽ പഞ്ഞമുണ്ടെന്ന് പറയില്ല. പഞ്ഞമുണ്ടെങ്കിൽ പോലും അത് മുഖത്ത് കാണിക്കാത്ത പ്രകൃതമാണ്. ഇ.പി .ജയരാജനണ്ണൈ സഖാവിനെ കണ്ടാൽ ഉൗരിൽ പഞ്ഞമേ ഉണ്ടെന്ന് ആർക്കും തോന്നില്ല.
എന്നാൽ ഐസക് സഖാവിന്റെ സ്ഥിതിയതല്ല. ന.മോ.ജിയും അമിത് ഷാജിയും നിർമ്മലാജിയും ചേർന്ന് സഖാവിനെയിട്ട് വട്ടം കറക്കുകയാണെന്ന് വിലപിച്ചത് സഖാവ് തന്നെയാണ്. ഐസക് സഖാവിന്റെ വിലാപം കൊലവിളിയായി മാത്രം കേട്ട് ശീലിച്ചിട്ടുള്ളയാളാണെങ്കിലും ഉള്ളിൽ കവിഹൃദയമുള്ളത് കൊണ്ടുതന്നെ ഇപ്പോഴത്തെ വിലാപത്തിൽ സുധാകരമന്ത്രിക്കും കണ്ണുനീര് വരാതിരിക്കില്ലെന്നുറപ്പാണെന്ന് സാഹിത്യനിരൂപണം നടത്തിവരാറുള്ള ബേബിസഖാവ് പോലും പറയും. അത്രയ്ക്ക് കഷ്ടമാണ് സ്ഥിതി.
ഐസക് സഖാവിന്റെ ജൂബ്ബയ്ക്ക് തന്നെയുണ്ടൊരു ഗമ എന്ന് നാട്ടുകാർ പറഞ്ഞുനടന്ന കാലമുണ്ടായിരുന്നു. അതൊക്കെയൊരു കാലം! ആ കാലമെല്ലാം ഇനിയൊരു തിരിച്ചുവരവില്ലാത്ത വണ്ണം അപ്രത്യക്ഷമായിരിക്കുന്നു. ഇന്ന് ആ ജൂബ്ബാ കണ്ടാൽ പോലും ആരും സങ്കടപ്പെട്ട് പോകും. കാൽക്കാശിന് ഗതിയില്ലാത്ത ഓട്ട ജൂബ്ബാ. ആ ജൂബ്ബായ്ക്കകത്ത് നാല് പിണറായി സഖാവിനെയും അഞ്ച് ഈപിയണ്ണനെയും കേറ്റിയാലും സ്ഥലം ബാക്കിയാകുമത്രെ. അത്രയ്ക്ക് ശുഷ്കിച്ചുപോയി ദേഹം. ന.മോ.ജി-ഷാജി-നിർമ്മലാജി സംഘമാണെങ്കിൽ സഖാവിന് ദാഹിച്ച വെള്ളം കൊടുക്കാൻ കൂട്ടാക്കുന്നില്ല. പതിനായിരത്തിച്ചില്വാനം കോടി കടം ചോദിച്ചാൽ പണ്ട് മൻമോഹൻജി ഇരുപതിനായിരത്തിച്ചില്വാനം കൊടുക്കുമായിരുന്നു. എന്നാൽ അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത കൂട്ടർ പതിനായിരം കോടി ചോദിച്ചപ്പോൾ രണ്ടായിരം കോടി തികച്ച് കൊടുക്കുന്നില്ല.
ജീയെസ്ടി വരട്ടെ, കാണിച്ചുതരാം എന്ന് രണ്ട്-മൂന്ന് കൊല്ലം മുമ്പ് ഐസക് സഖാവ് ചെന്നിത്തലഗാന്ധിയെയും മറ്റും വെല്ലുവിളിക്കുകയുണ്ടായി. എന്നാലിപ്പോൾ ജീയെസ്ടി വന്നപ്പോൾ വരാതിരിക്കലായിരുന്നു ഇതിലും ഭേദം എന്നാണത്രെ സഖാവ് പറയുന്നത്. ജീയെസ്ടി കണക്കിൽ നിർമ്മലാജി കുറേ കോടികൾ കൊടുക്കാനുണ്ടെന്നാണ് ഐസക് സഖാവ് പറയുന്നത്. അതിലൊരു കോടി പോയിട്ട് കോടിമുണ്ട് പോലും കൊടുക്കുന്നില്ലെന്ന് ഐസക് സഖാവ് കണ്ണുനീർ വാർക്കുന്നു.
