red-237

നേരത്തെ പരുന്ത് റഷീദ് പറഞ്ഞിരുന്നതുപോലെ തട്ടിൻപുറത്തുകൂടി രക്ഷപ്പെടാം എന്നൊരു വിചാരമൊന്നും ഉണ്ടായിരുന്നില്ല ശേഖരകിടാവിന്.

എങ്കിലും ഒന്നു ശ്രദ്ധിച്ചുനോക്കുക!

പേടികൊണ്ട് ഇവിടെക്കിടന്ന് ഇഞ്ചിഞ്ചായി മരിക്കുന്നതിനേക്കാൾ നല്ലതല്ലേ അത്?

അത്രയേ ചിന്തിച്ചുള്ളു ശേഖരൻ.

അയാൾ തടിഗോവണിയുടെ ചുവട്ടിലെത്തി മുകളിലേക്കു നോക്കി.

പിന്നെ ഇരുവശത്തും പിടിച്ചുകൊണ്ട് ഇളകിയ പടിക്കെട്ടുകളിൽ ശ്രദ്ധിച്ചു കാൽ വച്ച് മുകളിലേക്കു കയറി.

മുകളറ്റത്തെത്തി അയാൾ തട്ടിൻപുറത്തേക്കു തലനീട്ടി.

കനത്ത ഇരുട്ട്. അതിനപ്പുറം ഓടുകൾ ഇളക്കിയ ഭാഗത്ത് നരച്ച ആകാശം.

അറിയാതെ ഒരാവേശം ശേഖരന്റെ സിരകളെ പൊതിഞ്ഞു.

തട്ടിൻപുറത്തേക്കു കയറാൻ അയാൾ വലതുകാൽ ഉയർത്തിവച്ചു.

അടുത്ത നിമിഷം.

ഇരുളിൽ ഒരു അനക്കം പോലെ.

''ആരാ..."

ചോദ്യം പൂർത്തിയാക്കും മുൻപ് ശിരസിൽ ശക്തമായ ചവിട്ടേറ്റു.

''ആ.."

ഒരലർച്ചയോടെ ശേഖരൻ താഴേക്കു പോന്നു.

ആദ്യം ഒരു മരപ്പടിയിൽ നടുവ് ഇടിച്ചു. അതും കൂടി അടർന്ന് ശേഖരൻ തറയിൽ മലർന്നുവീണു...

അവിടെ നിന്ന് അയാൾക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ല.

കോവിലകത്തിനുള്ളിൽ കത്തിനിന്നിരുന്ന ലൈറ്റിന്റെ വെളിച്ചം അവിടേക്കുണ്ടായിരുന്നു.

തന്റെ മേൽ ഒരു നീളൻ നിഴൽ പതിഞ്ഞപ്പോൾ ശേഖരൻ പണിപ്പെട്ടു തിരിഞ്ഞു.

''ങ്‌ഹേ?"

അയാളുടെ കണ്ഠത്തിൽ നിന്ന് അറിയാതെ ഒരു ശബ്ദമുയർന്നു.

അയാളെത്തന്നെ തുറിച്ചുനോക്കിക്കൊണ്ട് നിൽക്കുന്ന ഒരാൾ!

പ്രതിമ കണക്കെ...

*****

നിലമ്പൂർ പോലീസ് സ്റ്റേഷൻ.

പുലർച്ചെ നാലുമണി.

മുറ്റത്ത് പോലീസിന്റെ ഒരു ഇന്നോവ കാർ ബ്രേക്കിട്ടു.

സെൻട്രി പെട്ടെന്ന് അറ്റൻഷനാകുന്ന ശബ്ദം കേട്ട് ബലഭദ്രൻ തമ്പുരാൻ ഞെട്ടിയുണർന്നു.

ഇന്നോവയുടെ പിൻസീറ്റിൽ നിന്ന് ഒരു കാക്കിധാരി ഇറങ്ങി.

തമ്പുരാൻ കണ്ണുകൾ തിരുമ്മി നോക്കി.

മലപ്പുറം എസ്.പി ഷാജഹാൻ.

ബലഭദ്രൻ തമ്പുരാൻ പെട്ടെന്ന് എഴുന്നേറ്റു.

കനത്ത ചുവടുകളോടെ ഷാജഹാൻ കയറിവന്നു. അയാൾ തമ്പുരാനെ നോക്കി ചിരിച്ചു. തമ്പുരാനും.

''സാറ് വീണ്ടും മലപ്പുറത്ത് ചാർജ്ജെടുത്തു എന്നറിഞ്ഞിരുന്നു."

''ങ്‌ഹാ..."

ഷാജഹാൻ, തമ്പുരാന്റെ കരം കവർന്നു.

''തമ്പുരാൻ ഇരിക്ക്. ഞാൻ അലിയാരുമായി ഒന്നു സംസാരിക്കട്ടെ."

ഷാജഹാൻ, സി.ഐ അലിയാരുടെ ക്യാബിനിലേക്കു ചെന്നു.

ആ സമയത്ത് എസ്.പിയെ കണ്ട് അലിയാർ ചാടിയെഴുന്നേറ്റ് സല്യൂട്ടു ചെയ്തു.

''സാർ രാവിലെ വരും എന്നു പറഞ്ഞിട്ട്..."

