കല്ലമ്പലം: പള്ളിക്കൽ ഹയർസെക്കൻഡറി സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ അപകടകരമാം വിധം വൈദ്യുത ലൈൻ കടന്നു പോകുന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ കേസെടുത്തു. 'സ്കൂളിനു മുകളിൽ 11 കെ വി ലൈൻ; ആശങ്കയിൽ വിദ്യാർഥികൾ' എന്ന തലക്കെട്ടിൽ ഈ മാസം 9 ന്കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ്‌ നടപടി. 900 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഹയർ സെക്കൻഡറി ഓഫീസിന് സമീപത്തായും പ്രധാന കെട്ടിടത്തിനും മൈതാനത്തിനും മുകളിലൂടെയുമാണ് ലൈൻ കടന്നു പോകുന്നത്. വൈദ്യുതി ബോർഡ് എക്സിക്യുട്ടീവ്‌ എൻജിനീയർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, തദ്ദേശ ഭരണ ഡെപ്യൂട്ടി ഡയറക്ടർ, സ്കൂൾ പ്രിൻസിപ്പൽ, പി.ടി.എ പ്രസിഡന്റ് എന്നിവർ രണ്ടാഴ്ചയ്‌ക്കകം റിപ്പോർട്ട് നൽകണം.