കാൾമാർക്സിന്റെ കണ്ണ് വെട്ടിച്ച് പിണറായിസഖാവിനെയും കൂട്ടി ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ പോയി മണിയടിച്ചുണ്ടാക്കിയ കാലണയും കിഫ്ബിയും കൊണ്ടെത്ര നാൾ അരി മേടിക്കുമെന്ന് ചോദിച്ചാൽ ഒരെത്തും പിടിയും കിട്ടുന്നില്ല. കൈയിലാകെയുള്ളത് ഈ കിഫ്ബിയാണ്. ചിലർ കാവ്യഭാവനകളിലൂടെ കിഫ്ബിയ്ക്കകത്തും 'കിംഫി'യെ കണ്ടെത്തുമ്പോൾ ചിരിക്കണോ കരയണോ എന്ന് പോലും ഐസക് സഖാവ് ചിന്തിക്കാറുണ്ട്. മരണത്തിനും ആത്മഹത്യക്കും നടുവിൽ പകച്ചുപോയ ജീവിതവുമായി ഐസക് സഖാവ് വിഴിഞ്ഞം ഐ.ബിയിലിരുന്ന് കൊണ്ട് നിയമസഭയിലേക്ക് ബഡ്ജറ്റുണ്ടാക്കാൻ പെടുന്ന പാട് ആർക്കും മനസിലാവില്ല. എന്തിനേറെപ്പറയുന്നു, പിണറായി സഖാവിന് പോലും ചിലപ്പോളത് മനസിലായെന്ന് വരില്ല. അതുകൊണ്ട് ന.മോ.ജിയും ഷാജിയും നിർമ്മലാജിയും അല്പം കരുണ കാണിക്കണമെന്നാണ് ദ്റോണർക്ക് അഭ്യർത്ഥിക്കാനുള്ളത്. ഇല്ലെങ്കിൽ പിണറായി സഖാവ് ഗീത ഗോപിനാഥിനെ വിളിച്ച് ഉപദേശം തേടും. അത് അതിലും കഷ്ടമാകും.
പുറപ്പുഴ ഔസേപ്പച്ചനെ ജോസ് മോൻ ഇരിക്കാനും നിൽക്കാനും നടക്കാനും സമ്മതിക്കുന്നില്ലെന്ന് വച്ചാൽ എന്ത് ചെയ്യാനാണ്! ഔസേപ്പച്ചൻ തൊടുപുഴയിൽ പശുവിനെ കറന്നും പാട്ട് പാടിയും നടന്നോ, കോട്ടയത്ത് വരേണ്ട എന്നാണ് ജോസ് മോന്റെ കല്പന. അമിത് ഷാജിയുടെ പൗരത്വഭേദഗതിയേക്കാളും മാരകമായിപ്പോയി ഇതെന്നാണ് കേരള കോൺഗ്രസ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തിൽ ജോസ് മോനും കൂട്ടരും ഇരിപ്പ് തുടങ്ങിയിട്ട് കാലമേറെയായി. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലും അതുതന്നെ കഥ. കസേരയിൽ നിന്ന് മൂത്രമൊഴിക്കാൻ എണീറ്റാൽ ഔസേപ്പച്ചന്റെ കില്ലാഡികൾ വന്ന് കസേരയും കൊണ്ട് കടന്നുകളയുമെന്ന് ബോദ്ധ്യമുള്ളത് കൊണ്ട് മാത്രം ഒന്നും രണ്ടുമെല്ലാം കസേരയിലിരുന്ന് തന്നെ കഴിച്ചോളാൻ ജില്ലാ പഞ്ചായത്ത്-മുനിസിപ്പൽ പ്രസിഡന്റുമാരോട് ജോസ് മോൻ കല്പിച്ചിട്ടുണ്ട്. ഔസേപ്പച്ചന് അത് വല്ലതുമറിയുമോ?
അതുകൊണ്ടാണ് പൗരത്വപ്രശ്നം ചർച്ച ചെയ്യാനായി കോട്ടയത്ത് യു.ഡി.എഫ് യോഗം ചേർന്നപ്പോൾ ഔസേപ്പച്ചന്റെ അനുയായികൾ മഞ്ഞക്കടമ്പൻസജിയുടെ നേതൃത്വത്തിൽ ഇറങ്ങിപ്പോയത്. സ്വന്തം പൗരത്വം സംരക്ഷിക്കാൻ ജോസ് മോൻ ഔസേപ്പച്ചനെ അനുവദിക്കാത്ത കാലത്ത് ആഗോളപൗരത്വം ചർച്ച ചെയ്തിട്ടെന്ത് കാര്യം! ഇക്കണക്കിന് പോയാൽ കുട്ടനാട് കടക്കാൻ ചെന്നിത്തല-മുല്ലപ്പള്ളി ഗാന്ധിമാർ പൂഴിക്കടകനും നാടൻ തല്ലും തന്നെ പയറ്റേണ്ടി വരുന്ന സാഹചര്യമാണ്. കാലാവസ്ഥയുടെ പോക്കനുസരിച്ച് കുട്ടനാടും ഔസേപ്പച്ചന് ജോസ് മോൻ വിട്ടുകൊടുക്കുന്ന ലക്ഷണം കാണുന്നില്ല. സംഭവിച്ചതെല്ലാം നല്ലതിന്, ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന് എന്ന് ഔസേപ്പച്ചൻ വിചാരിച്ചാൽ തീരുന്ന പ്രശ്നങ്ങളേയുള്ളൂ!
ഇ-മെയിൽ: dronar.keralakaumudi@gmail.com