ഷാജഹാൻ പുഞ്ചിരിച്ചു.

''അർദ്ധരാത്രിക്ക് താൻ വിളിച്ചുണർത്തിയ ശേഷം ഉറങ്ങാൻ കഴിഞ്ഞില്ലെടോ. എങ്കിൽ പിന്നെ ഇങ്ങ് പോന്നേക്കാമെന്നു കരുതി."

ഷാജഹാൻ ചെയറിൽ അമർന്നു.

''താനിരിക്ക്."

തന്റെ സീറ്റിൽ അലിയാരും ഇരുന്നു.

ഷാജഹാൻ അയാളുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി.

''തന്റെ കണക്കുകൂട്ടൽ പോലെ നേരം പുലരുമ്പോൾ ഈ കേസിന് അന്ത്യമാകുമോ?"

''അങ്ങനെതന്നെയാണ് എന്റെ പ്രതീക്ഷ."

ഷാജഹാൻ തലയാട്ടി.

''എങ്കിലിനി തമ്പുരാനുമായി കാര്യങ്ങൾ സംസാരിക്കാമല്ലോ."

''ഷുവർ സാർ."

കസേരയിൽ പിന്നോട്ടുചാരി വീണ്ടും ഒന്നു കണ്ണടയ്ക്കുകയായിരുന്നു ബലഭദ്രൻ തമ്പുരാൻ.

എസ്.ഐ സുകേശ് അടുത്തുചെന്നു.

''തമ്പുരാൻ..."

''ങ്‌ഹേ?" അയാൾ മുഖമുയർത്തി.

''എസ്.പി സാറും സി.ഐ സാറും വിളിക്കുന്നു..."

''ഓ." ബലഭദ്രൻ എഴുന്നേറ്റു.

സുകേശ് അയാളെ കോൺഫറൻസ് ഹാളിലേക്കു കൊണ്ടുപോയി.

അവിടെ എസ്.പി ഷാജഹാനും സി.ഐ അലിയാരും മേശയ്ക്ക് അപ്പുറം ഇരിപ്പുണ്ട്.

''തമ്പുരാൻ ഇരിക്ക്."

തങ്ങൾക്ക് എതിരെ കിടന്ന കസേരയിലേക്ക് ഷാജഹാൻ കൈചൂണ്ടി.

''താങ്ക്‌യൂ."

മീശയിൽ ഒന്നു തടവിക്കൊണ്ട് ബലഭദ്രൻ ഇരുന്നു.

കോൺഫറൻസ് ഹാളിന്റെ വാതിൽ അടച്ചിട്ട് എസ്. ഐ സുകേശ് അവിടത്തന്നെ നിന്നു.

അല്പനേരത്തേക്ക് ഹാളിൽ നിശ്ശബ്ദത തിങ്ങി. അതിനെ മുറിച്ചത് ഷാജഹാന്റെ ശബ്ദമാണ്.

''കാര്യങ്ങളൊക്കെ അലിയാർ എന്നോടു പറഞ്ഞു തമ്പുരാൻ. പണ്ടെന്നോ കഥകളിൽ വായിച്ചിട്ടുണ്ട്. പാപം ചെയ്തവരെ നരകത്തിൽ തിളച്ച വെള്ളത്തിലിടുമെന്ന്. യഥാർത്ഥത്തിൽ നിങ്ങൾ അങ്ങനെതന്നെ ചെയ്തു. അല്ലേ? പ്രജീഷിനെ പുഴുങ്ങി കൊന്നു!"

ബലഭദ്രന്റെ മുഖത്ത് ഭാവമാറ്റം ഒന്നും ഉണ്ടായില്ല. അയാളുടെ നെരിഞ്ഞ പല്ലുകൾക്കിടയിൽ വാക്കുകൾ ചതഞ്ഞു.

''എന്റെ മകളെ കത്തിച്ചുകൊന്ന ഒരുവനോട് ഞാൻ അത്രയെങ്കിലും ചെയ്യണ്ടേ? അങ്ങനെ ചെയ്തില്ലെങ്കിൽ അവളുടെ ആത്മാവിന് ശാന്തികിട്ടുമോ?"

ഷാജഹാൻ തലകുടഞ്ഞു.

''മരണശേഷം ആത്മാവിന് എന്തു ശാന്തി, അശാന്തിയെന്നൊന്നും എനിക്കറിയില്ല. അക്കാര്യത്തിൽ എനിക്ക് വിശ്വാസവുമില്ല. പിന്നെ അങ്ങനെ ചിന്തിക്കുന്നവരുടെ വിശ്വാസത്തെ ഞാൻ എതിർക്കാറുമില്ല."

തമ്പുരാൻ കേട്ടിരുന്നു.

''പക്ഷേ വിഷയം വേറെയാണ്. ഇത്രയും ക്രൂരമായ ഒരു കൊല ചെയ്യാൻ മുന്നിൽ നിന്ന തമ്പുരാന് കോടതി നൽകുന്ന ശിക്ഷ എന്താണെന്നറിയാമോ?"

ആ ചോദ്യം കേട്ട് തമ്പുരാൻ ഒന്നു ചിരിച്ചു. പോലീസ് ഉദ്യോഗസ്ഥന്മാരുടെ നെറ്റിയും ചുളിഞ്ഞു.

(തുടരും)